പഞ്ചാബി ഹൗസിന്റെ നിർമാണത്തിൽ അപാകത; 17.83 ലക്ഷം രൂപ ഹരിശ്രീ അശോകന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് കോടതി

പഞ്ചാബി ഹൗസിന്റെ നിർമാണത്തിൽ അപാകത; 17.83 ലക്ഷം രൂപ ഹരിശ്രീ അശോകന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് കോടതി
Published on

ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബി ഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വന്ന പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് കോടതി. എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയുടേതാണ് വിധി. 'പഞ്ചാബി ഹൗസ്' എന്ന പേരിൽ നിർമ്മിച്ച വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് ഹരിശ്രീ അശോകൻ കോടതിയെ സമീപിച്ചത്.

എറണാകുളത്ത് പ്രവർത്തിക്കുന്ന ടൈൽസ് സെന്ററിൽ നിന്ന് 2.75 ലക്ഷം രൂപയുടെ ഫ്ലോർ ടൈൽസ് വീടിന്റെ ആവശ്യത്തിനായി എതിർകക്ഷികളായ എറണാകുളത്തെ പി.കെ . ടൈൽസ് സെൻ്റർ , കേരള എ.ജി. എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്നും അശോകൻ വാങ്ങിയിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ.എ. പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്. എന്നാൽ വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്. ടൈൽസ് വിറ്റ സ്ഥാപനം, ഇറക്കുമതി ചെയ്ത കമ്പനി, ഹരിശ്രീ അശോകന്റെ വീട്ടിൽ ടൈൽസ് പതിപ്പിച്ച കരാർ സ്ഥാപനം എന്നിവരാണ് നഷ്ട പരിഹാരം നൽകേണ്ടത്. ഇതിൽ ടൈൽസ് പതിപ്പിച്ച കരാർ സ്ഥാപനം മാത്രം 16,586,41 രൂപ നൽകേണ്ടിവരും. മോശമായി ടൈൽസ് പതിപ്പിച്ചെന്നും കൃത്യമായ സർവീസ് നൽകിയില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. രാജ്യാന്തര നിലവാരമുള്ള ടൈലുകള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടയുടമകൾ അശോകനെ കൊണ്ട് ഇത് വാങ്ങിപ്പിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. എതിർകക്ഷികൾ ചേർന്ന് ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഉല്‍പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിൻ്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നതും അടക്കമുള്ള നിലപാടുകളാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിൻ്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമ മം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.

ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപെട്ടു. കെട്ടുപിണഞ്ഞതും സങ്കീർണവുമായ പാതകളിലൂടെ ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാർമ്മികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനത യുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയിൽ നിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in