
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടറിന്റെ മരണവാർത്ത പങ്കുവെച്ച് സംവിധായകൻ ലോകേഷ് കനകരാജ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ലോകേഷ് വിവരം പുറത്തുവിട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 48 വയസ്സായിരുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന 'മാസ്റ്റർ', ശിവകാർത്തികേയൻറെ 'ഡോക്ടർ' എന്നിവയാണ് അരുൺ അലക്സാണ്ടർ ഒടുവിലായി അഭിനയിച്ച ചിത്രങ്ങൾ.
'കൊലമാവ് കോകില', 'കൈതി', 'ബിഗിൽ' തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 'ഇത്രപെട്ടെന്ന് ഞങ്ങളെ വിട്ടുപിരിയുമെന്ന് കരുതിയില്ല, കരച്ചിൽ നിർത്താനാവുന്നില്ല. പകരം വയ്ക്കാനില്ലാത്ത വ്യക്തി ആയിരുന്നു താങ്കൾ. എന്നും ഹൃദയത്തിൽ ഉണ്ടാകും', ലോകേഷിന്റെ ട്വിറ്റിൽ പറയുന്നു.
'അവഞ്ചേർസ്', 'അക്വാമാൻ' തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് അരുൺ ശബ്‍ദം നൽകിയിരുന്നു. തമിഴ് സിനിമാതാരങ്ങളും അണിയറപ്രവർത്തകരുമടക്കം നിരവധിപേർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.