'രണ്ട് ദിവസം സമയം കൊടുത്തുകൂടെ, ചിലപ്പോള്‍ സിനിമ രക്ഷപെട്ടാലോ?'; ഫസ്റ്റ് ഡേ തിയ്യേറ്റര്‍ റിവ്യൂകള്‍ക്കെതിരെ ബാബുരാജ്

'രണ്ട് ദിവസം സമയം കൊടുത്തുകൂടെ, ചിലപ്പോള്‍ സിനിമ രക്ഷപെട്ടാലോ?'; ഫസ്റ്റ് ഡേ തിയ്യേറ്റര്‍ റിവ്യൂകള്‍ക്കെതിരെ ബാബുരാജ്

സിനിമകളുടെ ആദ്യ പകുതിയ്ക്ക് പിന്നാലെ റിവ്യൂ പ്രചരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് നടന്‍ ബാബുരാജ്. അഭിപ്രായം പറയാന്‍ നൂറുശതമാനവും പ്രേക്ഷകന് അവകാശമുണ്ട്. എന്നാല്‍ സ്ഥിരമായി ചില പ്രത്യേക വ്യക്തികള്‍ സ്വന്തം താത്പര്യത്തിനനുസരിച്ച് സിനിമകളെ താറടിച്ചുകാണിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് ബാബുരാജ് പറഞ്ഞു. മറ്റുള്ള ഭാഷകള്‍ സ്വന്തം സിനിമകളെ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മലയാളത്തിലെ ഇത്തരം പ്രവണതകള്‍ ഇന്‍ഡസ്ട്രിയെ പിന്നോട്ട് അടിക്കുന്നതാണെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി. തന്റെ പുതിയ ചിത്രമായ തേരിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം.

ബാബുരാജിന്റെ പ്രതികരണം:

ആദ്യ പകുതി കഴിയുമ്പോള്‍ തന്നെ പുറത്തുവരുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ വളരെ മോശമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആ സമയത്തെ ഒരു തോന്നലില്‍ ആയിരിക്കും സിനിമ മോശമാണ് എന്നൊക്കെ പറയുന്നത്. അത് കേള്‍ക്കുന്ന പ്രേക്ഷകന്‍ സിനിമ മോശമാണെന്ന് വിശ്വസിക്കും. എന്നാല്‍ രണ്ടു ദിവസമെങ്കിലും ഒരു സിനിമയ്ക്ക് സമയം കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഓരോരുത്തരുടേയും താത്പര്യം വ്യത്യസ്തമായിരിക്കും. രണ്ടോ മൂന്നോ ദിവസം കൊടുത്താല്‍ ചിലപ്പോള്‍ ആ സിനിമ രക്ഷപ്പെട്ടേക്കാം.

കുറച്ചുകാലം മുന്‍പുവരെ കന്നട സിനിമ മലയാളത്തേക്കാള്‍ ഒരു പടി താഴെയാണ് എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലാണ് അവരുള്ളത്. അവര്‍ ഒരിക്കലും അവരുടെ സിനിമകളെക്കുറിച്ച് മോശം പറയാറില്ല. എന്നാല്‍ ഇവിടെ നമ്മള്‍ തന്നെ നമ്മുടെ ചിത്രങ്ങളെ താറടിച്ചുകാണിക്കുകയാണ്. അതുകൊണ്ടുതന്നെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവര്‍ക്ക് മലയാളത്തിലേക്ക് വരാന്‍ ഭയമാണ്.

ടിക്കറ്റെടുത്ത് സിനിമ കാണുന്ന ഒരാളെന്ന നിലയ്ക്ക് അഭിപ്രായം പറയാന്‍ നൂറുശതമാനവും പ്രേക്ഷകന് അവകാശമുണ്ട്. എന്നാല്‍ സ്ഥിരമായി ചില പ്രത്യേക വ്യക്തികള്‍ സിനിമകളെ താറടിച്ചുകാണിക്കുന്നതിനോട് യോജിക്കാനാകില്ല. ചില വിദ്വാന്മാര്‍ ഈയൊരു ലക്ഷ്യവുമായി തിയറ്ററിന് മുന്നില്‍ കിടന്ന് കറങ്ങും. ക്യാമറയ്ക്ക് മുന്നിലേക്ക് എത്താനുള്ള അവസരം കാത്താണ് ആ നടപ്പ്. അവര്‍ വന്ന് സിനിമ മോശമാണെന്ന് പറഞ്ഞുപോകും. അതെല്ലാം പെയ്ഡ് റിവ്യൂസാണ് മനസിലാക്കി വരുമ്പോഴേക്കും ഈ സിനിമകള്‍ തിയറ്ററില്‍ നിന്ന് പോയിട്ടുണ്ടാകും.

അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്' എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഈയടുത്ത് അങ്ങനെയൊരു മോശം അഭിപ്രായം കേട്ടത്. ആദ്യ ദിവസം ഫസ്റ്റ് ഷോ മുതല്‍ പ്രചാരണം ആരംഭിച്ചു. അത്തരം വൈരാഗ്യങ്ങളൊന്നും സിനിമയില്‍ കാണിക്കാന്‍ പാടില്ല.

ഒരു സിനിമ തിയറ്ററില്‍ പരാജയപ്പെട്ടാലും സാറ്റലൈറ്റ്, ഒടിടി എന്നിങ്ങനെ മറ്റ് ബിസിനസുകളുണ്ട് അവയെക്കൂടി ഇത്തരം റിവ്യൂകള്‍ ബാധിക്കും. വലിയ ചിത്രങ്ങളൊക്കെ വിറ്റുപോയെന്നിരിക്കാം. 'ഗോള്‍ഡ്' ഇവിടെ പരാജയപ്പെട്ടെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് പണം തിരികെകിട്ടിയെന്നാണ് പറയപ്പെടുന്നത്. പക്ഷേ എല്ലാ സിനിമയുടെ അങ്ങനെയാകണമെന്നില്ല. ചെറിയ സിനിമകളെയും നമ്മുടെ ഭാഗമായികണ്ട് പരിഗണിക്കാന്‍ തയ്യാറാകണമെന്നും ബാബുരാജ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in