പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഡിസംബർ 4 രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രി ചികിത്സയിലാണ്. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത ചിക്കാട്ട്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് അല്ലു അർജുനെ കസ്റ്റഡിയിലെടുത്തത്. സന്ധ്യ തിയേറ്റർ മാനേജ്‌മെൻ്റിനും നടന്റെ സുരക്ഷാ സംഘത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറയുന്നത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷമായിരുന്നു. അതേ സമയം എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച അല്ലു അർജുൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ഹർജി വരും ദിവസങ്ങളിൽ കോടതി പരിഗണിക്കും.
അതേസമയം മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം മുമ്പ് അല്ലു അർജുൻ വാഗ്ദാനം ചെയ്തിരുന്നു. സന്ധ്യ തിയറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്നും ഈ ദുഷ്‌കരമായ സമയത്ത് ആ കുടുംബത്തിന് വേണ്ട എല്ലാ വിധത്തിലുമുള്ള പിന്തുണ നൽകുമെന്നും പരുക്കേറ്റ കുട്ടിയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്നും എക്സ് വഴി പങ്കുവച്ച വീഡിയോയിൽ അല്ലു അർജുൻ അറിയിച്ചിരുന്നു.
അല്ലു അർജുൻ പറഞ്ഞത്:
സന്ധ്യ തിയറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ എന്റെ ഹൃദയം തകർന്നിരിക്കുയാണ്. സങ്കൽപ്പിക്കാനാവാത്ത ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തിന് വേദനയോടെ ഞാൻ എന്റെ അനുശോചനം അറിയിക്കുകയാണ്. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും. അവരുടെ ദുഃഖ സമയത്ത് അവരുടെ സ്പേയ്സിനെ മാനിച്ചു കൊണ്ടു തന്നെ വെല്ലുവിളി നിറഞ്ഞ അവരുടെ ഇനിയുള്ള യാത്രയിൽ അവരെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ആ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായമായി നൽകും. ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാനും തയ്യാറാണ്. ഈ സമയത്ത് അവരെ പിന്തുണയ്ക്കാൻ സാധിക്കുന്ന എല്ലാ തരത്തിലുമുള്ള പിന്തുണ ഞാൻ അവർക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മൾ എല്ലാവരും സിനിമ കാണാൻ എത്തുന്നത് ആഘോഷിക്കാനും ആസ്വദിക്കാനും വേണ്ടിയിട്ടാണ്. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നത് വേദനാജനകമാണ്. നിങ്ങൾ എല്ലാവരും തിയറ്ററിലേക്ക് പോകുമ്പോൾ കുറച്ചു കൂടി കരുതലോടെ പോകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സിനിമ കണ്ട് ആസ്വദിക്കുക ഒപ്പം സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തുക.