'എന്തിനാണ് രണ്ട് ലെസ്ബിയൻ പ്രതിമകൾ വാങ്ങിച്ചു വെക്കുന്നത്'; സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് അലൻസിയർ

'എന്തിനാണ് രണ്ട് ലെസ്ബിയൻ പ്രതിമകൾ വാങ്ങിച്ചു വെക്കുന്നത്'; സ്ത്രീവിരുദ്ധ പരാമർശത്തിൽ  മാപ്പ് പറയില്ലെന്ന് അലൻസിയർ

സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്കാരം സ്വീകരിച്ചു കൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഒരു തെറ്റുമില്ലെന്ന് നടൻ അലൻസിയർ ലോപ്പസ്. സ്ത്രീ ശരീരം ഇവിടെ വിറ്റു കൊണ്ടിരിക്കുന്നു. നിങ്ങൾ എന്തുകൊണ്ട് അതിനെ സ്ത്രീ വിരുദ്ധത എന്ന് പറയുന്നില്ലെന്നും ആൺ കരുത്തുള്ളൊരു പ്രതിമയെ തരണം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്നും ചർച്ചയിൽ അലൻസിയർ ചോദിച്ചു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് നല്ല ഉത്തമ ബോധ്യമുണ്ടെന്നും മാപ്പ് പറയില്ല എന്നും അലൻസിയർ പ്രതികരിച്ചു. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്ന് പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു.

'നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്‌പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും'. എന്നാണ് സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്കാരം സ്വീകരിച്ചുകൊണ്ട് അലൻസിയർ നടത്തിയ പ്രസ്താവന.

തുടർന്ന് വിവിധ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അലൻസിയർ പറഞ്ഞു, താൻ സ്ത്രീ വിരോധിയല്ല, തന്റെ ശരീരത്തെ ബഹുമാനിക്കുന്ന ശിൽപം കിട്ടുന്നത് പുരുഷന് കിട്ടുന്ന ആദരവാണ്, എന്തിനാണ് രണ്ട് ലെസ്ബിയൻ പ്രതിമകൾ വാങ്ങിച്ചുവെക്കുന്നത്, അതാണും പെണ്ണുമായിരുന്നെങങ്കിൽ കുട്ടികളുണ്ടാക്കാമായിരുന്നു. എന്നിങ്ങനെ തുടരുന്നു അലൻസിയറിന്റെ പ്രസ്താവനകൾ

വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസ്താവനയിൽ സാമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലൻസിയറിന് സംസ്ഥാന സർക്കാരിന്റെ ഈ വര്ഷത്തെ സ്പെഷ്യൽ ജുറി അവാർഡി ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in