'കേരളത്തിലെ ചലച്ചിത്ര നിർമാതാക്കൾക്കൊപ്പം ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു'; പിവിആറുമായുള്ള തർക്കത്തിൽ തെലുങ്ക് നിർമാതാക്കളുടെ സംഘടന

'കേരളത്തിലെ ചലച്ചിത്ര നിർമാതാക്കൾക്കൊപ്പം ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു'; പിവിആറുമായുള്ള തർക്കത്തിൽ തെലുങ്ക് നിർമാതാക്കളുടെ സംഘടന

ഈദ് വിഷു റിലീസായി തിയറ്ററുകളിലെത്തിയ മലയാള ചിത്രങ്ങൾക്ക് മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഏർപ്പെടുത്തിയ വിലക്കും തുടർന്നുണ്ടായ ചർച്ചകളിലൂടെ വിലക്ക് പിൻവലിച്ചതും വാർത്തയായിരുന്നു. കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ മലയാള സിനിമ മികച്ച രീതിയിൽ നേട്ടം കെെവരിക്കുന്ന സമയത്ത് പി.വി.ആർ. ഏർപ്പെടുത്തിയ പ്രദർശനവിലക്ക് മലയാള സിനിമയ്ക്ക് നൽകിയത് കനത്ത പ്രഹരമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ മലയാള സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ആക്ടീവ് തെലു​ഗു ഫിലിം പ്രൊഡ്യൂസേഴ്സ് ​ഗിൽഡ്.

ഒരു മൾട്ടിപ്ലക്‌സ് ശൃംഖല ഇന്ത്യയിലുടനീളം മലയാള സിനിമകൾ ഏകപക്ഷീയമായി നീക്കം ചെയ്തതിനെ ഞങ്ങൾ അപലപിക്കുന്നു എന്ന് തെലുങ്ക് സിനിമ നിർമാതാക്കളുടെ സംഘടന അറിയിച്ചു. ന്യായമായ ബിസിനസ്സ് സമ്പ്രദായങ്ങൾ പിന്തുടരുന്നതിൽ കേരളത്തിലെ ചലച്ചിത്ര നിർമാതാക്കൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു എന്നും നമ്മൾ ഒറ്റക്കെട്ടായി നിൽക്കും എന്നും എക്സിലൂടെ പങ്കുവച്ച പോസ്റ്റിൽ തെലുങ്ക് നിർമാതാക്കളുടെ സംഘടന പറ‍ഞ്ഞു. ഈ പോസ്റ്റ് തെലുങ്കിലെ പ്രമുഖ ചലച്ചിത്ര നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുഷ്പ, പുഷ്പ 2 അടക്കമുള്ള ചിത്രങ്ങളുടെ നിർമാതാക്കളാണ് മെെത്രി മുവി മേക്കേഴ്സ്. മൈത്രി മൂവി മേക്കേഴ്സ് തെലുങ്കിൽ മൊഴിമാറ്റിയെത്തിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പ്രദർശനവും പിവിആർ തർക്കം മൂലം മുടങ്ങിയിരുന്നു. മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ ഡബ്ബ് പതിപ്പ് തെലങ്കാനയിൽ വിതരണം ചെയ്യുന്ന മൈത്രിയുടെ ശശിധർ റെഡ്ഡി ഈ വിഷയത്തിൽ കഴിഞ്ഞ ആഴ്ച തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് പരാതി നൽകിയിരുന്നു. കേരളത്തിലെ നിർമ്മാതാക്കളുമായി പ്രശ്‌നമുണ്ടെങ്കിൽ പിവിആർ ഐനോക്‌സിന് എങ്ങനെ മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് റിലീസ് തടയാനാകും എന്നും നല്ല കളക്ഷൻ ലഭിക്കുമ്പോൾ ഇത്തരം ഷോകൾ നിർത്തുന്നത് അന്യായമാണ് എന്നും അദ്ദേഹം പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഉടൻ അടിയന്തര യോഗം ചേരും എന്നാണ് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തി വയ്ക്കുന്നതിലേക്കുള്ള തർക്കത്തിലേക്ക് നയിച്ചത്. കോണ്ടന്റ് പ്രൊവെെഡിം​ഗ് കമ്പനികൾ കാലങ്ങളായി ഈടാക്കി വരുന്ന ഭീമമായ വിപിഎഫ് (വെർച്ച്വൽ പ്രിന്റ് ഫീ) നിരക്ക് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ പി.വി.ആർ തയ്യാറാവാതിരുന്നതാണ് തർക്കത്തിന് കാരണം.

Related Stories

No stories found.
logo
The Cue
www.thecue.in