
സുമതി വളവ് എന്ന സിനിമ സംഭവിക്കാൻ കാരണം പാലോടുള്ള യഥാർഥ സുമതി വളവ് തന്നെയാണെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. എന്നാൽ, അവിടെ നടന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥകൾ ഒന്നും തന്നെ എടുത്തിട്ടില്ല. ഒരു സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥയെ പ്ലേസ് ചെയ്യുന്നതെന്നും അഭിലാഷ് പിള്ള ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അഭിലാഷ് പിള്ളയുടെ വാക്കുകൾ
സുമതി വളവ് എന്ന സിനിമ സംഭവിക്കാൻ കാരണം യഥാർത്ഥ സുമതി വളവ് തന്നെയാണ്. അവിടെ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ മുഴുവൻ ഉണ്ടാക്കിയിരിക്കുന്നത്. യഥാർത്ഥ സുമതി വളവിൽ സംഭവിച്ച ആ ക്രൈമിന്റെ ബാക്ക് സ്റ്റോറി നമ്മൾ എടുത്തില്ല എന്നേയുള്ളൂ. അതായത് ഒരു സാധാരണ ഗ്രാമം. അതിനോട് ചേർന്ന് കിടക്കുന്ന ഒരു വഴി. അതിന്റെ പേരാണ് സുമതി വളവ്. പാലോടുള്ള സുമതി വളവും അവിടെ സംഭവിച്ച ക്രൈമും ഇൻസ്പയർ ചെയ്തുകൊണ്ടാണ് സിനിമ ഉണ്ടായതെങ്കിലും ഇതൊരു ഫിക്ഷണൽ സ്റ്റോറി തന്നെയാണ്.
സിനിമയുടെ അനൗൺസ്മെന്റ് നടത്തുമ്പോൾ പുറത്തുവിട്ട ഒരു ടീസറിൽ, സുമതിയുടെ മരണത്തെക്കുറിച്ച് പറയുന്നുണ്ട്. അത് ബ്രിട്ടീഷ് കാലഘട്ടത്തിൽ സംഭവിച്ച ഒരു സംഭവമായാണ് ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ സുമതി വളവിലെ സംഭവം നടക്കുന്നത് 1950കളിലാണ്. ഈ കഥ എഴുതുമ്പോൾ എന്നെ ഹുക്ക് ചെയ്തത് ഈ പേര് തന്നെയാണ്. ഒന്ന് ആലോചിച്ച് നോക്കൂ, ഒരു നാട് തന്നെ അറിയപ്പെട്ടിരുന്നത് സുമതി വളവ് എന്ന വഴിയുടെ പേരിലാണ്. ഇപ്പോഴാണ് അതിലൂടെ രാത്രി ആളുകൾ യാത്ര ചെയ്ത് തുടങ്ങിയത്. പണ്ടൊന്നും ഏഴ് മണിക്ക് ശേഷം അതിലൂടെ ആരും പോകാറില്ല. അതാണ് വിശ്വാസം. നമ്മൾ ഇത് ചിത്രീകരിക്കുന്നത് 1990കളിലാണ്. അതിന്റെ രസവും ചിത്രത്തിലുണ്ട്. ഓരോ നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സ്ഥലങ്ങളുണ്ട്. അവ ഓരോ പേരിൽ അറിയപ്പെടുന്നു എന്ന് മാത്രം.