'യോജിക്കാന്‍ പറ്റാത്ത ഡീലുകള്‍ നടക്കുന്നത് കണ്ടപ്പോള്‍ ഒഴിഞ്ഞുമാറി' ; വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് ആഷിഖ് അബു

'യോജിക്കാന്‍ പറ്റാത്ത ഡീലുകള്‍ നടക്കുന്നത് കണ്ടപ്പോള്‍ ഒഴിഞ്ഞുമാറി' ; വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് ആഷിഖ് അബു

മലബാര്‍ കലാപവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവും പ്രമേയമാക്കിയ വാരിയം കുന്നനില്‍ നിന്ന് പിന്മാറാന്‍ കാരണം പണമാണെന്ന് സംവിധായകന്‍ ആഷിക് അബു. ചിത്രം പൂര്‍ത്തീകരിക്കുവാനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉപേക്ഷിക്കാന്‍ ഒരിക്കലും ആഗ്രഹമില്ലാത്ത ചിത്രമായിരുന്നു അതെന്നും എന്നാല്‍ സാഹചര്യങ്ങളാല്‍ കൊണ്ട് എനിക്ക് നിര്‍ബന്ധിതനാകേണ്ടി വന്നെന്നും ആഷിഖ് അബു മീഡിയവണ്ണിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സമ്മര്‍ദ്ദവും എനിക്ക് ഉണ്ടായിട്ടില്ല. ഞാനും പൃഥ്വിരാജുമൊക്കെ വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത ഒരു സിനിമയായിരുന്നു 'വാരിയന്‍കുന്നന്‍'. വലിയ ഒരു സിനിമ ആക്കി അതിനെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത ഡീലുകള്‍ നടക്കുന്നത് കണ്ടപ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

ആഷിഖ് അബു

2020 ജൂണിലാണ് പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു 'വാരിയന്‍കുന്നന്‍' പ്രഖ്യാപിക്കുന്നത്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒ പി എം സിനിമാസുമായിരുന്നു നിര്‍മ്മാണം. ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്‍ തിരക്കഥ എഴുതിയത്. മുഹസിന്‍ പരാരിയായിരുന്നു കോ ഡയറക്ടര്‍. ഷൈജു ഖാലിദ് ക്യാമറയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് തിരക്കഥാകൃത്ത് റമീസിന്റെ സോഷ്യല്‍ മീഡിയയിലെ സ്ത്രീവിരുദ്ധ പോസ്റ്റുകളും മതമൗലികവാദത്തെ പിന്തുണക്കുന്ന നിലപാടുകളും ചര്‍ച്ചയായതിന് പിന്നാലെ റമീസ് സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു.

സിനിമ ഉപേക്ഷിക്കണമെന്നും പുറത്തിറക്കിയാല്‍ പ്രതിഷേധിക്കുമെന്നും സംഘപരിവാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ബിജെപി-ആര്‍.എസ്.എസ് നേതാക്കള്‍ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിരുന്നു

'നീലവെളിച്ചം' ആണ് ആഷിഖ് അബുവിന്റേതായി അവസാനം പുറത്തു വന്ന ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗവീനിലയം' എന്ന തിരക്കഥയെ ആധാരമാക്കി പുറത്തുവരുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in