'കൂലിയെക്കുറിച്ച് ആമിർ ഖാൻ എവിടെയും മോശം അഭിപ്രായം പറഞ്ഞിട്ടില്ല'; വ്യക്തത വരുത്തി നടന്റെ ടീം

'കൂലിയെക്കുറിച്ച് ആമിർ ഖാൻ എവിടെയും മോശം അഭിപ്രായം പറഞ്ഞിട്ടില്ല'; വ്യക്തത വരുത്തി നടന്റെ ടീം
Published on

രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം 'കൂലി'യെ ആമിർ ഖാൻ വിമർശിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ തള്ളി നടന്റെ ടീം. ആമിർ അത്തരമൊരു അഭിമുഖം നൽകിയിട്ടില്ലെന്നും കൂലിയെക്കുറിച്ച് എവിടെയും മോശമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

'ആമിർ ഖാൻ അത്തരമൊരു അഭിമുഖം നൽകിയിട്ടില്ല, കൂലി എന്ന സിനിമയെക്കുറിച്ച് ഒരു മോശം പരാമർശവും നടത്തിയിട്ടില്ല. രജനികാന്തിനോടും ലോകേഷ് കനകരാജിനോടും കൂലിയുടെ മുഴുവൻ ടീമിനോടും ആമിർ ഖാന് വലിയ ബഹുമാനമുണ്ട്. ചിത്രം ബോക്സ് ഓഫീസിൽ 500 കോടിയിലധികം രൂപ കളക്ഷൻ നേടി. അതുതന്നെ എല്ലാത്തിനും മറുപടിയാണ്,' ആമിർ ഖാന്റെ വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ആമിർ ഖാൻ കൂലിയെ വിമർശിച്ചതായുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ചിത്രത്തിന്റെ തിരക്കഥ മോശമായിരുന്നുവെന്നും, ചിത്രത്തിൽ അഭിനയിച്ചത് വലിയ തെറ്റായിപ്പോയെന്നും ആമിർ പറയുന്ന തരത്തിലുള്ള ഒരു പത്രവാർത്തയുടെ സ്ക്രീൻ ഷോട്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

അതേസമയം കൂലി ഇപ്പോൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. രജനികാന്ത് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നാഗാർജുനയാണ് പ്രധാന വില്ലനെ അവതരിപ്പിച്ചത്. ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in