‌‌'ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി'; ചെന്നെെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വിഷ്ണു വിശാലിനെയും ആമിർ ഖാനെയും രക്ഷപ്പെടുത്തി

‌‌'ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി'; ചെന്നെെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വിഷ്ണു വിശാലിനെയും ആമിർ ഖാനെയും രക്ഷപ്പെടുത്തി

ചെന്നെെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നടൻ വിഷ്ണു വിശാലിനെയും ആമിർ ഖാനെയും രക്ഷപെടുത്തി ഫയർ ആൻഡ് റെസ്ക്യു വിഭാ​ഗം. വീട്ടിലേക്ക് വെള്ളം കയറുന്നു എന്നും ജലനിരപ്പ് ക്രമാധീതമായി ഉയരുകയാണെന്നും കാണിച്ച് വിഷ്ണു വിശാൽ എക്സിൽ ഉച്ചയോടെ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. വെെദ്യുതിയോ വെെഫെെ കണക്ഷനോ ഫോണിന് സി​ഗ്നലോ ഇല്ലെന്നും വീടിന്റെ ടെറസിൽ മാത്രമാണ് കുറച്ചെങ്കിലും സി​ഗ്നൽ ലഭിക്കുന്നതെന്നും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇതിനെ തുടർന്നാണ് ഫയർ ആൻഡ് റെസ്ക്യു വിഭാ​ഗം വിഷണു വിശാലിനെ രക്ഷിക്കാനെത്തിയത്.

വെള്ളം കയറിയിടത്തു നിന്നും ഫയർ ആൻഡ് റെസ്ക്യു വിഭാ​ഗം രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ചിത്രം വിഷ്ണു വിശാൽ തന്നെയാണ് എക്സിലൂടെ പങ്കുവച്ചത്. ചിത്രത്തിൽ നടൻ ആമിർ ഖാനെയും കാണാൻ സാധിക്കും. ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദിയെന്നും ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനത്തിൽ അക്ഷീണം പ്രവർ‌ത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദിയുണ്ടെന്നും എക്സിൽ വിഷ്ണു വിശാൽ കുറിച്ചു.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ നഗരത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈ കോർപ്പറേഷനെതിരെ വിമർശനവുമായി നടൻ വിശാലും രം​ഗത്തെത്തിയിരുന്നു. 2015 ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആളുകൾ റോഡിലിറങ്ങിയിരുന്നു എന്നും എന്നാൽ 8 വർഷത്തിന് ശേഷം ഇതിലും മോശമായ അവസ്ഥ കാണുന്നത് ദയനീയമാണ് എന്നും വിശാൽ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറ‍ഞ്ഞു. 5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയിൽ പെട്ട് ചെന്നെെ ന​ഗരം പ്രളയത്തെ നേരിടുകയാണ്. മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനു പുറമേ, നദികൾ കരകവിയുകയും നഗരത്തിനു ചുറ്റുമുള്ള ജല സംഭരണികൾ തുറന്നുവിടുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകി വീഴുകയും വെെദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തതോടെ ജനങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in