'എന്റെ കഥയിലെ നായകൻ നജീബ് ആണ്, ഷുക്കൂർ അല്ല, കഥാപാത്രത്തിന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നോട് ചോദിക്കുക'; ബെന്യാമിൻ

'എന്റെ കഥയിലെ നായകൻ നജീബ് ആണ്, ഷുക്കൂർ അല്ല, കഥാപാത്രത്തിന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നോട് ചോദിക്കുക'; ബെന്യാമിൻ

ആടുജീവിതത്തിലെ നായകൻ ഷുക്കൂർ അല്ല നജീബാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. അനേകം ഷുക്കൂറുമാരിൽ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബ് എന്നും, അതിൽ 30 ശതമാനം മാത്രമേ ഷുക്കൂറിന്റെ ജീവിതമുള്ളൂ എന്നും ബെന്യാമിൻ പറയുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം കഴിഞ്ഞ 28 നാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റുമായി ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം.

ബെന്യാമിന്റെ പോസ്റ്റ്:

കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക.

നോവലിലെ കഥാപാത്രങ്ങളായി എത്തുന്ന പലരും യഥാർഥ ജീവിതത്തിൽ പല അവകാശവാദങ്ങളുമായി വന്നേക്കാമെന്നും ബെന്യാമിൻ മുമ്പ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം താനാണ് കഥയിലെ കുഞ്ഞിക്ക എന്ന തരത്തിൽ ഒരാളുടെ അഭിമുഖം കണ്ടു എന്നും അതിൽ കഥ കേൾക്കാനായി താൻ അയാളെ സമീപിച്ചു എന്ന് പറയുന്നത് ശുദ്ധ നുണയാണ് എന്നും ബെന്യാമിൻ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

ബെന്യാമിന്റെ പോസ്റ്റ്:

ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ..

Related Stories

No stories found.
logo
The Cue
www.thecue.in