'ഇന്ത്യയാണ് എന്റെ ഗുരുവും വീടും,ആരെയുംവേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല'; വിവാദങ്ങളിൽ എ.ആർ. റഹ്മാൻ

'ഇന്ത്യയാണ് എന്റെ ഗുരുവും വീടും,ആരെയുംവേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല'; വിവാദങ്ങളിൽ എ.ആർ. റഹ്മാൻ
Published on

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡ് ചലച്ചിത്ര മേഖല ആകെ മാറിയെന്നും, അതിന് പിന്നിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള തന്റെ പരാമർശത്തിൽ വിശദീകരണവുമായി എ.ആർ. റഹ്മാൻ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല തന്റെ വാക്കുകൾ എന്നും, ഇന്ത്യയാണ് തന്റെ പ്രചോദനവും ഗുരുവും വീടുമാണെന്നും റഹ്മാൻ പറഞ്ഞു. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“നമ്മുടെ സംസ്കാരത്തെ ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനും ഉള്ള എന്റെ മാർഗമാണ് സംഗീതം. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും എന്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കപ്പെടാമെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എന്റെ ലക്ഷ്യം എപ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ്. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ സത്യസന്ധത നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു,” റഹ്മാൻ പറഞ്ഞു.

“ഒരു ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്. ആവിഷ്കാര സ്വാതന്ത്ര്യം എപ്പോഴും അനുവദിക്കുകയും ബഹുസ്വര ശബ്ദങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു ഇടം ഈ രാജ്യം എനിക്ക് നൽകുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ച WAVES ഉച്ചകോടിയിലെ ‘ഝാല’ എന്ന സൃഷ്ടി മുതൽ, യുവ നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, ഒരു സ്ട്രിംഗ് ഓർക്കസ്ട്ര സൃഷ്ടിച്ചത്, സൺഷൈൻ ഓർക്കസ്ട്രയെ മെൻറർ ചെയ്തത്, ഇന്ത്യയുടെ ആദ്യത്തെ ബഹുസാംസ്കാരിക വെർച്വൽ ബാൻഡായ ‘സീക്രട്ട് മൗണ്ടൻ’ നിർമ്മിച്ചത്, ഹാൻസ് സിമ്മറിനൊപ്പം ‘രാമായണം’ എന്ന ചിത്രത്തിന് സംഗീതം നൽകാൻ ലഭിച്ച ബഹുമതി വരെ—ഓരോ യാത്രയും എന്റെ ലക്ഷ്യത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യത്തോടും സംഗീതത്തോടും ഉള്ള പ്രതിബദ്ധതയ്‌ക്കായി ഞാൻ കടപ്പെട്ടിരിക്കുന്നു. ജയ് ഹിന്ദ്,” എന്നും റഹ്മാൻ പറഞ്ഞു.

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലെ എ.ആർ. റഹ്മാന്റെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. “കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിലെ അധികാര ഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്. അധികാര ശ്രേണിയിലെ മാറ്റം വളരെ പ്രകടമാണ്. ‘ക്രിയേറ്റീവ്’ അല്ലാത്ത ആളുകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നത്,” എന്നായിരുന്നു റഹ്മാൻ പറഞ്ഞത്. ഇതിന് പിന്നാലെ അദ്ദേഹം വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in