'വി.ഡി സതീശനില്‍ നിന്ന് പ്രാകൃത സമരമുറയല്ല കേരളം പ്രതീക്ഷിക്കുന്നത്'; എ.കെ സാജന്‍

'വി.ഡി സതീശനില്‍ നിന്ന് പ്രാകൃത സമരമുറയല്ല കേരളം പ്രതീക്ഷിക്കുന്നത്'; എ.കെ സാജന്‍

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ പ്രതിഷേധമറിയിച്ച്് തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജന്‍. വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത് എന്നാണ് എ.കെ സാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം.

'വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത്. അദ്ദേഹം തന്റെ അണികളോട് കാലഹരണപ്പെട്ട സമരമുറകള്‍ മാറ്റാന്‍ പറയണം. എന്നിട്ട് കോണ്‍ഗ്രസ് കുറച്ച് കൂടി ഭൗതികമായി മുന്നേറണം.'- എ.കെ സാജന്‍

എ.കെ സാജന് പുറമെ ജോജു ജോര്‍ജും സമരത്തിനെതിരെ രംഗത്തെത്തി. ഇരുവരും ഒരുമിച്ച് ഇതുവഴി യാത്ര ചെയ്യവെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തകര്‍ക്കുകയും ചെയ്തു. ആള്‍ക്കാരെ ബുദ്ധിമുട്ടിച്ചല്ല സമരം നടത്തേണ്ടത് എന്നാണ് ജോജു പ്രതികരിച്ചത്.

കൊവിഡ് കാലത്ത് ജീവിക്കാന്‍ നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു. താന്‍ കോണ്‍ഗ്രസിനെതിരെല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നാണം കെടുത്താന്‍ വിവരം ഇല്ലാത്തവര്‍ ചെയ്തതാണ് ഈ സമരമെന്നും ജോജു മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.

തിങ്കളാഴ്ച രാവിലെ ഇടപ്പള്ളി- വൈറ്റില ദേശീയപാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Related Stories

No stories found.
logo
The Cue
www.thecue.in