'നാൻ എന്നെ ഒരു തമിഴനാ മട്ടും പാക്കലയേ അപ്പാ'; ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറഞ്ഞ് 800 ട്രെയ്ലർ

'നാൻ എന്നെ ഒരു തമിഴനാ മട്ടും പാക്കലയേ അപ്പാ'; ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറഞ്ഞ് 800 ട്രെയ്ലർ

എം.എസ് ശ്രീപതിയുടെ സംവിധാനത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന '800' ന്റെ ട്രെയ്ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. 'സ്ലം ഡോഗ് മില്ല്യണേയര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധുര്‍ മിട്ടറാണ് ചിത്രത്തില്‍ മുരളീധരനായി എത്തുന്നത്. ലോക ക്രിക്കറ്റില്‍ വിക്കറ്റുകള്‍ കൊണ്ട് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ താരമായ മുത്തയ്യ മുരളീധരന്റെ ആരും പറയാത്ത കഥയാണ് ചിത്രം എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.

അനാഥനായി വളര്‍ന്ന ഒരു ബാലന്‍ ലോകത്ത് ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് ചിത്രം പറയുന്നത്. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് പൂർത്തിയായത്. നരേന്‍, നാസര്‍, വേല രാമമുര്‍ത്തി, ഋത്വിക, ഹരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആദ്യം വിജയ് സേതുപതിയെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം തമിഴ്‌നാട്ടില്‍ വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശ്രീലങ്കന്‍ തമിഴ് കൂട്ടക്കൊലയെ മുത്തയ്യ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്‌സെയ്ക്ക് അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ അനുകൂലിച്ചു കൊണ്ട് മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജയും വൈരമുത്തവുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ശ്രീലങ്കയിലെ തമിഴരോടുള്ള ബഹുമാനം കണക്കിലെടുത്ത് വിജയ് സേതുപതി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. 2010ല്‍ 'കനിമൊഴി' എന്ന ചിത്രം സംവിധാനം ചെയ്താണ് ശ്രീപതി സിനിമയിലേക്കെത്തുന്നത്. സഹ നിര്‍മാതാവ് - വിവേക് രംഗാചരി, ഛായാഗ്രഹണം - ആര്‍ ഡി രാജശേഖര്‍, സംഗീതം - ജിബ്രാന്‍ , എഡിറ്റര്‍ - പ്രവീണ് കെ എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - വിദേശ്, പി ആര്‍ ഒ - ശബരി

Related Stories

No stories found.
logo
The Cue
www.thecue.in