26ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം; ആദ്യ ദിനം പ്രദര്‍ശനം 13 ചിത്രങ്ങള്‍

26ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം; ആദ്യ ദിനം പ്രദര്‍ശനം 13 ചിത്രങ്ങള്‍

26ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. അബ്ദുള്ള മുഹമ്മദ് സാദ് സംവിധായകനായ ബംഗ്ലാദേശി ചിത്രം 'രഹന മറിയം നൂര്‍' ആണ് മേളയിലെ ഉദ്ഘാടന ചിത്രം. വൈകുന്നേരത്തെ ഉദ്ഘാടന ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ വൈകുന്നേരം ആറരക്ക് ചിത്രം പ്രദര്‍ശിപ്പിക്കും.

ഓസ്‌കാര്‍ നോമിനേഷന് പുറമെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ബംഗ്ലാദേശി ചിത്രമെന്ന പ്രത്യേകതയും 'രഹന മറിയം നൂറി'നുണ്ട്. 37കാരിയായ ബംഗ്ലാദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് അധ്യാപിക രഹനയുടെ ജീവിതവും നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അതേസമയം രാവിലെ 10 മുതല്‍ കൈരളി തിയേറ്ററിലും ടാഗോറിലുമായി പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 'രഹന മറിയം നൂര്‍' ഉള്‍പ്പെടെ 13 ചിത്രങ്ങളാണ് ആദ്യ ദിനം പ്രദര്‍ശനത്തിനുള്ളത്.

ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി 173 സിനിമകളാണ് ഈ വര്‍ഷം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏകദേശം 15 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം നടക്കുക. നിശാഗന്ധി, ടാഗോര്‍ തിയേറ്റര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്റര്‍, ഏരിസ്പ്ലക്‌സ് എസ്എല്‍ സിനിമാസ്, അജന്ത, ശ്രീ പത്മനാഭാ എന്നിവടങ്ങളിലാണ് സ്‌ക്രീനിങ്ങ് നടക്കുക.

മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത്. വ്യാഴാഴ്ച്ച ഉച്ഛയോടെ 2,047 വിദ്യാര്‍ത്ഥികളും 5,549 ഡെലിഗേറ്റ്‌സുകളും, 199 സിനിമ-ടിവി മേഖലയില്‍ നിന്നുള്ളവരും, 115 ഫിലിം സൊസൈറ്റി അംഗങ്ങളും 104 മാധ്യമ പ്രവര്‍ത്തകരുമാണ് മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറച്ച് ദിവസം കൂടി മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in