'2018 ഓസ്കറിലേക്ക്' ; വിദേശഭാഷചിത്ര വിഭാ​ഗത്തിൽ ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി

'2018 ഓസ്കറിലേക്ക്' ;  വിദേശഭാഷചിത്ര വിഭാ​ഗത്തിൽ ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി

ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ'. വിദേശഭാഷചിത്ര വിഭാ​ഗത്തിൽ ആണ് 2018 ന്റെ എൻട്രി. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. 2023 ല്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കുള്ള 96ാമത് ഓസ്‌കറുകള്‍ 2024 മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് നടക്കുക. മോഹൻലാൽ ചിത്രമായ ​ഗുരുവാണ് മലയാളത്തിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കട്ട്’ ആണ് ഇതിനു മുമ്പ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.

ദ കേരള സ്റ്റോറി, വാല്‍വി, ഗദര്‍ 2, ബാലഗാം, ദസറ, സ്വിഗാറ്റോ, ദ സ്‌റ്റോറിടെല്ലര്‍, റോക്കി ഔര്‍ റാണി കി പ്രം കഹാനി, മ്യൂസിക് സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള 22 സിനിമകള്‍ അവസാന ഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 2018. കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്.

2018 ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രം കൂടിയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രവും 2018 ആയിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. സോണി ലിവിലാണ് 2018 ന്റെ സ്‍ട്രീമിംഗ്. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം.

Related Stories

No stories found.
logo
The Cue
www.thecue.in