'കാത്തിരുന്നെങ്കിൽ  '2018' 200 കോടി നേടിയേനെ, ഒടിടി പരിധി 90 ആക്കണം'; നടപടി ഇല്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് 
 ഫിയോക്

'കാത്തിരുന്നെങ്കിൽ '2018' 200 കോടി നേടിയേനെ, ഒടിടി പരിധി 90 ആക്കണം'; നടപടി ഇല്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് ഫിയോക്

സിനിമകൾ അതിവേഗം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ഗവണ്മെന്റ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫിയോകിന് കീഴിലുള്ള തിയറ്ററുകൾ പ്രതിഷേധത്തിൽ. ജൂൺ 7, 8 തിയ്യതികളിൽ തിയറ്ററുകൾ അടച്ചിട്ട് സമരം ചെയ്യും. എന്റർടൈന്മെന്റ് ടാക്സിന്റെ കാര്യത്തിലും, ചിത്രങ്ങൾ ഒടിടിയിൽ പ്രദർശിപ്പിക്കുന്ന കാര്യത്തിലും ഗവണ്മെന്റ് 20 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ചിത്രങ്ങൾ തിയറ്ററുകളിലെത്തി 42 ദിവസങ്ങൾക്ക് ശേഷമേ ഒടിടിയിൽ കൊടുക്കാവൂ എന്ന നിബന്ധനയുണ്ട്. എന്നാൽ ഇനി മുതൽ അത് തൊണ്ണൂറോ, നൂറ്റിഇരുപതോ ദിവസമാക്കി ഉയർത്തണമെന്നതുമാണ് തങ്ങളുടെ ആവശ്യമെന്നും വിജയകുമാർ വ്യക്തമാക്കി.

'2018 എവരിവൺ ഈസ് എ ഹീറോ', 'പാച്ചുവും അത്ഭുതവിളക്കും' എന്നീ ചിത്രങ്ങൾ തിയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കെ ഒടിടിയിൽ ലഭ്യമാക്കിയതിനെതിരെയും കൂടിയാണ് പ്രതിഷേധമെന്നും വിജയകുമാർ അറിയിച്ചു. നിലവിലുള്ള നാല്പത്തിരണ്ടു ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാകൂ എന്ന നിബന്ധന പാലിക്കാത്ത ഒരു നിർമ്മാതാവുമായും പിന്നീട് സഹകരിക്കില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

കുറച്ചു ദിവസങ്ങൾ കൂടെ കാത്തിരുന്നുവെങ്കിൽ 2018 കേരളത്തിൽ നിന്ന് മാത്രം 200 കോടി നേടുമായിരുന്നു. ഒരല്പ്പം കൂടെ സാവകാശം നിർമ്മാതാവ് കാണിച്ചിരുന്നുവെങ്കിൽ ഈ ചിത്രം തിയറ്ററുകളിൽ100 ദിവസം തികക്കുമായിരുന്നു.

കെ. വിജയകുമാർ

സർക്കാരിനോട് കുറേക്കാലമായി ആവശ്യപ്പെടുന്ന മറ്റൊരു കാര്യം എന്റർടൈന്മെന്റ് ടാക്സുമായി ബന്ധപ്പെട്ടാണ്. എന്റർടൈന്മെന്റ് ടാക്‌സ്, ഓപ്പറേറ്റർ ലൈസൻസ്, സർവീസ് ചാർജ് തുടങ്ങി ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തിയറ്ററുകളെ പിഴിയുകയാണ്. നിലവിലുള്ള ഇലക്ട്രിസിറ്റി ബില്ല് കൊണ്ട് ഒരുവിധത്തിലും തിയറ്ററുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. തിരുവനന്തപുരം ജില്ലയിലെ ഒരു തിയറ്ററിൽ ഇലക്ട്രിസിറ്റി ബില്ല് കുടിശ്ശിക മാത്രം 33 ലക്ഷം രൂപയുണ്ട്. അതിപ്പോൾ അടച്ചിട്ടിരിക്കുകയാണ്. 2018 എന്ന സിനിമക്ക് മാത്രം ഞങ്ങളുടെ കണക്കനുസരിച്ച് ഏകദേശം 60 കോടി രൂപ ടാക്‌സ് അടച്ചിട്ടുണ്ട് എന്നും വിജയകുമാർ പറഞ്ഞു. ജൂൺ 7,8 തിയ്യതികളിലേക്ക് ബുക്കിങ്ങുകൾ എടുക്കരുത് എന്ന നിർദ്ദേശം തിയറ്ററുടമകൾക്ക് നൽകിയിരുന്നുവെന്നും വിജയകുമാർ കൂട്ടിച്ചേർത്തു. ബുക്ക് ചെയ്തവർക്ക് റീ ഫണ്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in