
മലയാളത്തിന്‍റെ പ്രിയങ്കരനായ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ 10 കഥകള്‍ ഒരേസമയം സിനിമയാകുന്നു. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനായി ഒരുക്കുന്ന ആന്തോളജി സീരീസിലാണ് എംടിയുടെ 10 കഥകള്‍ സിനിമകളാകുന്നത്. എല്ലാ സിനിമകള്‍ക്കും എംടി തന്നെയാണ് തിരക്കഥയെഴുതുന്നതും.
മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി തിരുവോത്ത് തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ആന്തോളജി ചിത്രത്തില്‍ അണിനിരക്കും. പ്രമുഖ സംവിധായകരായ ജയരാജ്, പ്രിയദര്‍ശന്‍, ലിജോ ജോസ് പെല്ലിശേരി, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകള്‍ അശ്വതി വി നായര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറുടെ ചുമതലക്കൊപ്പം ഒരു ചിത്രവും സംവിധാന ചെയ്യുന്നുണ്ട്.
ആന്തോളജിയിലെ ആറ് സിനിമകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായി. അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍റെ ചിത്രത്തില്‍ സിദ്ദിഖും ശ്യാമപ്രസാദിന്‍റെ ചിത്രത്തില്‍ പാര്‍വതിയും പ്രധാന കഥാപാത്രങ്ങളാകുന്നു. ജയരാജിന്‍റെ ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുന്നു. ഒന്നില്‍ ബിജു മേനോനും രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രമായെത്തുന്നത്.
എംടിയുടെ ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന കഡുഗണ്ണാവ - ഒരു യാത്രാക്കുറിപ്പിന്‍റെ ചലച്ചിത്രാവിഷ്കാരം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശേരിയാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. രതീഷ് അമ്പാട്ടിന്‍റെ സിനിമയില്‍ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.