പാര്‍ട്ടിയുടെ പേരില്‍ വിജയ്‌യുമായി പോരിന് പിതാവ്, ചന്ദ്രശേഖറുമായി ഇക്കാര്യം വിജയ് സംസാരിക്കാറില്ലെന്ന് അമ്മ

പാര്‍ട്ടിയുടെ പേരില്‍ വിജയ്‌യുമായി പോരിന് പിതാവ്, ചന്ദ്രശേഖറുമായി ഇക്കാര്യം വിജയ് സംസാരിക്കാറില്ലെന്ന്
അമ്മ

നടന്‍ വിജയ്‌യുടെ പേരില്‍ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിലെ വിവാദം പുതിയ തലങ്ങളിലേക്ക്. 'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഇലക്ഷന്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇതിനെ തള്ളി വിജയ് രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും ആരാധകര്‍ അംഗമാകരുതെന്നും വിജയ് വ്യക്തമാക്കിയിരുന്നു. വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് അച്ഛന്‍ എസ്. എ ചന്ദ്രശേഖര്‍. വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണെന്നും താന്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയെ മകന്‍ തള്ളിപ്പറയില്ലെന്നും അത്തരമൊരു പ്രസ്താവന വിജയ്‌യുടെ അല്ലെന്നും ചന്ദ്രശേഖര്‍ തമിഴ് ചാനലുകളോട് വ്യക്തമാക്കി. മകനുമായി ശത്രുതയില്ല, മകന്റെ ആരാധകരുടെ ആഗ്രഹപ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടിയെന്നും എസ്.എ.

1993ല്‍ 'രസിഗര്‍ മന്‍ട്രം' എന്ന പേരില്‍ വിജയ് ആരാധകരുടെ സംഘടന രൂപീകരിച്ചത് താനാണ്. ഇത് വിജയ് ആവശ്യപ്പെട്ടിട്ടല്ല. അത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 'മക്കള്‍ ഇയക്ക'മായി മാറി. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ 'മക്കള്‍ ഇയക്കം' വര്‍ഷങ്ങളായി സജീവമായതിനാലാണ് ആരാധകരുടെ ആഗ്രഹം പരിഗണിച്ച് രാഷ്ട്രീയ പാര്‍ട്ടിയാക്കിയതെന്നും എസ്. എ പറയുന്നു. പൊതുപ്രവര്‍ത്തനം നടത്തുന്ന ഈ സംഘടനക്ക് അംഗീകാരമുണ്ടാകണമെന്ന ലക്ഷക്കണക്കിന് വിജയ് ആരാധകരുടെ ആഗ്രഹത്താലാണ് രാഷ്ട്രീയ കക്ഷിയായത്.

തന്റെ ചിത്രങ്ങളോ, പേരോ രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഉപയോഗിക്കുന്നത് നിയമപരമായി നേരിടുമെന്ന നിലപാടിലാണ് വിജയ്. ആരാധക സംഘടനയുടെ ഭാരവാഹികളോടും അച്ഛന്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കരുതെന്ന് വിജയ് അറിയിച്ചിട്ടുണ്ട്. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തണമെന്ന നിലപാട് ഒരു വിഭാഗം ആരാധകര്‍ക്കുണ്ട്. വിജയ്‌യെ അടുത്ത തമിഴ് നാട് മുഖ്യമന്ത്രിയായി ഫാന്‍സ് നേരത്തെ പ്രചരണവും നടത്തിയിരുന്നു. വിജയ്‌യുടെ സമീപകാല സിനിമകളിലെ പഞ്ച് വണ്‍ലൈനറുകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള സൂചനകളാണെന്ന തരത്തിലും പ്രചരണം വന്നിരുന്നു.

വിജയ്‌യുടെ അനുമതിയില്ലാതെയാണ് രാഷ്ട്രീയ പാര്‍ട്ടിയെന്ന് അമ്മ ശോഭാ ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്. അസോസിയേഷന്‍ രൂപീകരണം എന്ന് ഭര്‍ത്താവ് എസ്. എ ചന്ദ്രശേഖര്‍ പറഞ്ഞതിനാലാണ് രേഖകളില്‍ ഒപ്പുവച്ചതെന്ന് ശോഭ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനാണ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നതെന്ന് മനസിലായതോടെ താല്‍പ്പര്യമില്ലെന്നും ട്രഷറര്‍ ആകാനില്ലെന്നും വ്യക്തമാക്കിയെന്നും ശോഭാ ചന്ദ്രശേഖര്‍. രജിസ്‌ട്രേഷന്‍ പ്രകാരം ശോഭാ ചന്ദ്രശേഖര്‍ ആണ് ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറര്‍.

തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്തുന്നതിലെ അതൃപ്തി വിജയ് പിതാവിനോട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ശോഭാ ചന്ദ്രശേഖര്‍. വിജയ് ഉടന്‍ രാഷ്ട്രീയത്തിലെത്തുമെന്ന തരത്തില്‍ ചന്ദ്രശേഖര്‍ പിന്നീടും പ്രസ്താവനകള്‍ നടത്തിയതോടെ ഇക്കാര്യത്തില്‍ ഇരുവരും സംസാരിക്കാതായെന്നും ശോഭ. വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ നിയമനടപടി വന്നാല്‍ ജയിലില്‍ പോകാന്‍ റെഡിയാണെന്ന നിലപാടാണ് ചാനലുകള്‍ക്ക് മുന്നില്‍ എസ്. എ അറിയിച്ചിരിക്കുന്നത്.

Summary

SA Chandrasekhar (SAC) Defends All-India Thalapathy Vijay Makkal Iyakkam, political party on vijay's name

Related Stories

No stories found.
logo
The Cue
www.thecue.in