
വീണ്ടും തീയ്യേറ്ററിൽ ഷാഹി കബീർ പടത്തിന് നിറഞ്ഞ സദസ്സും കൈയ്യടിയും. ദിലീഷ് പോത്തന്റേയും റോഷൻ മാത്യുവിന്റേയും കരിയർ ബെസ്റ്റ് പെർഫോർമൻസിനൊപ്പം മികച്ച അവതരണവും പ്രമേയവുമെന്ന നിലക്ക് കൂടിയാണ് റോന്ത് എന്ന ചിത്രം മുന്നേറുന്നത്. റോന്ത് തീയ്യേറ്ററിൽ കുതിക്കുമ്പോൾ മലയാള സിനിമക്ക് ലഭിച്ചത് പുതിയൊരു നിർമ്മാണ വിതരണ കമ്പനിയെക്കൂടിയാണ്. ഫെസ്റ്റിവൽ സിനിമാസ് എന്ന നിർമ്മാണ കമ്പനി ജംഗ്ലീ പിക്ചേഴ്സുമായി കൈകോർത്താണ് റോന്ത് നിർമ്മിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ വിജയം കൈവരിക്കുക എന്ന അപൂർവ്വ ഭാഗ്യം നേടാൻ ഫെസ്റ്റിവൽ സിനിമാസിന് കഴിഞ്ഞു. കമ്മാരസംഭവം എന്ന ഒറ്റചിത്രം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ പരിചയസമ്പന്നനായ സംവിധായകൻ രതീഷ് അമ്പാട്ട്, വിതരണ,തീയ്യേറ്റർ രംഗത്തെ പരിചയ സമ്പന്നനായ രഞ്ജിത്ത് ഇവിഎം, തെലുങ്ക് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ജോജോ ജോസ് എന്നിവരാണ് ഫെസ്റ്റിവൽ സിനിമാസിന്റെ അമരക്കാർ. ഇവരുടെ ഈ മേഖലയിലുള്ള അറിവ് സിനിമയുടെ എല്ലാ ഘട്ടത്തിലും അണിയറപ്രവർത്തകർക്ക് വൻ പിന്തുണയാണ് നൽകിയത്. അതോടൊപ്പം ടൈംസ് ഗ്രൂപ്പിന്റെ സിനിമ നിർമ്മാണ കമ്പനിയായ ജംഗ്ലീ പിക്ചേഴ്സ് കൂടി കൈകോർത്തപ്പോൾ സിനിമ ദേശീയ ശ്രദ്ധയും നേടി.
ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായം ലഭിച്ചത് ഷാഹി കബീറിന്റെ രണ്ടാം സംവിധാന സംരംഭത്തിന് തുണയായി. ദിലീഷിന്റേയും റോഷന്റേയും പോലീസ് വേഷങ്ങൾ പ്രേക്ഷകർ ഹൃദയത്തിലേറ്റി. യോഹന്നാനും ദിൻനാഥും അതിഭാവുകത്വങ്ങളില്ലാത്ത സാധാരണക്കാരായ പോലീസുകരാണ്. എന്താണ് പോലീസുകാരന്റെ വ്യക്തി-ഔദ്യോഗിക ജീവിതം എന്ന് കൃത്യമായി വരച്ചുകാണിക്കുന്ന ഷാഹിയുടെ തിരക്കഥക്കും സംവിധാന പാടവത്തിനും ഏല്ലാ ഭാഗത്തുനിന്നും കൈയ്യടിയാണ് ലഭിക്കുന്നത്.
ഷാഹി കബീർ സിനിമകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത സോഷ്യൽ മീഡിയ റിവ്യൂകളിൽ കാണുന്നുണ്ട്. അതോടൊപ്പം ദിലീഷ് പോത്തന്റേയും റോഷൻ മാത്യുവിന്റേയും പ്രകടനവും സിനിമ പ്രേമികൾ ഏറ്റെടുത്തതോടെ ചിത്രത്തിന് വലിയ ബുക്കിങ് ആണ് ഉള്ളത്. കനത്ത മഴയിൽ പോലും നിറഞ്ഞുകവിയുന്ന തീയ്യേറ്ററുകൾ സിനിമ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ്. കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും ചിത്രത്തിന് വലിയ ബുക്കിങ്ങാണ് ലഭിക്കുന്നതെന്ന് ഫെസ്റ്റിവൽ സിനിമാസ് പാർട്ണർ രഞ്ജിത്ത് ഇവിഎം പറഞ്ഞു. കൂടുതൽ തീയ്യേറ്ററുകളിൽ നിന്നും സിനിമ ചോദിച്ച് കോളുകൾ വരുന്നതായും ഇദേഹം കൂട്ടിച്ചേർത്തു. നിലവിൽ നൂറ്റിയമ്പതോളം തീയ്യേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.