കേസും സാമ്പത്തിക നഷ്ടവുമുണ്ടാക്കാത്ത നേതൃത്വമെന്ന്  രഞ്ജിത്-ആന്റോ, ഒരു പാട് കാര്യങ്ങള്‍  ചെയ്യാനുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ വിഭാഗം 

കേസും സാമ്പത്തിക നഷ്ടവുമുണ്ടാക്കാത്ത നേതൃത്വമെന്ന് രഞ്ജിത്-ആന്റോ, ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ വിഭാഗം 

നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. കൊച്ചിയിലെ പുതിയ ഓഫീസിലാണ് ഇലക്ഷന്‍. 

ആറ് വര്‍ഷത്തിന് ശേഷം ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് നടക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പ്. സംഘടനയ്ക്ക് വിശാലമായ ആസ്ഥാന മന്ദിരം പണിതതും അനാവശ്യ കേസുകളിലൂടെ മുന്‍ഭരണസമിതി ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം നികത്തിയതും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് നിലവിലെ ഭരണസമിതിയെ പ്രതിനിധീകരിച്ച് മത്സര രംഗത്തുള്ള എം.രഞ്ജിത്ത്-ആന്റോ ജോസഫ് പാനലിന്റെ പ്രതീക്ഷ. മലയാളത്തിലെ മുന്‍നിര താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും നിര്‍മ്മാണ രംഗത്ത് സജീവമായതിനാല്‍ ഇലക്ഷനില്‍ അമ്മയില്‍ നിന്നും ഫെഫ്കയില്‍ നിന്നുമുള്ള പ്രൊഡ്യൂസര്‍മാരുടെ പിന്തുണ ഇവര്‍ക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. കൊച്ചിയിലെ പുതിയ ഓഫീസിലാണ് ഇലക്ഷന്‍.

എം.രഞ്ജിത്ത്-ആന്റോ ജോസഫ് പാനലിനെതിരെ വിനയനും ലിബര്‍ട്ടി ബഷീറും നേതൃത്വം നല്‍കുന്ന പാനലാണ് രംഗത്തുള്ളത്. നിര്‍മ്മാതാക്കള്‍ എന്ന നിലയിലും സംഘടനാ നേതാക്കള്‍ എന്ന നിലയില്‍ അനുഭവ പരിചയമുള്ളവരാണ് തങ്ങളുടെ പാനല്‍ എന്നതിനെ മുന്‍നിര്‍ത്തിയാണ് ഇവര്‍ വോട്ട് തേടുന്നത്. പുതിയ ഓഫീസ് ഉദ്ഘാടനത്തില്‍ മുന്‍ സെക്രട്ടറിയായിരുന്ന ശശി അയ്യഞ്ചിറക്ക് പ്രവേശനം നിഷേധിച്ചെന്നും ശശി അയ്യഞ്ചിറയെ ആധാരമില്ലാത്ത കെട്ടിടമെന്ന് പറഞ്ഞ് മുമ്പ് ജനറല്‍ ബോഡിയില്‍ നിന്ന് ശശി അയ്യഞ്ചിറയെ രജപുത്ര രഞ്ജിത്തും, സിയാദ് കോക്കറും സുരേഷ് കുമാറും ആന്റോ ജോസഫും ഇറക്കിവിട്ടിരുന്നതായും വിനയന്‍ ഉദ്ഘാടനത്തിന് ശേഷം ആരോപണം ഉന്നയിച്ചിരുന്നു. വിനയന്റെ ആരോപണങ്ങള്‍ക്ക് പരസ്യമായി മറുപടി പറയാനില്ലെന്നാണ് നിലവിലെ ഭരണസമിതിയുടെ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം സംസാരിക്കാമെന്നാണ് ഇവരുടെ നിലപാട്.

ബാങ്ക് ലോണ്‍ എടുക്കാതെ കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ ഫണ്ട് കണ്ടെത്തുവാനായി സൂര്യ ടിവിയുമായി ചേര്‍ന്ന് അവാര്‍ഡ് ഷോ നടത്താനിരിക്കെ മാര്‍ട്ടിന്‍ പൈവ എന്ന അംഗത്തെക്കൊണ്ട് കേസ് കൊടുപ്പിച്ച് സൂര്യാ ടിവിയെ പിന്തിരിപ്പിച്ചതിന്റെ പിന്നില്‍ വിനയനാണെന്നും ഫണ്ട് മുടങ്ങിയപ്പോഴാണ് കെട്ടിടം പണി നീണ്ടു പോയതെന്നും വിനയനുള്ള മറുപടിയില്‍ എക്‌സിക്യുട്ടീവ് അംഗം അനില്‍ തോമസ് പറഞ്ഞിരുന്നു.

ആറ് വര്‍ഷമായി ഒരേ ഭരണസമിതി തുടരുകയാണ്. മാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് നിലവിലെ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട പാനലിന് എതിരെ മത്സരിക്കുന്ന പാനലിലെ ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ഞാന്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്ററുടമകളുടെയും സംഘടനാ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഡറേഷന്‍ നേതൃത്വത്തില്‍ എട്ട് വര്‍ഷമുണ്ടായിരുന്നു. എണ്‍പത്തിയഞ്ച് മുതല്‍ നിര്‍മ്മാതാവാണ്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളിലെ ആദ്യത്തെ സമരം ഞങ്ങളുടെ നേതൃത്വത്തിലായിരുന്നു. താരങ്ങളുമായി എഗ്രിമെന്റിലും ടാക്‌സ് കുറക്കാനുള്ള സമരത്തിലും മുന്‍നിരയിലുണ്ടായിരുന്നവരാണ് ഞങ്ങളുടെ പാനലില്‍ ഉള്ളത്. സിനിമയുടെ വളര്‍ച്ചയ്ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.

ലിബര്‍ട്ടി ബഷീര്‍

ചലച്ചിത്രമേഖലയില്‍ നിന്ന് എല്ലാ തലമുറയില്‍ നിന്നുമുള്ള നിര്‍മ്മാതാക്കളുടെ പിന്തുണ തങ്ങള്‍ക്കാണ് എം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പാനല്‍ അവകാശപ്പെടുന്നുണ്ട്.രജപുത്രാ വിഷ്വല്‍ മീഡിയ എന്ന മുന്‍നിര ബാനറിന് പിന്നിലുള്ള എം രഞ്ജിത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും, ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയാ എന്നീ ബാനറുകളുള്ള ആന്റോ ജോസഫ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്ന പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹസീബ് ഹനീഫ്, കല്ലിയൂര്‍ ശശി എന്നിവരും ട്രഷററായി ബി രാകേഷും മത്സരിക്കുന്നു. കലാസംഗം എംഎം ഹംസ, കിരീടം ഉണ്ണി (കൃഷ്ണകുമാര്‍) എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിലവിലെ പ്രസിഡന്റ് ജി സുരേഷ് കുമാര്‍, മുന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ആല്‍വിന്‍ ആന്റണി, അനില്‍ തോമസ്, മിലന്‍ ജലീല്‍, ജോണി സാഗരിക, ഖാദര്‍ ഹസ്സന്‍, വിബികെ മേനോന്‍, സന്ദീപ് സേനന്‍, എവര്‍ഷൈന്‍ മണി, മഹാ സുബൈര്‍, ഔസേപ്പച്ചന്‍, ആനന്ദ് പയ്യന്നൂര്‍, സജിത്ത് പല്ലവി, എന്നിവരാണ് പാനലില്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.

വിനയന്‍ നേതൃത്വം നല്‍കുന്ന പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിനയനും സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയുമുണ്ട്. മമ്മി സെഞ്ച്വറി ട്രഷറര്‍ സ്ഥാനത്തേക്കും ലിബര്‍ട്ടി ബഷീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍, സന്തോഷ് പവിത്രം, നൗഷാദ് ആലത്തൂര്‍, കാവ്യചന്ദ്രികാ അസീസ്, ജോസ് സി മുണ്ടാടന്‍, ജോളി ജോസഫ്, രമേഷ് കുമാര്‍, നെല്‍സണ്‍ ഐപ്പ്, സേവി മനോ മാത്യു എന്നിവര്‍ ഈ പാനലിലുണ്ട്. അറിവ് കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും പരിചിതരാണ് ഈ പാനലില്‍ ഉള്ളവരെന്നാണ് വോട്ട് തേടിയുള്ള അവകാശവാദം.

Related Stories

No stories found.
logo
The Cue
www.thecue.in