
മലയാളിയുടെ ഉള്ളുലച്ച ഒരു പിടി സിനിമകളുടെ സംവിധായകനാണ് സിബി മലയില്‍. കീരീടവും ഭരതവും സദയവും ദശരഥവും ലോക്ക് ഡൗണ്‍ കാലത്തും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തിരുന്നു. 35 വര്‍ഷം മുമ്പ് ജൂണ്‍ 21ന് ആദ്യ സിനിമ റിലീസ് ചെയ്ത ദിവസം ഓര്‍ത്തെടുക്കുകയാണ് സിബി മലയില്‍.
സിബി മലയില്‍ 35 വര്‍ഷം മുമ്പുള്ള റിലീസ് ദിനത്തെക്കുറിച്ച്
അന്നും മഴയായിരുന്നു.
മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജൂണ്‍ ഇരുപത്തിയൊന്ന്. എന്റെ ആദ്യ ചിത്രം തീയേറ്ററുകളില്‍ എത്തിയ ദിവസം.
ഞാന്‍ അന്ന് കോയമ്പത്തൂരിലാണ്.
ആദ്യ ദിവസം പ്രേക്ഷകരോടൊന്നിച്ചിരുന്ന് സിനിമ കാണുവാന്‍ പാലക്കാട്ടെ പ്രിയ തീയേറ്ററിലെത്തി, നൂണ്‍ ഷോ കഴിഞ്ഞിരുന്നു. ടിക്കറ്റെടുത്ത് തിരക്കൊഴിഞ്ഞ വരാന്തയില്‍ കാത്ത് നില്‍ക്കുമ്പോള്‍ തൊട്ടടുത്ത
പ്രിയദര്‍ശനിയിലും മതിലിനപ്പുറം അരോമയിലും പെരുമഴയിലും വന്‍തിരക്ക്. ഒരിടത്ത് മമ്മൂട്ടിയോടൊപ്പം ബേബി ശാലിനി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന 'ഒരു നോക്കു കാണാന്‍',മറ്റിടത്ത് നദിയ മൊയ്തുവിന്റെ രണ്ടാമത്തെ ചിത്രം, നായകന്‍ മമ്മൂട്ടി, സംവിധാനം ജോഷി സാര്‍.
ഒരു ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ ക്യാന്റീന്‍കാരനോട് ചോദിച്ചു ' എങ്ങനെയുണ്ട് പടം'. അയാള്‍ നിര്‍ദാക്ഷിണ്യം പറഞ്ഞു ' ഓ ഒരു ഗുസ്തിപടം, പുതിയ സംവിധായകനാ നിങ്ങളു പോയി അപ്പുറത്തെ പടം കാണ് നല്ല അഭിപ്രായമാ', എന്റെ ചങ്കാണ് പിടഞ്ഞതെന്ന് അയാള്‍ക്കറിയില്ലല്ലോ. അയാള് പറഞ്ഞത് കേള്‍ക്കാതെ ഞാന്‍ ഗുസ്തിപടം കാണാന്‍ കയറുന്നത് അയാള്‍ പുശ്ചത്തോടെ
നോക്കിയിട്ടുണ്ടാവും.
അത്യാവശ്യം ആളുണ്ട്, പടം തുടങ്ങി കഴിഞ്ഞ് പിന്നെയും കുറച്ചു പേര്‍ കൂടി വന്നു. മറ്റേ തീയേറ്ററുകളില്‍ ടിക്കറ്റ് കിട്ടാതെ വന്നവരാവും.
ആള്‍ക്കാര്‍ ചിരിച്ച് ആസ്വദിച്ച് സിനിമ കാണുന്നത് കണ്ടപ്പോള്‍ എനിക്ക് സമാധാനമായി.
സിനിമ വലിയ വിജയമായില്ലെങ്കിലും എന്റെ മുന്നില്‍ മലയാള സിനിമയുടെ വാതില്‍ മെല്ലെ തുറന്നു വരുന്നത് ഞാനറിഞ്ഞു.
എന്നെ പൂര്‍ണമായും വിശ്വസിച്ച്, പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നു എന്റെ കൂടെ നിന്ന മണി അണ്ണാച്ചി എന്ന് ഞങ്ങള്‍ വിളിക്കുന്ന എന്റെ ആദ്യ സിനിമയുടെ നിര്‍മ്മാതാവ് പ്രിയ ശ്രീ ജി. സുബ്രഹമണ്യത്തോടുള്ള എന്റെ കടപ്പാടും നന്ദിയും പറഞ്ഞു തീര്‍ക്കവുന്നതല്ല.
പിന്നെ കൂടെ നിന്ന എല്ലാവര്‍ക്കും ശ്രീനിവാസന്‍, നെടുമുടി വേണുച്ചേട്ടന്‍, അമ്പിളിച്ചേട്ടന്‍, മുകേഷ്, ജഗദീഷ്, എസ്. കുമാര്‍, ശബ്ദ സാന്നിധ്യമായ് കൂടെയുണ്ടായ ശ്രീ മമ്മൂട്ടി, മുത്താരംകുന്നിന്റെ ലൊക്കേഷനായ മേലില ഗ്രാമം കാട്ടിത്തന്ന ഗണേഷ് കുമാര്‍, എന്റെ പ്രിയ സുഹൃത്ത് മനോജ്... നമ്മെ വിട്ടുപിരിഞ്ഞ ലോകോത്തര ഗുസ്തി ചാമ്പ്യന്‍ ധാരാസിങ്, സുകുമാരിച്ചേച്ചി, കുതിരവട്ടം പപ്പുവേട്ടന്‍ വി. ഡി രാജപ്പന്‍, ബോബി കൊട്ടാരക്കര, നൂഹു, ജയിംസ് തുടങ്ങി എത്രയോപേര്‍... എല്ലാവരെയും നന്ദിയോടെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. എന്റെ സ്വപ്നങ്ങളെ പിന്‍പറ്റാന്‍ എനിക്കു തുണയായി എന്നും കൂടെ നിന്ന മാതാപിതാക്കള്‍ക്കു, സഹോദരങ്ങള്‍ക്ക്, പിന്നീട് എന്നോടൊപ്പം വന്നുചേര്‍ന്ന എന്റെ ബാലയ്ക്ക്, മക്കള്‍ക്ക്, സര്‍വോപരി എന്റെ യേശുവിന്... നന്ദി... അര്‍ഹിക്കാത്ത ഈ നന്മകള്‍ക്കെല്ലാം നന്ദി.
മാസ്റ്റര്‍ സ്‌ട്രോക്ക് അഭിമുഖ പരമ്പരയില്‍ സിബി മലയിലുമായുള്ള സംഭാഷണം രണ്ടാം ഭാഗം
കിരീടം എന്ന സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദശരഥത്തിന്റെ കഥ തീരുമാനിക്കപ്പെട്ടിരുന്നു. സിനിമ ചെയ്യാനായി മോഹന്‍ലാല്‍ ആണ് ആവശ്യപ്പെട്ടത്. പത്തോളം സിനിമകള്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്ത് ലോഞ്ച് ചെയ്യാന്‍ ന്യൂ സാഗാ ഫിലിം എന്ന കമ്പനി അന്ന് തീരുമാനിച്ചിരുന്നു. അന്നത്തെ പ്രധാന സംവിധായകരെ ഉള്‍പ്പെടുത്തി പത്ത് സിനിമകള്‍ എന്നായിരുന്നു അവരുടെ പ്ലാന്‍. എന്റെ സിനിമ അന്ന് ഏഴാമത്തെ പ്രൊജക്ടായിരുന്നു. അതൊരു കമ്മിറ്റ്‌മെന്റ് എന്ന നിലയ്ക്ക് ആയിരുന്നില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നു മിക്ക പ്രൊജക്ടുകളിലും. ജോഷി സാറായിരുന്നു അന്ന് ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ള ഡയറക്ടര്‍. മഹര്‍ഷി മാത്യൂസ് എന്ന ജോഷി സാറിന്റെ ചിത്രമായിരുന്നു ആദ്യം ചെയ്യാനിരുന്നത്. ആ പ്രൊജക്ട് നടക്കില്ല അതിന് പകരം ദശരഥം നമ്മുക്ക് ചെയ്തൂടേ ഇവര്‍ക്ക് വേണ്ടി എന്ന് ലാല്‍ ആണ് കിരീടത്തിന്റെ ലൊക്കേഷനില്‍ വച്ച് ചോദിക്കുന്നത്.