ചെറുവേഷങ്ങള്‍ ചെയ്തവരോട് ക്ഷമാപണം, മുന്തിരിമൊഞ്ചന്‍ വെള്ളിയാഴ്ച

ചെറുവേഷങ്ങള്‍ ചെയ്തവരോട് ക്ഷമാപണം, മുന്തിരിമൊഞ്ചന്‍ വെള്ളിയാഴ്ച

ഒരു തവള പറഞ്ഞ കഥ എന്ന തലക്കെട്ടിനൊപ്പം എത്തുന്ന മുന്തിരിമൊഞ്ചന്‍ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരത,ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണനാണ് നായകന്‍. നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപിക അനിലാണ് നായിക.

ഒരു ട്രെയിന്‍ യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ ജീവിതത്തിലേക്ക് വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇവര്‍ക്കിടയിലൂണ്ടാകുന്ന സംഭവങ്ങള്‍ തമാശയും സംഗീതവും കലര്‍ത്തി സിനിമ അവതരിപ്പിക്കുന്നു. സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരിമൊഞ്ചന്റെ മറ്റൊരു പ്രത്യേകതയാണ്.

മുന്തിരിമൊഞ്ചന്‍ ടീം പറയുന്നത്

മുന്തിരി മൊഞ്ചന്‍ റിലീസ് ആവുകയാണ്. കേരളത്തിലെ 75 തിയേറ്ററുകളിലും മറ്റു സംസ്ഥാനങ്ങളിലെ 25 കേന്ദ്രങ്ങളിലും ഗള്‍ഫ് രാജ്യങ്ങളില്‍ 51 സ്‌ക്രീനുകളില്‍ ഡിസംബര്‍ 19നും. എന്നെപ്പോലുള്ള കുറെയേറെ പുതിയ ആളുകളുടെ സിനിമയാണിത്. ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു സിനിമ. നിങ്ങളെ എന്റെര്‍റ്റൈന്‍ ചെയ്യുമെന്നാണ് വിശ്വാസം. വിശ്വാസം സത്യമാകുന്നത് നിങ്ങള്‍ക്കു സിനിമ ഇഷ്ടപെട്ടാല്‍ മാത്രമാണ്. ചിത്രത്തിന്റെ ദൈര്‍ഘ്യം ചുരുക്കിയതിന്റെ ഭാഗമായി ചില സീനുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നതിനാല്‍ കുറച്ചു പേര്‍ ഈ സിനിമയില്‍ നിന്നും പുറത്തു പോയിട്ടുണ്ട്. അതില്‍ ഏറ്റവും വിഷമം ആദ്യമായി ചെറിയ വേഷങ്ങള്‍ ചെയ്ത പ്രിയ സുഹൃത്തുകളുടെ ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നതിനാലാണ്. മനഃപൂര്‍വ്വമല്ലാതെ നിവൃത്തികേട് കൊണ്ട് സംഭവിച്ചു പോയതാണ്....ക്ഷമിക്കണം. മിക്കവരെയും നേരിട്ട് വിളിച്ചു പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അല്ലാത്തവര്‍ സാഹചര്യം മനസിലാക്കി ക്ഷമിക്കും എന്ന് കരുതുന്നു.

മലബാറിന്റെ മെഫില്‍ഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം ഒരുക്കിയിട്ടുള്ളത്. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍,കെ.എസ്.ചിത്ര,ഹരിശങ്കര്‍, വിജേഷ് ഗോപാല്‍,ശ്രേയ ജയദീപ്,സുധാമയി നമ്പ്യാര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും ചിത്രത്തിലുണ്ട്.

മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, എന്നിവരെ കൂടാതെ കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍,ദേവന്‍,സലീമ(ആരണ്യകം ഫെയിം) തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചി, കോഴിക്കോട്, നിലംബൂര്‍, ജന്‍ജലി (ഹിമാചല്‍ പ്രദേശ്), തേനി എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in