
കൊവിഡും ലോക്ക് ഡൗണും സിനിമയെ നിശ്ചലമാക്കിയപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും നീണ്ട ബ്രേക്ക് മമ്മൂട്ടിയുടേതായിരുന്നു. 275 ദിവസത്തിന് ശേഷമാണ് മമ്മൂട്ടി വീട് വിട്ട് പുറത്തിറങ്ങിയത്. സിനിമാ ഷൂട്ടിംഗിലേക്ക് സജീവമാകുന്നതിന് മുന്നോടിയായി ഒരു ലേണിംഗ് ആപ്പിന്റെ പരസ്യചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്.
ഡിസംബര്‍ അഞ്ചിന് ആലുവ പാതാളത്തെ വി.വി.എം സ്റ്റുഡിയോയില്‍ ചിത്രീകരിച്ച പരസ്യം മമ്മൂട്ടി ഫേസ്ബുക്കിലൂടെ പുറത്തിറക്കി. സൈലം എന്ന ലേണിംഗ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുമതലയേറ്റെടുത്താണ് മമ്മൂട്ടിയുടെ പരസ്യചിത്രം. നീറ്റ്, ജെഇഇ, പ്ലസ് വണ്‍, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കുള്ള ആപ്പ് ആണ് ക്‌സൈലം. ഡോ അനന്തു, ഡോ പ്രവീണ്‍, ഡോ വിനേഷ് കുമാര്‍, ലിജീഷ് കുമാര്‍, ഷബാദ് എന്നിവരാണ് സൈലം ലേണിംഗ് ആപ്പിന്റെ സ്ഥാപകര്‍.
മാര്‍ച്ച് 26ന് അമല്‍ നീരദ് ചിത്രം ബിലാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാനിരിക്കെയാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും. ഏപ്രിലില്‍ ചിത്രീകരിക്കാനിരുന്ന മമ്മൂട്ടി സത്യന്‍ അന്തിക്കാട് ചിത്രവും തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ജോഫിന്‍. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറായ ദ പ്രീസ്റ്റ് ഡബ്ബിംഗും സന്തോഷ് വിശ്വനാഥിന്റെ വണ്‍ എന്ന സിനിമയുടെ ഒരു ദിവസത്തെ ചിത്രീകരണവും മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുണ്ട്. അമല്‍ നീരദ്, രഞ്ജിത്ത്, രത്തീന ഷര്‍ഷാദ് എന്നിവരുടെ സിനിമകളിലാണ് മമ്മൂട്ടി ഇനി അഭിനയിക്കാനിരിക്കുന്നത്. ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ അടുത്ത സിനിമ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.
സൈലം സഹസ്ഥാപകനും, എഴുത്തുകാരനുമായ ലിജീഷ് കുമാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായതിനെ കുറിച്ച് എഴുതിയ കുറിപ്പ് ഇങ്ങനെ.
275 ദിവസങ്ങൾ വീട്ടിലിരുന്ന ഒരാൾ !! സിനിമയുടെ സകലമാന പ്രലോഭനങ്ങൾക്കും മുമ്പിൽ കണ്ണടച്ച ഒരാൾ !! ഒരു പരസ്യ ചിത്രത്തിനും വർഷങ്ങളായി വഴങ്ങാതിരുന്നൊരാൾ !! നോക്കൂ, അയാളിന്ന് മടങ്ങി വരികയാണ്.
പറഞ്ഞു വരുന്നത് മലയാളിയുടെ മമ്മൂക്കയെക്കുറിച്ചാണ്. കഴിഞ്ഞ അര നൂറ്റാണ്ടിലെ മലയാളിയുടെ ജീവിതത്തിൽ മമ്മൂട്ടിയെക്കാണാത്ത ഒറ്റ ദിവസങ്ങളുമില്ല. അങ്ങനേ കാണാൻ കിട്ടിയ ഒരാളാണ് പെട്ടന്ന് തൻ്റെ വീട്ടിനകത്തേക്ക് ഉൾവലിഞ്ഞു കളഞ്ഞത്. ആ കാലത്തും മലയാളി സിനിമ കണ്ടിരുന്നു, മമ്മൂട്ടിയെക്കണ്ടിരുന്നു - പഴയ മമ്മൂട്ടിയെ !! എന്നും പുതിയ പുതിയ മമ്മൂട്ടിയെക്കാണിച്ച് കൊതിപ്പിച്ച സിനിമകൾ എത്ര പെട്ടന്നാണ് നമുക്കോർമ്മകളായത്. പുതിയ മമ്മൂട്ടി കാഴ്ചപ്പുറത്തില്ലാത്ത കാലം എന്തു മാത്രം നഷ്ടമായിരുന്നു സത്യത്തിൽ സിനിമക്കുണ്ടാക്കിയതല്ലേ,
9 മാസക്കാലങ്ങൾ !! ഹൊ, എഫ് ബിയിൽ, ഇൻസ്റ്റയിൽ, ട്വിറ്ററിൽ, ചാനൽ ഷോകളിൽ എല്ലായിടത്തും ഇക്കാലമത്രയും മമ്മൂട്ടിയെ തിരഞ്ഞു മടുത്ത ലോക മലയാളിയോട്, നക്ഷത്രങ്ങളുടെ വെളിച്ചത്തിൽ നിന്ന് ഓക്സിജൻ കിട്ടിയിരുന്ന - ശ്വാസം മുട്ടിത്തളർന്ന ആരാധകരോട്, കണ്ണും കാതും രോമകൂപങ്ങളും കൂർപ്പിച്ച് കാത്തു കാത്തിരുന്ന് തകർന്ന പ്രേക്ഷകരോട് : നോക്കൂ, നിങ്ങളിലൊരാളായിരുന്നു ഞാനും. ഞാനിപ്പോൾ വായിക്കുന്നത് സി.ജെ.തോമസ്സിന്റെ ഒരു നാടകമാണ്. പേര്, ‘അവൻ വീണ്ടും വരുന്നു.’
ഫ്ലവേഴ്സ് ചാനലിൻ്റെ അസിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റ് വിവേക് ഡിറക്ട് ചെയ്ത സൈലത്തിൻ്റെ ബ്രാൻഡിംഗ് ആഡ് ഇന്ന് വൈകീട്ട് 6 മണിക്ക് മമ്മൂക്ക അദ്ദേഹത്തിൻ്റെ എഫ്.ബി, ഇൻസ്റ്റ പേജുകളിൽ റിലീസ് ചെയ്യുകയാണ്. ലിയോണ (Leona) അഭിനയിച്ച പ്രൊഡക്ട് ഡീറ്റെയിലിംഗ് സെക്കൻ്റ് ഫേസ് ആഡ് ഡിറക്ട് ചെയ്തിരിക്കുന്നത് അനിൽ കെ നായരാണ് (Anil K Nair). അടുത്ത ജനുവരി 1 നാണ് അതിൻ്റെ റിലീസ്. അപ്പോൾ ഇന്ന് വൈകീട്ട് 6 മണി മുതൽ പുതിയ മമ്മൂക്കയെ നിങ്ങൾക്ക് സ്ക്രീനിൽ കാണാം, പുതിയ സൈലത്തെയും (Xylem learning).
സൈലം ആദ്യമായി സ്വപ്നം കാണുന്നത് അനന്തുവാണ് (Ananthu S Kumar). ആ സ്വപ്നം ഒരു പാതിരാത്രി മുഴുവനിരുന്ന് അവൻ പറയുന്നത് എന്നോടാണ്, ഞാനത് പ്രവീണിനോടും (Praveen VP). ഒന്നാം ക്ലാസു മുതൽ ഒപ്പമുണ്ട് വിനേഷ് (Vinesh Kumar). കാണാത്ത ലോകങ്ങൾ കാണാൻ ഞങ്ങളെ പ്രലോഭിപ്പിച്ചിരുന്നത് ഷവാദായിരുന്നു (Shavad K Naduvannur). ഞങ്ങളഞ്ചു പേർ ഒന്നിച്ചു കണ്ട സ്വപ്നത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രമേയുള്ളൂ. പറഞ്ഞല്ലോ, പ്രിയപ്പെട്ട മമ്മൂക്ക സൈലത്തിൻ്റെ ഒഫീഷ്യൽ ബ്രാൻഡ് അംബാസിഡറായി 6 മണിക്ക് എയർ ചെയ്യപ്പെടുകയാണ്. ഹൈലി എസ്റ്റാബ്ലിഷ്ഡ് ബ്രാൻഡുകൾക്കൊപ്പം മാത്രം നിൽക്കുന്ന ഒരാൾ !! എന്നിട്ടും നിങ്ങളെന്തേ മമ്മൂക്ക ഞങ്ങളെ വിശ്വസിച്ചു ? അമ്പരിപ്പിച്ചു കൊണ്ട് മറുപടി വരുന്നു, നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ - അതാണെൻ്റെ വിശ്വാസം !!
കാരവനിൽ നിന്നിറങ്ങി ക്യാമറയ്ക്ക് മുമ്പിൽ വന്ന് നിന്ന ഫസ്റ്റ് ലുക്ക് പടമാണിത്. നിങ്ങളൊക്കെ എന്ന് മമ്മൂക്ക തെറ്റിപ്പറഞ്ഞത് 'നമ്മളൊക്കെ' എന്ന് തിരുത്തി അവസാനിപ്പിക്കട്ടെ. നമ്മളൊക്കെ ചെറുപ്പക്കാരല്ലേ മമ്മൂക്കാ