‘ബിലാലും പിള്ളേരും പൊളിയാ’, ഷൂട്ടിംഗ് ഉടനെന്ന് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ്

‘ബിലാലും പിള്ളേരും പൊളിയാ’, ഷൂട്ടിംഗ് ഉടനെന്ന് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ്

ബിഗ് ബി രണ്ടാം ഭാഗമായ ബിലാല്‍ ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ജോബി ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്. 2020ലെ മമ്മൂട്ടിയുടെ ആദ്യ റിലീസായ ഷൈലോക്ക് നിര്‍മ്മിച്ചതും ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ് ആണ്.

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദ പ്രീസ്റ്റ്്'എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രവുമാണ് ബിലാല്‍. ഒന്നരപ്പുറം നെടുങ്കന്‍ ഡയലോഗുകളില്‍ നിന്ന് ഒറ്റ വരി പഞ്ച് വണ്‍ ലൈനറിലേക്കും, സ്റ്റൈലിഷ് ഫ്രെയിമുകളിലേക്കും കഥ പറച്ചിലിലേക്കും മലയാള സിനിമയെ വഴിതിരിച്ചുവിട്ട സിനിമകളിലൊന്നാണ് അമല്‍നീരദിന്റെ ബിഗ് ബി. ബോളിവുഡില്‍ ഛായാഗ്രാഹകനായി തിളങ്ങിയ ശേഷം മലയാളത്തിലെത്തിയ അമല്‍നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമായിരുന്നു ബിഗ് ബി. മാര്‍ച്ച് പകുതിയോടെ ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കൊറോണാ വ്യാപനത്തിന്റെ സാഹചര്യത്തില്‍ നീട്ടിവെക്കുമെന്നും സൂചനയുണ്ട്. സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും മംമ്താ മോഹന്‍ദാസും ബാലയും നേരത്തെ പറഞ്ഞിരുന്നു.

ബിഗ് ബിയുടെ സീക്വല്‍ ആണോ പ്രീക്വല്‍ ആണോ ബിലാല്‍ എന്ന് കാത്തിരുന്നറിയാം. വരത്തന്‍ എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ബിലാല്‍. ബിഗ് ബിയുടെ സഹരചയിതാവ് ഉണ്ണി ആര്‍ ബിലാലില്‍ രചനാപങ്കാളിയാണ്. ഗോപിസുന്ദര്‍ ആണ് സംഗീത സംവിധാനം. മനോജ് കെ ജയന്‍, ബാല, മംമ്താ മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ശ്രീനാഥ് ഭാസിയും പുതിയ പതിപ്പിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Cue
www.thecue.in