
സിനിമാജീവിതത്തിലെ സന്ദിഗ്ധഘട്ടങ്ങളില്‍ എന്നെ മുന്നോട്ടുനയിച്ച നേതാവുതന്നെയാണ് മമ്മൂട്ടിയെന്ന് സംവിധായകന്‍ രഞ്ജിത്. കയ്യൊപ്പ് എന്ന സിനിമ ചുരുങ്ങിയ ബജറ്റില്‍ നിര്‍മിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന് മമ്മൂട്ടി ചോദിച്ചതായും രഞ്ജിത്. പ്രതിഫലം വാങ്ങാതെയാണ് കയ്യൊപ്പ് പൂര്‍ത്തിയാക്കിയതെന്നും രഞ്ജിത്. മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
രഞ്ജിത് എഴുതിയത്
ഒരു ചോദ്യം മാത്രം മമ്മൂക്ക, ''ഈ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന് എത്രനാള്‍ ഷൂട്ട് വേണ്ടിവരും'' ഞാനൊന്ന് ചിരിച്ചു, എന്റെ മറുപടി ഈ രൂപത്തിലാണ് വന്നത്. ''നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എനിക്കില്ല'' ചോദിച്ചത് പ്രതിഫലം അല്ല, എന്റെ എത്രനാള്‍ വേണമെന്നാണ്. അങ്ങനെ വഴിച്ചെലവിന്റെ കാശുപോലും എനിക്ക് ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കാതെ അദ്ദേഹം വന്നു. പതിനാലുനാള്‍കൊണ്ട് സിനിമ ഞാന്‍ പൂര്‍ത്തിയാക്കി.
പിന്നീടെന്റെ മറ്റൊരു സിനിമയിലേക്ക് അധികാരത്തോടെ, സ്‌നേഹത്തോടെ അദ്ദേഹം വന്നുകയറി. ഞാന്‍ ഡേറ്റ് ചോദിക്കാന്‍വേണ്ടി വിളിച്ചിട്ടില്ല, വിളിച്ച് തന്നതാണ്. അതാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. പ്രാഞ്ചിയേട്ടന്റെ കഥ കേട്ടതും ''നീ തൃശ്ശൂര്‍ ആയിരിക്കും ഷൂട്ട്‌ചെയ്യാന്‍ പോകുന്നത് അല്ലേ'' എന്ന് ഇങ്ങോട്ട് ചോദിച്ചു. എന്റെയും അദ്ദേഹത്തിന്റെയും നിര്‍മാണ കമ്പനികള്‍ ചേര്‍ന്ന് പ്രാഞ്ചിയേട്ടന്‍ ചെയ്തു. മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ പ്രാഞ്ചിയേട്ടന്‍ ഉണ്ട് എന്നത് ഏറെ ആഹ്ലാദകരമാണ്.