വിതരണക്കാരുടെ സംഘടനാ തലപ്പത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റാകും

വിതരണക്കാരുടെ സംഘടനാ തലപ്പത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റാകും

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തലപ്പത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ. സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ മാറുന്ന ഒഴിവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. എതിർ പാനൽ മത്സര രം​ഗത്തില്ലാത്ത സാഹചര്യത്തിൽ ജൂൺ 29ന് കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡിയിൽ ലിസ്റ്റിൻ ഉൾപ്പെട്ട പാനലിനെ തെരഞ്ഞെടുക്കും.

കഴിഞ്ഞ് അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്കും, എവർഷൈൻ മണി സെക്രട്ടറി സ്ഥാനത്തേക്കും മുരളി മുവീസ് ഉടമ വി.പി മാധവൻ നായർ ട്രഷറർ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെടും.

മാജിക് ഫ്രെയിംസ് എന്ന നിർമ്മാണ-വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. ട്രാഫിക് എന്ന സിനിമ നിർമ്മിച്ചാണ് ലിസ്റ്റിൻ നിർമ്മാണ രം​ഗത്തെത്തുന്നത്.

നിയമോപദേശം തേടി എതിർവിഭാ​ഗം

പത്ത് വർഷമായി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി തുടരുന്നത് സിയാദ് കോക്കറായിരുന്നു. ജോസ് സി മുണ്ടാടനെ സംഘടനയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിയമക്കുരുക്കിലായിരുന്നു.

നേതൃത്വത്തിനെതിരെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭരണസമിതിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ച് ഒരു വിഭാ​ഗം വിതരണക്കാർ കോടതിയെ സമീപിച്ചിരുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ അഴിമതി ആരോപണവുമായി ഒരു വിഭാ​ഗം കഴിഞ്ഞ വർഷം രം​ഗത്തെത്തിയതും പിന്നീട് കോടതി നടപടികളിലെത്തിയിരുന്നു.

കേസ് നടത്തിപ്പിന്‍റെ പേരിലും സിനിമാ പോസ്റ്റര്‍ സീലിങ് ചാര്‍ജിന്‍റെ പേരിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു എതിർ വിഭാ​ഗത്തിന്റെ പരാതി. അസോസിയേഷനില്‍ ഏഴ് വര്‍ഷമായി തെരഞ്ഞെടുപ്പോ ജനറല്‍ ബോഡി യോഗമോ നടക്കാത്തതും ചർച്ചയാക്കണമെന്നാണ് ഇവരുടെ ആവശ്യം. നിയമോപദേശം തേടിയതിനാലാണ് എതിർപാനൽ മത്സരരം​ഗത്ത് ഇല്ലാത്തതെന്നും കോടതി നടപടികൾ പുരോ​ഗമിക്കുന്നതിനാൽ തെരഞ്ഞെടുപ്പിന് സാധുത ലഭിക്കില്ലെന്നുമാണ് ഇവരുടെ വാദം

Related Stories

No stories found.
logo
The Cue
www.thecue.in