കുരുതി തിയറ്ററുകളിലേക്ക് തന്നെ, ഓണ്‍ലൈന്‍ എഡിറ്റ് വേര്‍ഷന്‍ ഏതാണ്ട് ഫൈനല്‍ കട്ട് ആയിരുന്നുവെന്ന് പൃഥ്വിരാജ്

കുരുതി തിയറ്ററുകളിലേക്ക് തന്നെ, ഓണ്‍ലൈന്‍ എഡിറ്റ് വേര്‍ഷന്‍  ഏതാണ്ട് ഫൈനല്‍ കട്ട് ആയിരുന്നുവെന്ന് പൃഥ്വിരാജ്

കൊവിഡ് തീവ്രവ്യാപനത്തിന് പിന്നാലെ സിനിമ വീണ്ടും നിശ്ചലമായപ്പോള്‍ പുതിയ ചിത്രമായ കുരുതിയുടെ വിശേഷങ്ങളുമായി പൃഥ്വിരാജ് സുകുമാരന്‍. സിനിമ അവസാന മിനുക്കുപണികളിലാണെന്ന് പൃഥ്വിരാജ്. മേയ് 13ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു കുരുതി. പൊളിറ്റിക്കല്‍ ഡ്രാമ സ്വഭാവമുള്ള സിനിമ മനു വാര്യരാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യുവും സിനിമയില്‍ നായകനാണ്.

കുരുതി സിനിമയുടെ ഓണ്‍ലൈന്‍ എഡിറ്റ് വേര്‍ഷന്‍ തന്നെയാണ് ഫൈനല്‍ കട്ട് ആയി മാറിയതെന്ന് പൃഥ്വിരാജ്. ജേക്‌സ് ബിജോയ് പശ്ചാത്തലമൊരുക്കിയതും ആ ഘട്ടം മുതല്‍ക്കാണ്. അറ്റ്‌മോസ് മിക്‌സ് ഒഴികെ എല്ലാ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒറ്റ മാസത്തിനകം പൂര്‍ത്തിയായിരുന്നു. ലോകം സാധാരണ ഗതിയിലാകുന്ന സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയാണ് കുരുതി. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. വെറുപ്പ് ഒരു തരി മതി തീയായി ആളിക്കത്താന്‍ എന്ന് തുടങ്ങുന്ന മാമുക്കോയയുടെ ഡയലോഗിന് പിന്നാലെ പകയും പ്രതികാരവും രാഷ്ട്രീയ വൈരവും സിനിമയുടെ ഇതിവൃത്തമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു സിനിമയുടെ ടീസര്‍. റോഷന്‍ മാത്യു , മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിലേഷ് മോഹനാണ് എഡിറ്റിംഗ്.

കുരുതി തിയറ്ററുകളിലേക്ക് തന്നെ, ഓണ്‍ലൈന്‍ എഡിറ്റ് വേര്‍ഷന്‍  ഏതാണ്ട് ഫൈനല്‍ കട്ട് ആയിരുന്നുവെന്ന് പൃഥ്വിരാജ്
'ഒടുവില്‍ ജയിച്ചെന്ന് നമ്മളോട് നുണപറയും', പൊളിറ്റിക്കല്‍ ത്രില്ലറുമായി പൃഥ്വിരാജും റോഷന്‍ മാത്യുവും; 'കുരുതി' അഭിമാനമെന്ന് പൃഥ്വി

കുരുതിയെക്കുറിച്ച് സംവിധായകന്‍ മനു വാര്യര്‍ ദ ക്യുവിനോട്

മലയാളത്തില്‍ സിനിമ ചെയ്യുക എന്നത് ഏതൊരാളേയും പോലെ എന്റെയും സ്വപ്നമായിരുന്നു. മുംബൈയില്‍ ജനിച്ചു വളര്‍ന്നതിനാലും ജോലികളെല്ലാം അവിടെ തന്നെയായിരുന്നതിനാലും ആദ്യചിത്രം ബോളിവുഡില്‍ ഇറങ്ങി. അപ്പോഴും മനസ്സില്‍ മലയാളസിനിമയെന്ന സ്വപ്നം അങ്ങനെ തന്നെയുണ്ടായിരുന്നു. കുരുതിയുടെ തിരക്കഥാകൃത്ത് അനീഷ് പല്യാല്‍ കഥ എനിക്ക് വായിക്കാന്‍ തന്നപ്പോള്‍ മുതല്‍ എന്റെ മനസുമുഴുവന്‍ നമ്മുടെ നാടായിരുന്നു. അങ്ങനെയാണ് കുരുതിയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. കുരുതിയെന്ന ടൈറ്റില്‍ ശരിക്കും പൃഥ്വിരാജ് നിര്‍ദേശിച്ച പേരാണ്. ഞങ്ങള്‍ ഇടാന്‍ തീരുമാനിച്ചിരുന്ന ടൈറ്റില്‍ വേറെയായിരുന്നു. പക്ഷേ അതിന് രജിസ്‌ട്രേഷന്‍ കിട്ടിയില്ല. അപ്പോഴാണ് പൃഥി ഈ പേര് പറയുന്നത്. ഇത് ചിത്രത്തിന് വളരെ അനുയോജ്യമാണ് എന്ന് തോന്നിയതിനാല്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രം ആലോചിക്കുമ്പോള്‍ തന്നെ ഞങ്ങളുടെയെല്ലാം ഉള്ളില്‍ പ്രധാനകഥാപാത്രമായി പൃഥ്വിരാജ് തന്നെയായിരുന്നു. അദ്ദേഹത്തെ സമീപിച്ച് കഥ പറഞ്ഞു കഴിഞ്ഞതും ആവേശഭരിതനായ പൃഥ്വിയെ ഞാന്‍ ഓര്‍ക്കുന്നു. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാമെന്നും പറഞ്ഞു. എന്റെ മലയാളത്തിലെ ആദ്യസിനിമ ഇവര്‍ക്കൊപ്പം ആയതില്‍ വളരെ സന്തോഷം.

പൃഥ്വി നായകനാണെങ്കിലും മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നും ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്നും മനു വാര്യര്‍ പറഞ്ഞു. സാമൂഹിക പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ് കുരുതി. പ്രേക്ഷകര്‍ക്കാവശ്യമായ ചേരുവകള്‍ എല്ലാം ചേര്‍ത്താണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും സംവിധായകന്‍.

കുരുതി തിയറ്ററുകളിലേക്ക് തന്നെ, ഓണ്‍ലൈന്‍ എഡിറ്റ് വേര്‍ഷന്‍  ഏതാണ്ട് ഫൈനല്‍ കട്ട് ആയിരുന്നുവെന്ന് പൃഥ്വിരാജ്
'കുരുതി' പൃഥ്വി നിര്‍ദേശിച്ച പേര്; ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറെന്ന് സംവിധായകന്‍ മനു വാര്യര്‍

Related Stories

No stories found.
logo
The Cue
www.thecue.in