ഈ ആഴ്ച റിവ്യൂ ഇല്ല, സംവിധായകനാകാന്‍ ബ്ലൂ സട്ടൈ മാരന്‍ ബ്രേക്ക് എടുത്തു

ഈ ആഴ്ച റിവ്യൂ ഇല്ല, സംവിധായകനാകാന്‍ ബ്ലൂ സട്ടൈ മാരന്‍ ബ്രേക്ക് എടുത്തു

‘’ബ്ലൂ സട്ടൈക്ക് പോലും ഇഷ്ടപ്പെട്ട സിനിമയാണ് ഇത്’’

96 എന്ന സിനിമയുടെ സക്‌സസ് പാര്‍ട്ടിയില്‍ വിജയ് സേതുപതി ഇങ്ങനെ പറഞ്ഞു. കോളിവുഡില്‍ യൂട്യൂബ് സിനിമാ റിവ്യൂ പ്രോഗ്രാമുകളില്‍ ഭീഷണിയും ഫാന്‍സ് സൈബര്‍ അറ്റാക്കും പൊലീസ് കേസും വരെ നേരിട്ട ആളാണ് ബ്ലൂ സട്ടൈ മാരന്‍. ഇഷ്ടപ്പെടാത്ത സിനിമകള്‍ക്ക് മേല്‍ ചൊരിയുന്ന പരിഹാസവും ട്രോളും വിമര്‍ശനവും കൊണ്ടാണ് ബ്ലൂ സട്ടൈ മാരന്‍ എന്ന നിലക്കുപ്പായക്കാരന്‍ റിവ്യൂവര്‍ ശ്രദ്ധേയനായത്.

ഈ ആഴ്ച റിവ്യൂ ഉണ്ടാവില്ലെന്ന അറിയിപ്പോടെ സിനിമാ വിമര്‍ശന പരിപാടിക്ക് തല്‍ക്കാലം ബ്രേക്ക് പറഞ്ഞിരിക്കുകയാണ് ബ്ലൂ സട്ടൈ മാരന്‍. സംവിധാന രംഗത്തേക്ക് തിരിഞ്ഞതാണ് ബ്രേക്കിന് കാരണം.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ പൂജാ ചിത്രങ്ങള്‍ ബ്ലൂ സട്ടൈ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് തമിള്‍ ടാക്കീസ് എന്ന സ്വന്തം ബാനറില്‍ സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്യാനാണ് ആലോചിച്ചതെങ്കിലും സിനിമ നടന്നില്ല. മുമ്പ് അഭിനയിക്കാന്‍ അവസരം തേടി ഫോട്ടോ അയച്ചവരോട് വീണ്ടും അയക്കണമെന്ന് മാരന്‍ പറഞ്ഞിരുന്നു. സ്വന്തം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയാണ് മാരന്‍ കാസ്റ്റിംഗ് കോള്‍ നടത്തിയത്.

സിനിമ റിവ്യൂ ചെയ്യുന്നതിന് മുമ്പ് സ്വന്തമായി ഒരു സിനിമ എടുത്ത് കാണിക്കൂ എന്ന് പലരും പറഞ്ഞതാണ് സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ബ്ലൂ സട്ടൈ മാരന്‍ പറഞ്ഞിരുന്നു.

9 ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മുവീ റിവ്യൂ യൂട്യൂബ് ചാനലാണ് തമിള്‍ ടാക്കീസ്. സര്‍ക്കാസവും പരിഹാസവും കൊണ്ടാണ് ബ്ലൂ സട്ടൈ, റിവ്യൂവിന് ആരാധകരെ കൂട്ടിയത്. രജിനികാന്ത് ചിത്രം 2.0 റിലീസ് ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു പ്രേതസിനിമയാണെന്നും ലോറന്‍സിനെ നായകനാക്കിയാണ് സിനിമ ചെയ്തതെങ്കില്‍ ലോ ബജറ്റില്‍ തീര്‍ത്ത് വിജയം കൊയ്യാമെന്നുമായിരുന്നു വിമര്‍ശനം.

സിനിമാ വിതരണ രംഗത്തുള്ള അമ്മാവനൊപ്പം പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയതാണെന്നും ഹൃദയം അന്ന് മുതല്‍ സിനിമക്കൊപ്പമാണെന്നും ദ ന്യൂസ് മിനുട്ട് അഭിമുഖത്തില്‍ ബ്ലൂ സട്ടൈ പറഞ്ഞിരുന്നു. സിനിമാ വിതരണത്തില്‍ ഒരു കൈ നോക്കിയെങ്കിലും പച്ച പിടിച്ചിരുന്നില്ല.

എല്ലാ എപ്പിസോഡിലും നീല ഷര്‍ട്ട് ധരിച്ചെത്തിയാണ് മാരന്‍ ബ്ലൂ സട്ടൈ മാരന്‍ ആയത്. ഇത് മാരന്റെ യൂണിഫോം ആയി. അമ്പതിന് മുകളില്‍ ഷര്‍ട്ട് ഒരു കൊല്ലം റിവ്യൂ ചെയ്യാന്‍ വാങ്ങേണ്ടി വരുന്നത് അധികച്ചെലവായതിനാലാണ് ബ്ലൂ യൂണിഫോം സ്വീകരിച്ചതെന്നാണ് മാരന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ചാര്‍ലി ചാപ്ലിന്‍ ടു റിവ്യൂവിന്റെ പേരില്‍ പോലീസ് കേസ് വന്നതോടെയാണ് മാരന്‍ യൂട്യൂബ് താരമായത്.

പൊട്ടപ്പടങ്ങളാണ് തന്റെ റിവ്യൂ ഭയക്കുന്നതെന്നാണ് മാരന്‍ പറഞ്ഞിരുന്നത്. നല്ല സിനിമ എന്താണെന്ന് തന്റെ സിനിമ പുറത്തുവന്നാല്‍ അറിയാമെന്നാണ് മാരന്‍ പറയുന്നത്.

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിമ്പുവിനെ നായകനാക്കി മാനാട് എന്ന ചിത്രം നിര്‍മ്മിക്കാനിരുന്ന സുരേഷ് കാമാച്ചിയാണ് ബ്ലൂ സട്ടൈ മാരന്റെ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ഷൂട്ടില്‍ പങ്കെടുക്കാതെ ചിമ്പു കബളിപ്പിച്ചെന്നാരോപിച്ച് സുരേഷ് കാമാച്ചി കോടതിയെ സമീപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in