'ബാബുക്കുട്ടന്‍' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ; 'ശശി' പ്രയോഗം വന്നവഴി വെളിപ്പെടുത്തി നടന്‍ സലിം കുമാര്‍

'ബാബുക്കുട്ടന്‍' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ; 'ശശി' പ്രയോഗം വന്നവഴി വെളിപ്പെടുത്തി നടന്‍ സലിം കുമാര്‍

കളിയാക്കാനും മറ്റും ഇപ്പോള്‍ ഏവരും ഉപയോഗിക്കുന്ന 'ശശി' പ്രയോഗം വന്ന വഴി വെളിപ്പെടുത്തി നടന്‍ സലിം കുമാര്‍. ഫ്‌ളവേഴ്‌സ് ചാനലിന്റെ ടോപ്പ് സിങ്ങര്‍ പരിപാടിക്കിടെയാണ് സലിം കുമാര്‍ ആ പ്രയോഗം വന്ന വഴി പങ്കുവെച്ചത്. റാഫി മെക്കാര്‍ട്ടിന്‍ ജയസൂര്യയെ നായകനാക്കിയൊരുക്കിയ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിന് ശേഷമാണ് ശശി - വിളിയും പ്രയോഗവും വ്യാപകമാകുന്നത്. 2004 ല്‍ വന്ന ചതിക്കാത്ത ചന്തുവിലെ പല ഡയലോഗുകളും രംഗങ്ങളും സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതായിരുന്നു. പലതും ചിത്രീകരണ സമയത്ത് കൂട്ടിച്ചേര്‍ത്തതാണ്.

ഒരു കൊട്ടാരത്തിന് മുന്നില്‍ സലിം കുമാറും കൊച്ചിന്‍ ഹനീഫയുമെത്തുന്ന സീനിലാണ് ശശി പ്രയോഗം വരുന്നത്. ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം ചോദിക്കുന്നു. മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ്, പേര് ശശി എന്ന് സലിം കുമാര്‍ പറയുകയും ചെയ്യുന്നു. എന്നാല്‍ താന്‍ പറഞ്ഞ ഈ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഉള്ളതായിരുന്നില്ലെന്ന് സലിം കുമാര്‍ വ്യക്തമാക്കുന്നു. ശശി എന്ന പേര് തമാശയ്ക്ക് പറഞ്ഞതാണ്. ചതിക്കാത്ത ചന്തുവില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ല. ഷൂട്ടിങ് സമയത്ത് സംഭാഷണമില്ലാതെ കൈകൊണ്ട് എന്തോ കാണിച്ചങ്ങ് പോവുകയായിരുന്നു. നടനും സംവിധായകനുമായ ലാലാണ് ഡബ്ബിംഗിന് ഇരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡബ്ബ് ചെയ്യുന്ന സമയത്ത് അവിടെ എന്തെങ്കിലുമൊരു തമാശ പറഞ്ഞേക്കൂവെന്ന് ലാലേട്ടന്‍ പറഞ്ഞു. ആ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു. അത്. രാജാവിന്റെ പേര് ബാബുക്കുട്ടന്‍ എന്ന് ആദ്യം പറഞ്ഞു. അപ്പോള്‍ എല്ലാവരും ചിരിച്ചു. എന്നാല്‍ ഡബ്ബിങ് ഒക്കെ കഴിഞ്ഞപ്പോള്‍, ബാബുക്കുട്ടന്‍ എന്ന പേര് മാറ്റണമെന്ന് ലാല്‍ പറഞ്ഞു. വേറെ എന്തെങ്കിലും പേര് കിട്ടുമോയെന്ന് നോക്കാന്‍ പറഞ്ഞു. വേറൊന്നും കിട്ടിയില്ലെങ്കില്‍ ബാബുക്കുട്ടന്‍ എന്നുതന്നെ ഉപയോഗിക്കാമെന്നും നിര്‍ദേശിച്ചു. അങ്ങനെയാണ് ശശി എന്ന് ഇട്ടത്. തിരുവിതാംകൂര്‍ മഹാരാജാവ് പേര് ശശി എന്നാണ് ഡയലോഗ് ആക്കിയത്. ഇതുകേട്ടതോടെ അതുമതിയെന്ന് ലാല്‍ പറഞ്ഞു. അല്ലെങ്കില്‍ ഒരുപക്ഷേ ബാബുക്കുട്ടന്‍ എന്നതായിരുന്നു പ്രചാരത്തിലാകുമായിരുന്നത്. ബാബുക്കുട്ടന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സലിം കുമാര്‍ പറഞ്ഞു.

Actor Salim kumar on how the term Shashi Became Popular.

Related Stories

No stories found.
logo
The Cue
www.thecue.in