പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍

പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍

നടന്‍ പ്രേം കുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍. മൂന്ന് വര്‍ഷ കാലയളവിലേക്കാണ് നിയമനം. ബീനാ പോളിനു പകരമാണ് നിയമനം. നേരത്തേ, ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെ നിയമിച്ചിരുന്നു. സംവിധായകന്‍ കമല്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കായിരുന്നു രഞ്ജിത്തിന്റെ നിയമനം.

ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ പ്രേംകുമാറിന് മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കോമഡി റോളുകളിലും കാരക്ടര്‍ റോളുകളിലും തിളങ്ങിയിരുന്ന പ്രേംകുമാര്‍ പി.എ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.

1967 സെപ്റ്റംബര്‍ 12ന് ജെയിംസ് സാമുവേലിന്റെയും ജയകുമാരിയുടെയും മകനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് പ്രേംകുമാറിന്റെ ജനനം. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാര്‍ പാസ്സായത്. പ്രശസ്ത സംവിധായകന്‍ പി എ ബക്കറിന്റെ പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള 'സഖാവ്' എന്ന സിനിമയില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാല്‍ ആ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന 'ലംബോ' എന്ന ടെലിഫിലിം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്.വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. ജോണിവാക്കര്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, പുതുക്കോട്ടയിലെ പുതുമണവാളന്‍, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളില്‍ നായകനും സഹനടനുമായിരുന്നു (m3db)

Related Stories

No stories found.
logo
The Cue
www.thecue.in