നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്ന പത്മരാജന്‍

നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്ന പത്മരാജന്‍

ആരും വിളിക്കാതെ വന്ന പൊടുന്നനെയുള്ള മരണം കൊത്തിയെടുത്തു പറന്നില്ലായിരുന്നു എങ്കില്‍ പത്മരാജന് ഇന്ന് 78 വയസ്സ്. വാക്കുകളുടെ തെരഞ്ഞെടുപ്പുകളിലൂടെ, പ്രണയം പെയ്യുന്ന വരികളിലൂടെ അദ്ദേഹം ഇന്നും നമ്മെ കൊതിപ്പിച്ചേനെ.അസൂയയുടെ വിത്തുകള്‍ വിതച്ചേനെ. ചിലരുടെ ഒരിക്കലും കെടാത്ത ഓര്‍മ്മകള്‍, തങ്ങളുടെ അടയാളം പതിപ്പിച്ച് അവര്‍ കടന്നുപോയ വഴിത്താരകള്‍ എന്നിവയ്‌ക്കൊക്കെ പുനര്‍ജ്ജന്മം എന്നൊന്നുണ്ടായിരുന്നെങ്കില്‍ എന്ന ആശ സമ്മാനിക്കാറുണ്ട്! അവരൊക്കെ പുനര്‍ജനിച്ചു നമുക്കു ചുറ്റും ഒന്നുകൂടി വന്നിരുന്നെങ്കില്‍ എന്നും!

ദൈവം എന്നൊരാള്‍ ഉണ്ടെന്ന് വയ്ക്കുക. നിനക്ക് ആരെപ്പോലെ എഴുതണം എന്നൊരു ചോദ്യം അയാള്‍ തൊടുത്താല്‍, തൊട്ടടുത്ത നിമിഷം ഞാന്‍ പറയുന്ന പേര് അത് പത്മരാജന്‍ എന്നാണ്! എന്ത് മനോഹരമായ എഴുത്താണ്! പത്മരാജന്‍ എന്ന സംവിധായകനേക്കാള്‍ ഇന്നോളം കൊതിപ്പിച്ചതും ഭ്രമിപ്പിച്ചതും അയാളിലെ എഴുത്തുകാരന്‍ ആണ്! ജീവിച്ചിരുന്ന കാലത്ത് വലിയ പിന്തുണ ലഭിക്കാതിരുന്ന ആ സൃഷ്ടികള്‍ കാലാതിവര്‍ത്തികളായി, തലമുറകളെ അസൂയപ്പെടുത്തി ഇങ്ങനെ നിലകൊള്ളുമ്പോള്‍ പ്രത്യേകിച്ചും! പേനത്തുമ്പ് കൊണ്ട്, സദാചാരത്തിന്റെ കനത്ത പാളികളെ പൊളിച്ചകറ്റി, ചിന്തകളില്‍ തന്റെ സമകാലികരില്‍ നിന്ന് ദശാബ്ദങ്ങള്‍ മുന്നിലേക്ക് കുതിച്ചയാള്‍ നടത്തിയ ഒരു യാത്രയുണ്ട്.

ഇന്നും മലയാള സിനിമയില്‍ പലരും പരീക്ഷിക്കാന്‍ മടിക്കുന്ന ആശയങ്ങളും കഥാപരിസരങ്ങളും എണ്‍പതുകളുടെ അവസാന പകുതിയില്‍ തന്നെ സൃഷ്ടിക്കാനും തന്റെ കഥാപാത്രങ്ങളിലൂടെ അന്നത്തെ പല വിശ്വാസങ്ങളെയും പൊളിച്ചെഴുതാനും പത്മരാജന് സാധിച്ചത് അത്തരത്തിലുള്ള യാത്രകളിലൂടെയാണ്.

കെ.ജി. ജോര്‍ജ് സിനിമകളിലെപ്പോലെ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍ പത്മരാജന്‍ സിനിമകളുടെയും പ്രത്യേകതയാണ്. മുന്തിരിത്തോപ്പുകളിലെ സോഫിയ, തൂവാനത്തുമ്പികളിലെ ക്ളാര, ഞാന്‍ ഗന്ധര്‍വ്വനിലെ ഭാമ, കൂടെവിടെയിലെ ആലീസ്, ഫയല്‍വാനിലെ ജയന്തി, തിങ്കളാഴ്ച നല്ല ദിവസത്തിലെ അമ്മ, നൊമ്പരത്തിപ്പൂവിലെ ജിജി അങ്ങനെ അങ്ങനെ...

പക്ഷെ ബിബ്ലിക്കല്‍ പശ്ചാത്തലത്തിലെ ഒരു അപ്ബ്രിങ്ങിങ്, കെ.ജി ജോര്‍ജ് എന്ന ക്രാഫ്റ്റ്‌സ്മാനില്‍ (അയാള്‍ പോലും അറിയാതെ) ഏല്‍പ്പിച്ച പാപബോധം ആവാം, സ്ഥിരം നടപ്പുകാരുടെ തഴമ്പേറ്റ് പഴകിയ വഴികളുടെ അതിര്‍ത്തി പൊളിച്ചു യാത്ര ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന അയാളുടെ മിക്ക കഥാപാത്രങ്ങളുടെയും അന്ത്യം ദുരന്തപര്യവസായി ആക്കി മാറ്റിയത്.

അവിടെയാണ് പത്മരാജന്‍ വ്യത്യസ്തനാകുന്നത്. കാലത്തിന്റെ, സമൂഹനിര്‍മ്മിതികളുടെ, സങ്കുചിത ചിന്തകളുടെ വേലിക്കെട്ടുകള്‍ പൊളിച്ചകറ്റുന്ന മിക്ക പെണ്‍ കഥാപാത്രങ്ങള്‍ക്കും തങ്ങള്‍ അര്‍ഹിക്കുന്ന തരത്തിലുള്ള ഒരു ജീവിതവും സിനിമാന്ത്യത്തില്‍ അയാള്‍ സമ്മാനിക്കുന്നുണ്ട്.

പത്മരാജന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന ക്ലാരയെ എടുക്കുക. എന്തുകൊണ്ട് ക്ലാര ജയകൃഷ്ണനെ നിരസിച്ചു എന്ന് ആദ്യമൊക്കെ സംശയിച്ചിട്ടുണ്ട്. പക്ഷേ പുനര്‍ക്കാഴ്ചകളില്‍ മണ്ണാര്‍തൊടിയിലെ സൗഭാഗ്യങ്ങളെക്കാള്‍, ജയകൃഷ്ണന്റെ പ്രേമത്തെക്കാള്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ക്ളാര കണ്ണിനുമുന്നില്‍ തെളിഞ്ഞു തുടങ്ങി. (വ്യക്തിപരമായ തോന്നല്‍ ആവാം) ''എന്തുകൊണ്ട് ഇങ്ങനൊരു ജീവിതം'' എന്ന ജയകൃഷ്ണന്റെ ചോദ്യത്തിന് മറുപടി ആയി, 'വീട്ടിലെ പ്രാരാബ്ദം, ചെറുപ്പത്തില്‍ നേരിട്ട പീഡനം' തുടങ്ങിയ മറുപടികള്‍ അന്നത്തെ മറ്റു നായികമാരെപ്പോലെ ക്ളാരയക്കും ഈസിലി അവൈലബിള്‍ ആയിരുന്നു. എന്നാല്‍ 'നിങ്ങള്‍ ഈ വാതില്‍ കടന്നു വന്നപ്പോള്‍ എന്തിനാണ് വന്നത് എന്ന് ഞാന്‍ ചോദിച്ചോ' എന്ന മറുചോദ്യമാണ് അവളുടെ മറുപടി.!

'ഒരു കുടുംബത്തിന്റെ മാനം, ആദരവ് ഇതൊക്കെ അവിടുത്തെ സ്ത്രീകള്‍ തങ്ങളുടെ ശരീരത്തിലും മാറിടത്തിലും കാലുകള്‍ക്ക് നടുവിലും ചുമക്കണം''എന്ന് 'പാവ കഥൈകളില്‍' സിമ്രാന്റെ ഒരു ഡയലോഗ് ഉണ്ട്. അപ്പോഴാണ്, ഏതാണ്ട് പത്തുമുപ്പത് കൊല്ലം മുന്‍പ്, അതിക്രമങ്ങള്‍ക്ക് വിധേയയാകേണ്ടി വരുന്ന പെണ്ണ് മണ്ണെണ്ണയിലോ ഒരു മുഴം കയറിലോ ജീവന്‍ ഒടുക്കണം എന്ന കീഴ്വഴക്കങ്ങള്‍ സിനിമയില്‍ പൊതുവായിരുന്ന ഒരു കാലത്ത്, സോഫിയയെ ചേര്‍ത്ത് പിടിച്ച് അവളുടെ മുന്നിലെ ഇരുട്ടിലേക്ക് സോളമന്‍ തന്റെ ലോറിയുടെ ഹെഡ്‌ലൈറ്റ് പായിക്കുന്നത്. സോഫിയയുടെ ജീവിതത്തില്‍ നടന്നത് ഒന്നും അയാളുടെ പരിഗണനാവിഷയം അല്ല. ഞാന്‍ അവളെ ഇഷ്ടപ്പെടുന്നു. അവള്‍ എന്നെയും.!

അങ്ങനെ എത്ര എത്ര കഥാപാത്രങ്ങള്‍ ! പത്മരാജനെപ്പറ്റിയുള്ള ഒരു ലേഖനത്തിനു മോഹന്‍ലാല്‍ നല്‍കിയ ശീര്‍ഷകം, 'പത്മരാജന്‍ ഒരു വൈറസ് ആണ് ' എന്നാണ്.! അതേ, തലമുറകളിലേക്ക്, അവരുടെ സിനിമാസങ്കല്‍പ്പങ്ങളിലേക്ക്, പ്രണയങ്ങളിലേക്ക് നിശബ്ദം പടര്‍ന്നുകയറുന്ന ഒരു വൈറസ്.!

മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുന്ന കാലം വരേയ്ക്കും, പ്രണയം കിനിയുന്ന ചുണ്ടുകള്‍ ചുംബിക്കുന്ന കാലത്തോളം, മണ്ണാര്‍ത്തൊടിയില്‍ മഴ പെയ്യുന്നിടത്തോളം, മലയാളി മനസ്സിലും, മലയാള സിനിമയിലും പപ്പേട്ടന്‍ എന്ന പത്മരാജന്‍ നിര്‍ത്താതെ പെയ്തുകൊണ്ടേ ഇരിക്കും. ചിരിഞ്ജീവി ആയി!

Related Stories

No stories found.
logo
The Cue
www.thecue.in