
മലകളെ ജയിക്കേണ്ടവന്റെ കഥയാണ് വാലിബൻ. എന്നാൽ അയാൾക്ക് ഇതുവരെയ്ക്കുള്ള കണ്ടുമറന്ന സൂപ്പർ ഹീറോ ചിത്രങ്ങളുടെ പ്രസരിപ്പോ, ക്ലാസ്സിക്കൽ സ്പെക്‌റ്റക്കിളുകളുടെ നിറമോ അല്ല. മറിച്ച്, കണ്ടു കൊതിച്ചിരുന്നിട്ടുള്ള അനേകം സിനിമാ ജോണറുകൾ ഇൻഫ്യൂസ് ചെയ്തെടുത്ത എക്സ്പരിമെന്റൽ സ്വഭാവവും, ആ ലോകത്തേക്കിറങ്ങിച്ചെന്നാൽ മാത്രം ലഭിയ്ക്കത്തക്ക ചിത്രകഥയുടെ ഗന്ധവും, അത്ഭുതത്തോടെയും അതിതീവ്രതോടെയും മാത്രം പുണരാൻ തോന്നുന്ന 'വിൻസന്റ് വാൻ ഗോഗിയൻ' ഭംഗിയുമാണ്.
വെറുതെ ആർട്ട് ഫോം ചിത്രമാക്കാൻ മാത്രം ഒരു സിനിമ സ്ലോ പെയ്സ്ഡ് ആക്കുന്നതിനോട് യോജിപ്പില്ല, എന്നാൽ സിനിമയുടെ വേഗതക്കുറവ് കഥാപാത്രങ്ങളുടെയോ, കഥാ സഞ്ചാരത്തിന്റെയോ അനുഭവത്തിലേക്ക് പ്രേക്ഷകനെ കൂടെ അനുഭവിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്നതാണെങ്കിൽ അവിടെ ഒരു ഹുക്ക് കിട്ടും. അതിലിരുന്ന് പിന്നെ ആ ജീവിതങ്ങളോടൊത്ത് സഞ്ചരിക്കുമ്പോൾ കിട്ടുന്ന ഉന്മാദവസ്ഥ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇതിനു ഏറ്റവും വേണ്ടുന്നയെന്ന് തോന്നിയിട്ടുള്ള ഇലമെൻറ്റ്സ്, മികച്ച പെർഫോമൻസുകളും, സ്‌ക്രീനിൽ കാണുന്ന ലോകത്തിലെ ഏതോ ഒരു മൂലയിൽ ഇരുന്ന് തന്നെയാണ് നമ്മൾ അവരെയെല്ലാം കാണുന്നതെന്നു തോന്നിയ്ക്കത്തക്ക വിഷ്വൽസസും, തീയറ്ററിന്റെ ഇരുണ്ട ആമ്പിയൻസിൽ നിന്നും ആ ലോകത്തേക്ക് കമഴ്ന്നടിച്ചു വീഴുവാൻ പ്രേരിപ്പിക്കുന്ന സൗണ്ട് ഡിസൈനും ആണെന്ന് തോന്നിയിട്ടുണ്ട്. അത് കൂടെയായാൽ, അതിനേക്കാൾ വലിയൊരു കിക്ക് വേറെ കിട്ടാനില്ല.
മുകളിൽ പറഞ്ഞ എല്ലാം ഒരുപോലെ ഒത്തു വന്നതുകൊണ്ടാകണം, ആദ്യ പത്തു മിനുട്ടിൽ തന്നെ ലിജോയുടെ മുത്തശ്ശിക്കഥയിലെ വരണ്ട ഭൂമികയിലേക്ക് എളുപ്പം തെന്നി വീഴുവാൻ രണ്ടാം തവണയും കഴിഞ്ഞത്. ഒന്നാം കാഴ്ച്ചയുടെ കൗതുകത്തിൽ നിന്നും, രണ്ടാം കാഴ്ച കഴിഞ്ഞിറങ്ങിയപ്പോൾ തോന്നിയ അത്ഭുതം കൊണ്ടുണ്ടായ ത്വരയുടെ ബാക്കിപാത്രം മാത്രമാണ്, എഴുതിച്ചേർത്തിരിക്കുന്ന പ്രാന്ത്കൾ. വായിച്ചു മടുക്കുവാൻ താല്പര്യമുള്ളവർക്ക് മാത്രമുള്ള പോസ്റ്റ് (ഈ സിനിമ നിങ്ങൾക്ക് ഒരുപക്ഷെ ഇത്തരത്തിൽ ആയിരിക്കില്ല അനുഭവപ്പെട്ടത്, എന്റെ മാത്രം വീക്ഷണം ആണ്, ക്ഷമിക്കുക) #SpoilerAlert | ശേഷം ഓരോ ചാപ്റ്റർ വിവരണങ്ങളിലൂടെ:
ചാപ്റ്റർ 1:
Cinetelling Lenses & The Bullock cart Odyssey
മധഭരമിഴിയോരത്തിലൂടെയും, അയ്യനാരുടെ പ്രതികാരത്തിൽ തിളച്ചുമറിഞ്ഞ വാലിബ ജനനകഥയിലൂടെയുമാണ് സിനിമയിൽ ഉടനീളം കഥാപാത്രമായി തന്നെ നിലകൊണ്ട വാലിബന്റെ 'കാളവണ്ടിയിലൂടെ' മാത്രമായി ഒരു നേരെറ്റിവ് സൃഷ്ടിയ്ക്കപ്പെട്ടുപോയിട്ടുണ്ടെന്ന് തോന്നിയത്. കഥയുടെ വേഗതയെ കോച്ചുവിലങ്ങിട്ട് പിടിച്ചികൊണ്ട്, മധു നീലകണ്ഠൻ ഒരുക്കിവെച്ച മാജിക്കൽ ഫ്രയിമുകളിലൂടെയും കാലദേശങ്ങളിലൂടെയും ഒഴുകി നീങ്ങുന്ന 'കാളവണ്ടിക്കു' മാത്രമായിത്തന്നെ വാലിബന്റെ ഒരു കഥ പറയുവാനുണ്ട്.
ആദ്യമാ വണ്ടിയിൽ രണ്ട് പേർ മാത്രമാണ്. അയ്യനാറും, അയാളുടെ പകയുടെ സാഫല്യത്തിനായി വളർത്തിയ വാലിബനും. ആ യാത്ര തുടരവേ അത് രണ്ടിൽ നിന്നും മൂന്നായി മാറുന്നുണ്ട്. വാലിബനിലേക്ക് അനാഥത്വവും അയ്യനാരികേക്ക് പിതൃത്വത്തിന്റെ സ്വാർത്ഥതയും പകർന്നു കൊടുത്തുകൊണ്ട് ഇളയവൻ ചിന്നപ്പയ്യനിലൂടെ. 'മാൻകൊമ്പൊടിഞ്ഞൂ'-രിലെ മയിലാട്ടനൃത്തതിന് ശേഷം, കാളവണ്ടിയ്ക്കകത്തിരുന്ന് അയ്യനാറും ചിന്നപ്പയ്യനും ചേർന്ന് വാലിബനെ കളിയാക്കുന്നിടത്തുനിന്നും, മാങ്കോട്ടെ കളരിയിലെ വിജയവും കഴിഞ്ഞ് അതേ ഫ്രയിമിൽ (കാളവണ്ടിയ്ക്കകം) ചിന്നപ്പയ്യനോട് പ്രണയത്തെ കൂട്ടിക്കൊണ്ടുവരുവാൻ പറയുന്ന വാലിബനെ കാണാം. അങ്ങിനെ മൂന്നിൽ നിന്നും ആ കാളവണ്ടിയിലെ യാത്രക്കാർ ജമന്തിയിലൂടെ നാലാകുന്നു. ശേഷം കണ്ടുമുട്ടുന്ന രങ്കറാണിയും മലയ്ക്കോട്ടയ് അടിമകളും ചേർന്നതൊരു നൂറാകുന്നു. നൂറിൽനിന്നും കുതിരമുത്തപ്പന്റെ വേലയിലൂടെ ആയിരവും.
സംഖ്യ കൂടുന്നതിനോടൊപ്പം വാലിബൻ യോദ്ധാവിൽ നിന്നും, വാലിബരെന്ന അജയ്യനിലേക്ക് വളരുന്നുണ്ട്. ഒടുവിൽ, അയാൾ തന്റെ ഹൃദയത്തകർച്ചയിൽ ജീവിതത്തിലെ വഴിയോരങ്ങളിലെയ്ക്കും ജയങ്ങളിലേക്കും തേർതെളിച്ച വണ്ടിയിൽ നിന്നും സ്ഥാന ഭ്രഷ്ടനാകുന്നു.. പകരം ആളൊഴിഞ്ഞ ആ വണ്ടിയിലേക്ക് ഗുരുവിന്റെ മേലങ്കിയിൽ നിന്നും വിഷത്തിലേക്ക് മാറിയ അയ്യനാർ ക്ഷണിക്കുന്നത് ചമതകനെയാണ്.
ചുരുക്കി പറഞ്ഞാൽ കഥാന്ത്യത്തിൽ എത്തിനിൽക്കുമ്പോൾ, തന്റെ വിഷംതീണ്ടിയ പ്രതികാരത്തെ മാത്രം സൂക്ഷിക്കുവാൻ ശീലിച്ച ഹൃദയത്തിലേക്ക് ക്ഷണിയ്ക്കപ്പെടാതെ കടന്നുവന്ന (വാലിബൻ മുതൽ ജമന്തിയും ചമതകനും വരെ) എല്ലാത്തിനെയും പുറംതള്ളിയ അയ്യനാരുടെ ആത്മാവിന്റെ പ്രതീകമായി ആ കാളവണ്ടി മാറുന്നു. അതിൽ അയ്യനാരുടെ ഒപ്പം യാത്ര ചെയ്ത സാമാന്യരിൽ ഒരാൾ പോലും ജീവനോടെ അവശേഷിക്കുന്നില്ല, അയാളുടെ പകയല്ലാതെ മറ്റൊന്നും. ഒറ്റൊരാൾ ഒഴികെ. മലകളെ ജയിക്കുവാൻ വിധിയ്ക്കപ്പെട്ട വാലിബനൊഴികെ..
അവസാന പോരിന് തൊട്ടു മുൻപായി കാണിക്കുന്ന സൂര്യാസ്തമന സിംഗിൾ ഷോട്ടിൽ, അയ്യനാരുടെ ജയത്തിന്റെയും പകയുടെയും ലഹരി നിറഞ്ഞ കൂടുവിട്ട്, സ്വ-ആത്മാവിന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ വാലിബൻ മറ്റൊരു കാളവണ്ടിയിൽ വന്നു എതിരായി നിൽക്കുന്നത് കാണാം. എന്നിട്ടയാൾ മുരളുന്നുണ്ട്:
"എന്തിനെയാണ് ഞാൻ ഇനി ജയിക്കേണ്ടത്?.. ആരേതന്നെയായാലും പോരിൽ വീണു പോകുന്നത് ഞാനായിരിക്കില്ല".
ഇതുപോലെ തന്നെ രസകരമായി തോന്നിയ മറ്റൊന്നാണ്, മേജർ കഥാപാത്രങ്ങൾ, വിഷംതീണ്ടലിൽനിന്നോ, അഥവാ vengeance-ൽ നിന്നോ തെറ്റിധാരണയിൽ നിന്നോ മാത്രം ഉടലെടുത്ത ഒരു പകമൂത്ത മാനസികാവസ്ഥയിലേക്ക് എത്തിനിൽക്കുമ്പോൾ മാത്രം കൊടുത്ത 'സ്നൊറി-കാം' (Snorri cam = camera mounted on actor's chest or hand for their own face closeup/mid-close shot) ഷോട്ടുകൾ. കുതിരമുത്തപ്പന്റെ വേലയ്ക്കിടയിലെ മറ്റൊരു സ്പിരിച്വൽ chaos മൂഡിൽ സഞ്ചരിച്ച എന്റിങ് സീക്ക്വൻസുകളിൽ: ചിന്നപ്പനയ്യൻ, ചമതകൻ, രംഗറാണിയുടെ-തോഴി എന്നിവർ സ്വാർത്ഥതയിലേക്ക് ചുരുങ്ങുമ്പോൾ കൊടുത്ത ഈ ധൃതഗതിയിലുള്ള 'സ്നൊറി-കാം' ഷോട്ട്, അയ്യനാരുടെ കഥാപാത്രം കഥാന്ത്യത്തിൽ ഇതേ മാനസികാവസ്ഥയിലേക്ക് എക്സ്പോസ്ഡ് ആകുമ്പോൾ വീണ്ടും ഉപയോഗിക്കുന്നുണ്ട്. അത് കണ്ടപ്പോൾ മനസ്സിൽ ഒരു തരിപ്പാണ് അനുഭവപ്പെട്ടത്. ആ ഷോട്ടിൽ, ബാക്-ഗ്രൗണ്ടിൽ അങ്ങിനെ ആകാശം കടുംനീലയിൽ തിളച്ചു നിൽക്കവേ, അയ്യനാർ അലമുറയിടുന്നുണ്ട്:
"തേളിനു വാലിൽ വിഷം, പാമ്പിനു പല്ലിൽ വിഷം, അയ്യനാർക്ക് മുടിനാരിലും വിഷം"
NB: ഇതേ കാളവണ്ടിയിൽ തന്നെ ഒറ്റയ്ക്ക് കിടക്കുമ്പോൾ ആണ് വാലിബൻ രംഗറാണിയുടെ പ്രണയം നിരസിക്കുന്നതെന്നും മറ്റൊരു കൗതുകം.
ചാപ്റ്റർ 2:
Mohanlal's Vaaliban & The Method acting Marvel
രണ്ടാം കാഴ്ചയിൽ പതിൻമടങ്ങ് മനസ്സിലേക്ക് ഒരത്ഭുതം കണക്കെ ഇടിച്ചുകുത്തിക്കയറുകയാണ് മോഹൻലാലിന്റെ വാലിബൻ. 'ലാലേട്ടന്റെ'-യല്ല..
സ്വതസിദ്ധമായ തന്റെ അനായസതകളിലേക്കും, കള്ളച്ചിരികളിലേക്കും, മാസ്സ് ഓറയിലേക്കുമെല്ലാം എഴുതിവെച്ച കഥാപാത്രങ്ങളെ അബ്സോർബ് ചെയ്യുമ്പോൾ അയാൾ എനിക്ക് ലാലേട്ടനാണ്,.. ചിത്രവും ദേവാസുരവും മുതൽ ഒപ്പവും പുലിമുരുകനുമെല്ലാം തരുന്ന ആരാധകരുടെ സ്വന്തം 'ലാലേട്ടൻ'.. എന്നാൽ മധു നീലകണ്ഠന്റെ ലൈറ്റിങ് കരിസ്മയിൽ വിരിഞ്ഞ ക്ലോസപ്പ് ഷോട്ടുകളിൽ - ആദ്യമേ മല്ലന്റെ ഗദയെ നിസ്സാരമായി തടുത്തിടുന്ന വാലിബനെന്ന ജയന്റിനെ ഞൊടിയിടയിൽ വിശ്വസിപ്പിച്ച മേല്പോട്ട് നോട്ടം മുതൽ, അവസാന ഭാഗത്തിൽ മുട്ട് കുത്തിനിൽക്കേണ്ടി വരുന്ന വിയർത്തുവിളറിയ നിസ്സഹായതയിൽ വരെ,.. ഇരുവറിലെ ' ആനന്ദനി '-ലെയ്ക്കൊ സദയത്തിലെ ' സത്യനാഥനി '-ലേക്കോ, ലൂസിഫറിലെ ' സ്റ്റീഫനി '-ലെയ്ക്കോ അനായാസേന പരകായ പ്രവേശം ചെയ്ത 'മോഹൻലാലി'-നെ കാണാം. അയാൾ അടിമുടി വാലിബനായിരുന്നു.
എങ്ങോ മറന്നു വിട്ട കാമുകിയോട് കഥയോതിത്തരാൻ ചോദിച്ചും, അവളെ പ്രണയപരവശനായി പിന്തുടരുന്നതുമായ ഒരു വാലിബനുണ്ട്.. അയാളിൽ നിന്നും, മാങ്ങോട്ട് കളരിയും മലയ്ക്കോട്ടയിലെ തൂണ്കളും പിഴുതെറിയുവാൻ മുഖത്തൊരു അതിമാനുഷന്റെ സർവ്വശക്തിയും തുളുമ്പിത്തെറിയ്ക്കുന്ന വാലിബരി-ലേയ്ക്കും, സർവ്വതും വെട്ടിപ്പിടിച്ചിട്ടും പിതൃസ്ഥാനതുല്യനായ അയ്യനാരുടെ പോരെടുപ്പിനോട് നിസ്സഹായതയോടെ മറുപടി പറയുന്ന ടിയാനിലേക്കും 'മോഹൻലാൽ' ഒരു മറഡോണിയൻ ഡ്രിബിളിങ്ങിന്റെ അനായാസതയിൽ പകർന്നാടിയത്, അത്രയും സംതൃപ്തിയോടെയാണ് കണ്ടുകയ്യടിച്ചത്.
ഒരുപക്ഷെ അയാളുടെ നാല്പതു വർഷത്തെ കരിയറിലെ അനായാസതയിൽ ചാലിച്ച അത്യുന്നതങ്ങളിൽ വിഹരിയ്ക്കുന്ന അഭിനയപാടവത്തിന്റെ അളവുകോൽ കൊണ്ട് ഡോക്ടർ സണ്ണിയെയും, മുള്ളൻകൊല്ലി വേലായുധനെയും, സീസണിലെ ജീവനെയും ഈസിവാക്കുകളായി കണക്കാക്കിപ്പോന്ന് പിൽക്കാല-തിരിച്ചറിവുകൾ വീണ്ടെടുത്ത പ്രേക്ഷക സമൂഹം, മലയ്കോട്ടയിലെ ലിജോ ടച്ചിൽ താൽക്കാലികമായിമാത്രം ആഘോഷിക്കുവാൻ ഇടയില്ലാത്ത മരതകക്കല്ല്പോലെയാണ് മോഹൻലാലിൻറെ വാലിബരിലേക്കുള്ള പകർന്നാട്ടം അനുഭവപ്പെട്ടത്. രണ്ടാമൂഴത്തിലെ ഭീമനെ ഇനിമുതൽ മോഹൻലാലിലൂടെ മാത്രമല്ലാതെ കാഴ്ചയിലേക്ക് മറ്റാരിലൂടെയും ആവാഹിക്കുവാൻ സാധിക്കുകയില്ലെന്ന് ഉറപ്പിച്ചത് പോലെ..
An exquisite, effortless and transcendent thespian display ♥️
NB: മലയ്കോട്ടയിലെ സാഹസികതയിൽ അടിമക്കൂട്ടങ്ങളെയും സഹതോഴരെയും രക്ഷിക്കുവാൻ മക്കാളപ്പട്ടാളത്തെ മുഴുവനും ചെറുത്ത് ഇരുമ്പ് വേലി പിന്നോട്ടൊന്നാഞ്ഞു കൊണ്ട് തിരികെ വെച്ചു കുത്തിയിറക്കി കവചമായി വെച്ച സീനിലെല്ലാം അയാൾ മലകളെ ജയിക്കാൻ പോന്ന വാലിബനിലേക്ക് മാത്രമായി പരകായ പ്രവേശം നടത്തുന്നത് കാണപ്പെട്ടു. വല്ലാത്തൊരു ഫ്രയിമിനെ മോഹൻലാൽ ഒന്നടങ്കം വിഴുങ്ങിയത് പോലെ.
ചാപ്റ്റർ 3:
Awe-acts & The Compelling Character arcs
മൂന്ന് പേരുടെ മഴവിൽ കണക്കെയുള്ള സൗന്ദര്യവും ആഴവും നിറഞ്ഞ കാരക്ടർ ആർക്കുകളിലൂടെയാണ് മലയ്ക്കോട്ടയ് വാലിബനെന്ന wandering cinematic എക്സ്പ്രഷന് പൂർണത ലഭിക്കുന്നത്.
സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള യാത്രയിലെ ഏറ്റവും മൂർച്ചയേറിയ സന്ദർഭങ്ങളിൽ എല്ലാം തന്നെ മൂവരും തങ്ങളുടെ സ്സ്വത്വവും കഥാപാത്രവളർച്ചയും നേടുന്നത് കാണാം.
അയ്യനാർ, വാലിബൻ, പിന്നെ ചമതകൻ.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സിനിമയെന്ന കലാരൂപം കൊമർഷ്യലൈസ്ഡ് ആയപ്പോൾ മുതലുള്ള ഫോർമുലകളിൽ ഏറ്റവും പോപ്പുലർ ആയ ഒന്നാണ്: നായികയെ ഉപദ്രവിയ്ക്കാൻ വരുന്ന വില്ലനും, രക്ഷകനായി എത്തുന്ന നായകനും. ഈയൊരു ത്രെഡ്ഢിനെയാണ് അല്പം റിസ്ക്കെടുത്തുകൊണ്ട്തന്നെ 'ലിജോ' പരിഹാസരൂപേണ തന്റെ ക്രൂഷ്യൽ നരേറ്റിവ് ചെക്പോയന്റിൽ സൗന്ദര്യമേറിയ ഒരു 'ബാലേ (play)' കണക്കെ 'ഏഴിമലൈ' പാട്ടിനോടൊപ്പം പറിച്ചു നടുന്നത്. തുടക്കത്തിൽ നെറ്റി ചുളിച്ചെങ്കിലും, മോഹൻലാലിന്റെ നർമ്മത്തിൽ കലർന്ന നിൽപ്പും, eccentric ആയൊരു unconventional വില്ലന്റെ ഇൻട്രോഡക്ഷനും കൂടിയാകുമ്പോൾ, ശേഷം സിനിമയിൽ എന്തെല്ലാം പ്രതീക്ഷിക്കണമെന്നും, ആഖ്യാനശൈലി ഏതെല്ലാം വിധം കിക്കുകളിലേക്ക് വഴിമാറാമെന്നും പറഞ്ഞുവെച്ചതുപോലെ കണ്ടു ആസ്വദിക്കുവാൻ കഴിഞ്ഞ രംഗം.
അത്തരത്തിൽ തുടങ്ങിയ ചമതകന്റെ കാരക്ടർ അപമാനഭീതിയിൽ നിന്നും കരകയറുവാൻ കൂട്ടുകാരനെ കൊല്ലുന്ന സത്വമായും, പിന്നീട് മലയ്ക്കോട്ടയിലെ വാലിബന്റെ വീരസാഹസികതക്കിടയിൽ കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ മനുഷ്യരെ നിഷ്കരുണം കൊന്നൊടുക്കുവാൻ പോന്ന സൈക്കൊപ്പാത്തായും മാറുന്നുണ്ട്. അയാൾ ഒരേ സമയം കഴുതയും പുലിയും ആയി കാണപ്പെടുന്നുണ്ട്. അയാളുടെ മാനസികനില തളർന്നതും, എന്നാൽ കൊടിയ വിഷം തീണ്ടിയതുമായ കൊലച്ചിരി, വാലിബന്റെ ഗുരുവായ അയ്യനാരുടെ ഒളിപ്പിച്ചുവെച്ച ഉള്ളടക്കത്തിന്റെ പ്രതിബിംബമായി ഉപയോഗിച്ചത് പോലെ തോന്നി. അതിനാൽ ആയിരിക്കണം, അയ്യനാർ സ്വയം exposed ആകുന്ന രാത്രിയിൽ, കൂട്ടിയിട്ട തീയിന് മുന്നിലിരുന്ന് തന്റെ പകയുടെ ചരിത്രം വിവരിക്കവേ - അയാളുടെ മുഖത്ത് എതിരേ ഇരിക്കുന്ന ചമതകന്റെ മുഖം പ്രതിഫലിക്കുന്നത് കാണാൻ കഴിഞ്ഞത്. അയ്യനാർ ഉള്ള് തുറന്നത്തോടെ ചമതകനെന്ന പ്രതിബിംബത്തിന്റെ കാരക്ടർ-ആർക് അവിടെ സ്വസ്ഥമായി അവസാനിക്കുകയാണ്. ഡാനിഷ് സെയിറ്റിന്റെ ഒരു അസാമാന്യ പെർഫോമൻസ്.
എന്നാൽ അയ്യനാർ ഒരേ സമയം വാലിബനു താങ്ങായും, തണലായും നിൽക്കുന്നു. യാത്രകൾ കഴിയും തോറും, പതിയെപ്പതിയെ തനിമുഖം വെളിവാക്കുന്നു. മക്കാള ദമ്പതികളെ നേരിടാൻ കച്ചമുറുക്കുന്ന വാലിബനോട് "പിന്നിൽ നിന്ന് ചതിക്കുന്നവരെയാണ് ശ്രദ്ധിക്കേണ്ടത്" എന്ന് പിന്നിൽ നിന്ന്കൊണ്ട് തന്നെ പറയുന്ന അയ്യനാരുടെ യഥാർത്ഥ മുഖം അവിടം മുതൽ സിംബോളിക്കലി എങ്കിലും രണ്ടാം കാഴ്ച്ചയിൽ കൗതുകത്തോടെ വായിച്ചെടുക്കാം.
"പെണ്ണ് പോർക്കാളകൾക്ക് പറഞ്ഞിട്ടുള്ളതല്ല " എന്ന് പറഞ്ഞുകൊടുക്കുന്നത് മുതൽ "വാലിബൻ അനാഥനാണെന്ന്" ഊട്ടിയുറപ്പിക്കുന്ന പാട്ട് പാടിക്കൊടുക്കുന്നത് വരെയുള്ള ഓരോ അയ്യനാർ ചെയ്തികളിലും അറിഞ്ഞോ അറിയാതെയോ അയാളുടെ ഛർദിക്കുവാൻ വെമ്പൽ കൊണ്ടിരിക്കുന്ന തനിനിറത്തിന്റെയും പകയുടെയും വളർച്ച കാണാം.. അതങ്ങിനെ വളർന്നു വലിയൊരു അഴിയുവാൻ കാത്തുകിടക്കുന്ന കാരക്ടർ-ആർക്കിന്റെ പൂർണതയിൽ എത്തിനിൽക്കുമ്പോൾ, മുഖംമൂടികൾനിറഞ്ഞ കുതിരമുത്തപ്പന്റെ വേലയ്ക്കൊടുവിൽ അയ്യനാരുടെ മുഖം മൂടിയും സ്വാർത്ഥതയുടെ തുടിപ്പിൽ അഴിഞ്ഞു വീഴുവാൻ തുടങ്ങുന്നു. എത്ര മനോഹരമായാണ് ഹരീഷ് പേരടി അഭിനയിച്ചു വെച്ചേക്കുന്നത്. അതിൽനിന്നുമുള്ള യാത്രക്കൊടുവിൽ കേട്ട ആ മുരൾച്ച ഇപ്പോഴും മനസ്സിലുണ്ട്.. "അയ്യനാർക്ക് മുടിനാരിലും വിഷം... (അട്ടഹാസം)" uff
ഘടോൽകജനിൽ നിന്ന്, അർജുനനായും, ശേഷം ഭീമനായും വേഷപ്പകർച്ചകൾ നടത്തുന്ന വാലിബൻ പിന്നീട് കർണനിലേക്കും, ബന്ധിക്കപ്പെട്ട സാംസണിലേക്കും, ഫിലോസഫിക്കൽ ബുദ്ധനിലേക്കും മാറിയൊഴുകുന്നുണ്ട്. ഒടുവിൽ അജയ്യനായ ഹനുമാനെന്ന വാഴ്ത്തിപ്പാടലുകൾക്ക് ശേഷം തിരിച്ചറിവിന്റെ ലോകത്ത് അവസാന യുദ്ധത്തിന് തയ്യാറാകുന്ന വാലിബന്, ഗോളിയാത്തിനെ നേരിടാൻ പോകുന്ന ഡേവിഡിന്റെ ഓറ കൈവരിച്ചത്പോലെ. അത്രയും തീവ്രതയേറിയ, എന്നാൽ ഇനിയും സഞ്ചരിക്കുവാൻ അതിലേറെയുള്ള extensive charcter arc.
ഈ മൂന്ന് complex ആർക്കുകൾക്കിടയിലൂടെ പറഞ്ഞു പോകുന്ന ചിന്നപ്പയ്യന്റെയും ജമന്തിയുടെയും പ്രണയത്തിനും, അമ്പിളിമാമനെ കീറിയത് പോൽ ചാഞ്ഞുവളഞ്ഞു നിൽക്കുന്ന തെങ്ങോലയുടെ ഭംഗിയുണ്ടായിരുന്നു. മണൽക്കാറ്റു നിറഞ്ഞ യാത്രകളോടും, ലഹരി നിറഞ്ഞ നിറങ്ങളോടും വിടപറഞ്ഞ ആ രണ്ടുപേർ അങ്ങിനെ പുല്ലോട് ചേർന്ന് കിടന്നെരിയുമ്പോൾ ആണ്, വാലിബനിൽ അതുവരെയ്ക്കും മണ്ണിന്റെ നിറം മാത്രമുണ്ടായിരുന്ന ഭൂമിക്കാദ്യമായ് പച്ചപ്പുല്ല് കലർന്ന ഇളംനിറം കൈവരിച്ചതെന്നതും യാദൃശ്ചികമല്ലായിരിക്കാം.
NB: ഇതിനിടയിൽ, പരമ്പരാതകമായി യുദ്ധം ജയിച്ചു വരുന്ന മല്ലൻന്മാരോട് പ്രണയം പങ്കിട്ടു അവർ കുതിരയെ (അടുത്ത യുദ്ധം) ലഭിക്കുമ്പോൾ പിരിഞ്ഞു പോകുന്നത് നോക്കിനിൽക്കാൻ വിധിക്കപ്പെട്ട റാണി പരമ്പരയുടെയും, അതിനോട് നേരെ extreme opposite നിൽക്കുന്ന മാൻകോട്ട് കളരി കറുവമ്മയുടെയും എല്ലാം കാരക്ടർ-ആർക്കുകൾ ഒരു കൊച്ചു വൺലൈനർ കഥപോലെ ലിജോ മനോഹരമായ സബ്പ്ലോട്ടുകളായി പറഞ്ഞുപോകുന്നുണ്ട്.
ചാപ്റ്റർ 4:
Nomadic hues & The genre-blending Musical Harmony
ഈ ഒരു സിനിമ മുഴുവനും നെടുംതൂണായി നിന്ന ഫൗണ്ടേഷൻ ഏതെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേ ഉള്ളു. മധു നിലകണ്ഠന്റെ അസാമാന്യ ഫ്രെയിമുകളോട് കിടപിടിച്ചു നിന്ന, പ്രശാന്ത് പിള്ളയുടെ scintillating മ്യൂസിക് കമ്പോസിഷൻ. റാക്ക് എന്ന പാട്ട് മാറ്റി നിർത്തിയാൽ, ഓരോ ഗാനവും അവസാനം വന്ന റാപ്പ് പോലും അത്രയും കഥാ നരേറ്റിവിനോട് ചേർന്നു കിടക്കുന്നതും, രസകരമാണെന്നും ഇരിയ്ക്കെ തന്നെ.. പശ്ചാത്തല സംഗീതം സിനിമയുടെ മൾട്ടിപ്പിൾ genre-ബ്ലെൻഡിങ്ങിൽ എത്രത്തോളം സഹായിച്ചുവെന്ന് രണ്ടാം കാഴ്ച്ചയിൽ അത്രയും അത്ഭുതത്തോടെയാണ് തിരിച്ചറിഞ്ഞത്.
മലയ്ക്കോട്ടയിലെ ഹൈ വോൾട്ടേയ്ജ് സീക്ക്വെൻസിൽ റെട്രോ ഇന്ത്യൻ സിനിമ, വെസ്റ്റേൺ ക്‌ളാസിക്, ലിജോ ട്രെയ്യ്ഡ് മാർക്കായ സിനിമാ സ്പൂഫ്, തുടങ്ങി നാലോ അഞ്ചോ മൂവി പാറ്റെർണുകൾ സന്നിവേശിക്കുന്നുണ്ട്. ഹൈപർ-ആക്റ്റീവ് വിദേശവില്ലൻ-മക്കാളാ പക്ഷം, നായകനെ തൂണ്കളിൽ ബന്ധിതനായി നിർത്തുമ്പോൾ വന്ന ശബ്നബി-കാബറ മ്യൂസിക്കിൽനിന്നും, ശേഷം ചെന്നവസാനിക്കുന്ന ഹൈ വോൾട്ടേജ് സംഘട്ടനത്തിലേക്ക് നീളുന്ന ഇരുപതോളം മിനുട്ടുകളെ, സംവിധായകൻ പിരിയോഡിക്കൽ+സ്പൂഫ്+വെസ്റ്റേൺ+ഇന്ത്യൻറെട്രോ മിക്സ്ചറിലേക്ക് സകലമാന കൺവെൻഷണൽ ഡയറക്ട്ടോറിയൽ മെത്തേഡുകളെയും പൊളിച്ചെഴുതി തള്ളിയിടുമ്പോൾ, ആ ഒരു "fuck-wow" കിക്കിലേക്ക് തെന്നിവീണ പ്രേക്ഷകനെ അതൊട്ടും ചോർന്നുപോകാതെ അത്രമാത്രം ആവേശത്തിൽ പിടിച്ചിരുത്തുന്നത് - അതേ ജോണർ/മൂഡ് മിക്സ്ചറിൽ പശ്ചാത്തല സംഗീതത്തെ ഒഴുക്കിവിട്ട 'പ്രശാന്ത് പിള്ള' - മാജിക്കാണ്. അയാൾ പ്രേക്ഷകനെ: മുത്തപ്പൻ വേലയിൽ വല്ലാത്തൊരു റിയലൈസേഷൻ ഓറയിലേക്കും, ചമതകനെ കാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്ന ഓരോ മാത്രകളിൽ കാത് തരിപ്പിയ്ക്കത്തക്ക vengeance മൂഡിലേക്കും, പലപ്പോഴും സിനിമ ആവശ്യപ്പെടുന്ന reading-space നിശബ്ദതകളിലേക്കും, അറിഞ്ഞുകൊണ്ടല്ലാതെയുള്ള സിനിമാസ്വാദന-സംതൃപ്തികളിലേയ്ക്കും തന്റെ സംഗീതം വഴി കൊണ്ടെത്തിക്കുന്നു.
അപകടത്തേയും, ത്യാഗത്തിനെയും, ധൈര്യത്തിനെയും ഒരുപോലെ റെപ്രെസന്റ് ചെയ്യുന്ന 'ചുവപ്പ്' - മലയ്കോട്ടയിലെ മക്കാള കോട്ടാരത്തെ അലങ്കരിക്കുന്നതും, ശേഷം അടിമകളുടെ സ്വാതന്ത്ര്യത്തിനും, വാലിബന്റെ സാഹസികതയ്ക്കും പാത്രമാവുന്നതും വെറുതെ കുറച്ചു കളറുകൾ വാരി വിതറുന്നതിനപ്പുറമുള്ള നിറങ്ങളുടെ മാനങ്ങളെ കുറിച്ച്, പ്രേക്ഷകനോട് സംവദിയ്ക്കാനുള്ള ശ്രമങ്ങളായി തോന്നി.
അതിനാൽ ആയിരിക്കണം.. സന്തോഷം, ചതി, ഫിലോസഫി എന്നീ മൂന്നിനെയും ഒരുപോലെ റെപ്രസന്റ് ചെയ്യുന്ന നിറമായ 'മഞ്ഞ' - മുത്തപ്പൻ വേലയിൽ തൽ സിംബോളയ്സേഷനുകൾക്ക് തന്നെ വേദിയൊരുക്കുന്നതും. അവിടെയുള്ള സ്പിരിച്വൽ & റഷ് എൻവയറോൺമെന്റിൽ ആണ് വാലിബന്റെ ജീവിതത്തിലെ വലിയൊരു സന്തോഷവും, ഒപ്പം അതിൽ നിന്നുമുടലെടുത്ത തെറ്റിദ്ധാരണയും, ചതിയും, ജലസിയും, അന്ത്യത്തിലെ കൈപിഴയും എല്ലാം സംഭവിക്കുന്നത് എന്നോർക്കുമ്പോൾ തോന്നിയത്, കുതിര മുത്തപ്പന്റെ വേല ലോകത്തിന്റെ തന്നെ ഒരു കണ്ണാടിയായിട്ടാണ്. ഒറ്റ നോട്ടത്തിൽ എല്ലാവർക്കും വേലയിൽ കാണുന്നത് പോലെ ഒരേ മുഖം (മൂടി), എന്നാൽ ഓരോരുത്തരും അവരുടെ ആന്തരികമായ സ്വത്വവും വേവ്വേറെയാണ്. പ്രത്യക്ഷത്തിൽ ദൈനംദിനതിരക്കുകളും, ആഘോഷങ്ങളും നിറഞ്ഞതാണ് ലോകം,.. എന്നാൽ ഒന്നുകൂടെ സൂക്ഷ്മതയിൽ നോക്കിയാൽ ഓരോ ജീവിതങ്ങളും വ്യത്യസ്തമാണ്, ഓരോ കോണുകളിലും നടക്കുന്ന കഥകളും, വൈകാരികതകൾ പോലും. അത്തരം രണ്ട് വ്യത്യസ്ത കോണുകൾ ആണ്, പ്രത്യക്ഷത്തിൽ എല്ലാവരും ഒരുമിച്ച് ആഘോഷിച്ച് ഒരെ സ്വരത്തിൽ നിൽക്കുന്ന വേലക്കിടയിൽ നമ്മൾ കാണുന്ന വാലിബൻ-ജമന്തി കോൺവേർസേഷനും, രംഗറാണി-തോഴി-ചിന്നപയ്യൻ കോമ്പിനേഷൻ സീനും. ഒരു ഷേക്സ്പീരിയൻ ഉള്ളടക്കത്തെ entirely contradicted ആയൊരു പ്ലാറ്റ്ഫോമിലേക്ക് പറിച്ചു നട്ട് മാത്രമേ വാലിബനെന്ന അജയ്യനായ യോദ്ധാവിനെ മുട്ട്കുത്തിയ്ക്കുവാനും താനുദ്ദേശിക്കുന്ന ഫിലോസഫിയിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുവാനും കഴിയുവെന്ന ഡയറക്ട്ടോറിയൽ - പിടിവാശിയിൽനിന്നും ജനിച്ച ക്ളൈമാക്സ് - A climactic sequence executed with brilliance in its entirety.
ചാപ്റ്റർ 5:
Vaaliban is mine & yours, not even The Director's
ഒരു സിനിമയെന്നത് കാഴ്ചക്കരന്റേത് മാത്രമാണ് എന്നാണ് എന്റെ പക്ഷം. പ്രേക്ഷകനിലേക്ക് എത്തുന്ന കാഴ്ചകളിൽ, ശബ്ദങ്ങളിൽ, നിറങ്ങളിൽ, അതുമല്ലെങ്കിൽ വികാരങ്ങളിൽ എല്ലാം - തങ്ങളുടെ ശ്രമങ്ങളുടെയും ആത്മാവിന്റെയും ഒരേട് ചേർക്കുവാൻ സംവിധായകനും, അഭിനേതാവിനും ശ്രമിയ്ക്കാമെന്ന് മാത്രം. എന്നാൽ, താൻ വിചാരിച്ചത് തന്നെയേ കാഴ്‌ചക്കാരനും ലഭിയ്ക്കാവു എന്ന നിർബന്ധബുദ്ധി അർത്ഥശൂന്യമാണ്. കാരണം, ഓരോ പുസ്തകം പോലെ തന്നെ ഓരോ സിനിമയും അവ വായിച്ചെടുക്കുന്ന ആളുടേത് മാത്രമാണ്, അവന്റെയൊ അവളുടെയോ മാത്രം ലോകമാണ്.
അതിനാൽ, ഞാൻ കണ്ട വാലിബൻ: ലോകസിനിമയോട് മല്ലിടാൻ പോന്ന ദൃശ്യഭംഗിയുള്ള, കഥാപാത്രങ്ങൾക്കെല്ലാം ഒരു പാരബോളിക്കൽ - ലയണൽ മെസിയൻ ഫ്രീകിക്കിന്റെ പൂർണത പകരുവാൻ കണക്ക് കാരക്ടർ-ആർക്കുള്ള, അതുമല്ലെങ്കിൽ അതിനെല്ലാറ്റിനും ഉപരി എവിടെയെല്ലാമോ കേട്ടു മറന്ന മിത്തുകളുടെയും അമർചിത്രകഥകളുടെയും നിറങ്ങളുള്ള, സമാനതകളില്ലാത്ത 'ആർട്ട്ഫോം' ആണ്.
ഇനി ഞാൻ വായിച്ചെടുത്തതോ, കണ്ടെടുത്തതോ, മനസ്സിലാക്കാൻ ശ്രമിച്ചതോ ആയ പകുതിയും 'ലിജോ ജോസ് പെല്ലിശെരി'-യെന്ന അധികായകൻ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും അതൊരു പ്രേക്ഷകന്റെ സ്വാർത്ഥതയും സ്വാതന്ത്ര്യവും ഉപയോഗിച്ച് "എന്നേ ബാധിക്കുന്ന വിഷയമല്ലെന്ന്" പറയേണ്ടി വരും. ഓരോ സിനിമയും ഉള്ളിലേക്കൊരു നീരുറവിയിൽനിന്നെന്ന കണക്കെ സ്വീകരിക്കുന്നതും, ഉച്ചിഷ്ടമെന്ന പോലെ പുറംതള്ളുന്നതുമെല്ലാം പ്രേക്ഷകന്റെ മാനസികാവസ്ഥയാണ്, അല്ലെങ്കിൽ സ്വാതന്ത്ര്യമാണ്.
നല്ലപോൽ ഭക്ഷണം വിളമ്പുവാൻ മാത്രമേ ഓരോ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും സാധിക്കുകയുള്ളു, അതെങ്ങനെ കഴിക്കണം എന്നത് ഞങ്ങളുടെ ഇഷ്ടമാണ്, ഞങ്ങളുടെ രുചിയാണ്, ഞങ്ങളുടെ വിശപ്പിനനുസരിച്ചാണ്, ഞങ്ങളുടെ മാത്രം സമയമാണ്.
അതിനാൽ വാലിബൻ ഇഷ്ടപ്പെട്ടവർ - ബുജികൾ ചമയുകയാണെന്നോ, ബുദ്ധികൂടിയവർ ആണെന്നോ, ഇഷ്ടപ്പെടാത്തവർ - ആസ്വാദന ശേഷി കുറഞ്ഞവർ ആണെന്നോ ഇല്ല. അങ്ങിനെ ആരെങ്കിലും അഭിപ്രായം പറയുന്നത്കേട്ടാൽ അവര പുച്ഛിച്ചു തള്ളുവാൻ ഉള്ള സ്വാതന്ത്ര്യമെടുക്കുക.
കാരണം, നമ്മൾ കാണുന്ന ഓരോ സിനിമയും നമ്മുടേത് മാത്രമാണ്. അതിനാൽ ഞാൻ കണ്ട വാലിബനെ കുറിച്ചാണ് വാചാലനായത്.. നിങ്ങൾ കണ്ടത് ഈ കാഴ്ചകൾക്ക് വിപരീതമാണെങ്കിൽ, വിട്ട് കളയുക.
ഓരോ സിനിമയുടെയും ആസ്വാദനം: കാണാൻ ഇരിയ്ക്കുന്ന മൂഡ് മുതൽ, പ്രേക്ഷകന്റെ മാത്രമായ കേട്ട് പരിചയമുള്ള കാഴ്ചകളിലും, വിചാരങ്ങളിലും, വീക്ഷണസഞ്ചാരങ്ങളിലും, even അതുവരെയുള്ള ജീവിതയാത്രയിൽ പോലുമായി കെട്ട് പിണഞ്ഞുകിടക്കുന്നുവെന്ന് കരുതുന്നു. ആമിർഖാൻ ഒരിയ്ക്കൽ പറയുകയുണ്ടായി:
" സിനിമ മാത്രമാണ് അഴിമതി രഹിതമായതും അത്രതന്നെ സ്വാധീനം ചെലുത്തതുന്നതുമായ ലോകത്തിലെ ഏറ്റവും മഹനീയ കാര്യങ്ങളിൽ ഒന്ന്. കാരണം, ഓരോ സിനിമയുടെ റിസൾട്ടിനേയും ഒരാൾ വിചാരിച്ചാലും കാശ് കൊടുത്തോ, ഭൂമി കൊടുത്തോ, സ്നേഹം കൊടുത്തോ പോലും സ്വാധീനിയ്ക്കുവാൻ കഴിയുകയില്ല. അത് പ്രേക്ഷകരുടെ തീരുമാനമാണ്, അവരുടെ ആസ്വാദനമാണ്, അവരുടെ സ്വാതന്ത്ര്യമാണ്.. "