
സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കിയ വാഴ എന്ന ചിത്രം 3 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് 5 കോടി 40 ലക്ഷം ഗ്രോസ് കളക്ഷൻ. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' 'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയില‍് ആനന്ദ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത വാഴ 1 കോടി 44 ലക്ഷം രൂപയാണ് റിലീസ് ദിനത്തിൽ സ്വന്തമാക്കിയത്. മൂന്ന് ദിവസം കൊണ്ട് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള കളക്ഷൻ 1 കോടി പിന്നിട്ടതായും ബോക്സ് ഓഫീസ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതസാഹചര്യങ്ങളും മാനസികസങ്കർഷങ്ങളും നർമ്മം കലർന്ന മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ചിരിമഴ പെയ്യിക്കുകയാണ്.
നീരജ് മാധവ് നായകനായെത്തിയ 'ഗൗതമൻ്റെ രഥം'ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'. സിനിമയുടെ നിർമ്മാതാക്കളിലൊരാളും സംവിധായകൻ വിപിന‍് ദാസാണ്.