125 കോടിയുമായി എമ്പുരാനെ തൂക്കിയടിച്ച് 'തുടരും', ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രം

125 കോടിയുമായി എമ്പുരാനെ തൂക്കിയടിച്ച് 'തുടരും', ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രം
Published on

ആഭ്യന്തര ബോക്സ് ഓഫീസിൽ 125 കോടി ​ഗ്രോസ് കളക്ഷൻ നേടി എമ്പുരാനെ മറികടന്ന് മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും. ഇതോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി മാറിയിരിക്കുകയാണ് തുടരും. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ആയിരുന്നു ഇതുവരെ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 120.72 കോടി രൂപയാണ് ആഭ്യന്തര ബോക്സ് ഓഫീസിൽ എമ്പുരാന്റെ ആകെ കളക്ഷൻ. ഈ കളക്ഷനെയാണ് 22 ദിവസം കൊണ്ട് തരുൺ മൂർത്തി ചിത്രം തുടരും മറികടന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് ആണ്. 167.65 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷൻ. 2018, പുലി മുരുകൻ എന്നിവയാണ് ഈ ലിസ്റ്റിൽ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ള ചിത്രങ്ങൾ.

മുമ്പ് കേരളത്തിൽ 100 ​​കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന റെക്കോർഡും 'തുടരും' സ്വന്തമാക്കിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആ​ഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബ് കയറുന്ന മൂന്നാമത്തെ മലയാള ചിത്രം കൂടിയാണ് തുടരും. ഒപ്പം അതിവേ​ഗത്തിൽ 200 കോടി കടക്കുന്ന രണ്ടാമത്തെ ചിത്രവും. 21 ദിവസം കൊണ്ട് 215 കോടി രൂപയാണ് തുടരും ആ​ഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ടിക്കറ്റ് ബുക്കിം​ഗ് ആപ്പ് ആയ ബുക്ക് മൈ ഷോ വഴി 40 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട് മലയാളത്തിലെ രണ്ടാമത്തെ ഉയർന്ന ബുക്കിംഗ് നേടിയ ചിത്രവുമായി തുടരും. മഞ്ഞുമ്മൽ ബോയ്സാണ് ഒന്നാം സ്ഥാനത്ത്.

റിലീസ് ചെയ്ത് ഇരുപതാം ദിവസമായ മേയ് 14ന് കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 1 കോടി 89 ലക്ഷം തുടരും നേടി. റിലീസിന് ശേഷം തുടർച്ചയായി 20 ദിവസം ഒരു കോടിക്ക് മുകളിൽ കളക്ഷൻ നിലനിർത്തിയ ചിത്രമെന്ന അപൂർവതയും തുടരും നേടിയിരിക്കുകയാണ്. ഇതോടെ ഒരു മാസത്തിന്റെ ഇടവേളയിൽ രണ്ടാമത്തെ ഇൻഡസ്ട്രി ഹിറ്റാണ് മോഹൻലാൽ നേടിയിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് കേരളത്തിലും ഇന്ത്യക്ക് പുറത്തും ചിത്രം വിതരണം ചെയ്തിരിക്കുന്നത്. പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in