
വിഷു റിലീസ് ചിത്രങ്ങളിൽ ആരാകും വിന്നർ. മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ബസൂക്ക, നസ്ലൻ നായകനായെത്തുന്ന യുവനിരയുടെ ആക്ഷൻ എന്ററ്‍ടെയിനർ ആലപ്പുഴ ജിംഖാന, ടൊവിനോ തോമസ് നിർമ്മിച്ച് ബേസിൽ ജോസഫ് നായകനായ മരണമാസ്, അജിത് കുമാറിന്റെ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് വിഷു റിലീസായി എത്തിയത്. മലയാളം റിലീസുകളിൽ പ്രി റിലീസ് ബുക്കിംഗിൽ ബസൂക്കയായിരുന്നു മുന്നിൽ.
805 ഷോകൾ ആദ്യ ദിനം ചാർട്ട് ചെയ്തിരുന്ന സിനിമയുടെ അഡ്വാൻസ് സെയിൽസ് വഴി 1.50 കോടി കളക്ട് ചെയ്തിരുന്നു. നസ്ലനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന 1 കോടി 40 ലക്ഷമാണ് നേടിയത്. 805 ഷോകളാണ് ആലപ്പുഴ ജിംഖാനക്ക് ഉള്ളത്. അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിക്ക് കേരളത്തിൽ 270 ഷോകളാണ് ഉള്ളത്, പ്രി റിലീസ് ബുക്കിംഗിലൂടെ 32 ലക്ഷമാണ് നേടിയത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് നിര്മ്മിച്ച് ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസിന് 28 ലക്ഷമാണ് അഡ്വാൻസ് സെയിൽസിലൂടെ നേടാനായത്.
ഖാലിദ് റഹ്മാൻ ആലപ്പുഴ ജിംഖാനയെക്കുറിച്ച്
ആലപ്പുഴ ജിംഖാന ഒരു സ്പോർട്ട്സ് കോമഡി ഴോണർ സിനിമയാണ്. അതിലെ സ്പോർട്ട് ആയിട്ട് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത് ബോക്സിംഗ് ആണ്. ബോക്സിംഗിനെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു സിനിമയാണ് ഇത്. ഒരു ബോക്സിംഗ് സിനിമ എന്നു പറഞ്ഞാൽ നമുക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് റോക്കി, ക്രീഡ്, സർപ്പാട്ടൈ പരമ്പരൈ തുടങ്ങിയ ബിഗ് ടൈം ബോക്സിംഗ് സിനിമകളാണ്. ബോക്സിംഗിൽ പ്രൊഫഷണൽ ബോക്സിംഗും അമച്ച്വർ ബോക്സിംഗും ഉണ്ട്. ആലപ്പുഴ ജിംഖാനയിലേത് അമച്ച്വർ ബോക്സിംഗ് ആണ്. ഒട്ടും മെച്ച്വർഡ് അല്ല അത്. സ്കൂൾ തലത്തിലും ജില്ലാ തലത്തിലും ക്ലബ്ബ് തലത്തിലും മത്സരങ്ങൾ നടക്കുന്ന കാറ്റഗറിയിൽ ഉള്ള ബോക്സിംഗ് ആണ് ഈ ചിത്രത്തിലേത്. ബോക്സിംഗ് ആണ് എന്നതുകൊണ്ട് തന്നെ ആക്ഷൻ ഒഴിവാക്കാൻ സാധിക്കില്ല. പക്ഷേ ബ്ലെഡ്ഷെഡ്ഡിങ്ങോ വയലന്റ് ആക്ഷനോ ഒന്നും ഈ സിനിമയിൽ ഇല്ല. വളരെ ലൈറ്റ് ഹാർട്ടഡ് സിനിമയാണ് ഇത്.
ഗൗതം വാസുദേവ് മേനോൻ ബസൂക്കയെക്കുറിച്ച്പ റഞ്ഞത്:
ബസൂക്കയിൽ ബെഞ്ചമിൻ ജോഷ്വ എന്ന ഒരു പൊലീസ് ഉദ്ധ്യോഗസ്ഥൻ ആണ് ഞാൻ. വലിയൊരു റോളാണ് എനിക്ക് അതിൽ. 30 ദിവസത്തിൽ കൂടുതൽ ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മറ്റ് സിനിമകളിലൊന്നും ഞാൻ ഇത്രയും ദിവസം അഭിനയിച്ചിട്ടില്ല. മമ്മൂക്ക ഈ സിനിമ എന്നോട് പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇത് ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് ഞാൻ ഈ സിനിമ ചെയ്തത്. പിന്നെ ഈ സിനിമയിൽ എനിക്കുണ്ടായിരുന്ന വെല്ലുവിളി എന്നത് ലൈവ് സൗണ്ട് ആയിരുന്നു ഈ പടം എന്നതാണ്. എനിക്ക് കുറേ ഡയലോഗ്സ് ഉണ്ടായിരുന്നു. ഇതൊക്കെ പഠിക്കണം, അത് കൃത്യമായി അവതരിപ്പിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബസൂക്ക എനിക്കൊരു ലേണിംഗ് പ്രൊസസ്സ് ആയിരുന്നു. അതുകൊണ്ടാണ് ഇത് ഞാൻ ചെയ്തത്.
ഒരു ഗെയിമിംഗ് ബാക്ക് ഡ്രോപ്പിൽ ഒരു പൊലീസ് ഇൻവസ്റ്റിഗേഷൻ ആണ് ഒപ്പം ഇതൊരു Heist ഫിലിം ആണ്. വില്ലൻ ഉണ്ട് ഹീറോ ഉണ്ട്. അതിലൊരു ട്വിസ്റ്റ് ഉണ്ട്. അങ്ങനെ കുറേ കാര്യങ്ങൾ പുതിയ ഫിലിംമേക്കറായ ഡീനോ ചെയ്തിട്ടുണ്ട്. എനിക്ക് അത് ഇഷ്ടപ്പെട്ടു. മാത്രമല്ല മമ്മൂക്ക എന്നോട് പറഞ്ഞു ഡീനോ കഥ പറയാൻ വന്നപ്പോൾ അദ്ദേഹം ഒരു എഴുത്തുകാരൻ എന്ന നിലയിലാണ് എനിക്ക് അടുത്തേക്ക് വന്നത്. ആ സമയത്ത് സംവിധായകൻ ആരാണെന്ന് ഒന്നും തീരുമാനിച്ചിരുന്നില്ല. ഈ കഥ കേട്ടിട്ട മമ്മൂക്കയാണ് അവനോട് നിനക്ക് എന്താ സംവിധാനം ചെയ്താൽ എന്ന് ചോദിച്ചത്. ചെന്നൈയിൽ വന്ന് എന്നോട് കഥ പറഞ്ഞപ്പോഴേ എനിക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നു. GVM ന്റെ പേര് മമ്മൂക്കയാണ് പറഞ്ഞത് എന്നും അവൻ എന്നോട് പറഞ്ഞു. എനിക്ക് മമ്മൂക്ക സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് പണ്ടുമുതൽക്കേ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഇത് ചെയ്യുന്നത്. ആ സമയത്ത് എനിക്ക് മമ്മൂക്കയെ ഡയറക്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഇത് കഴിഞ്ഞ് കുറേ നാൾ കഴിഞ്ഞിട്ടാണ് ഞാൻ മമ്മൂക്കയോട് ഡൊമനിക്കിന്റെ കഥ പറയാൻ പോകുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ബസൂക്ക ഈസ് മമ്മൂക്ക.