എമ്പുരാൻ ആദ്യ ദിന കളക്ഷനിലും റെക്കോർഡ്, മോഹൻലാൽ -പൃഥ്വിരാജ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ

Empuraan Day 1 Worldwide Gross Collection
Empuraan Day 1 Worldwide Gross Collection
Published on

പ്രി റിലീസ് ബുക്കിം​ഗിലെ റെക്കോർഡിന് പിന്നാലെ ആദ്യ ദിന ​ഗ്രോസ് കളക്ഷനിലും റെക്കോർഡിലേക്ക് എമ്പുരാൻ. എമ്പുരാൻ ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷനായി 65 കോടിക്ക് മുകളിലാണെന്ന് അനൗദ്യോ​ഗിക കണക്കുകൾ. പൃഥ്വിരാജ് നായകനായ ആടുജീവിതം 4 ദിവസം കൊണ്ടാണ് 64 കോടിക്ക് മുകളിൽ ​ഗ്രോസ് കളക്ഷൻ നേടിയത്. എമ്പുരാൻ ആദ്യഭാ​ഗമായ ലൂസിഫർ നാല് ദിവസം കൊണ്ട് നേടിയ കളക്ഷന് മുകളിലാണ് എമ്പുരാൻ ഒന്നാം ദിവസത്തെ കളക്ഷൻ. 55.40 കോടിയായിരുന്നു നാല് ദിവസം കൊണ്ട് ലൂസിഫർ ​വേൾഡ് വൈഡ് ​ഗ്രോസ് കളക്ഷനായി നേടിയത്.

മുരളി ​ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 15 കോടിക്ക് മുകളിൽ ​ഗ്രോസ് കളക്ഷനായി നേടിയിരുന്നു. വിജയ് നായകനായ ലിയോ എന്ന സിനിമയുടെ 12 കോടിയുടെ ഓപ്പണിം​ഗ് ഡേ ​ഗ്രോസ് കളക്ഷനാണ് എമ്പുരാൻ പിന്തള്ളിയത്. 180 കോടിക്ക് മുകളിലാണ് എമ്പുരാൻ സിനിമയുടെ ബജറ്റ് എന്ന ​നിർമ്മാതാക്കളിൽ ഒരാളായ ​ഗോകുലം ​ഗോപാലൻ പറഞ്ഞിരുന്നു. 376 ഫാൻസ് ഷോ ഉൾപ്പെടെ 607 പ്രദർശനങ്ങളാണ് എമ്പുരാൻ ആദ്യ ദിവസം ഉണ്ടായിരുന്നത്.

ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ;

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ചിത്രത്തിൻ്റേതായി ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോർഡ് ആണ്. 24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോർഡുകൾ ഇതിലൂടെ എമ്പുരാൻ ഭേദിച്ചു. ബുക്കിംഗ് ട്രെൻഡിംഗിൽ ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം ഇന്നലെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിൻ്റെ വിദേശ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ - നിർമൽ സഹദേവ്

Related Stories

No stories found.
logo
The Cue
www.thecue.in