ബോളിവുഡിനെ രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം കൂടി വേണ്ടി വരും: അജയ് ദേവ്ഗണ്‍

ബോളിവുഡിനെ രക്ഷിക്കാന്‍
മൂന്നോ നാലോ ദൃശ്യം
കൂടി വേണ്ടി വരും: അജയ് ദേവ്ഗണ്‍

ബോളിവുഡിന് പഴയപടി തിരിച്ചുവരാന്‍ മുന്നോ നാലോ ദൃശ്യം കൂടി വേണ്ടി വരുമെന്ന് അജയ് ദേവ്ഗണ്‍. ദൃശ്യം സെക്കന്‍ഡ് ഹിന്ദി റീമേക്ക് ബോളിവുഡില്‍ വന്‍ കളക്ഷന്‍ നേടിയതിന് പിന്നാലെയാണ് അജയ് ദേവ്ഗണിന്റെ പ്രതികരണം. നാല് ദിവസം പിന്നിട്ടപ്പോള്‍ 89 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ 300 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ദൃശ്യം സെക്കന്‍ഡ് നേടുമെന്നാണ് വിലയിരുത്തല്‍.

ബോളിവുഡിന് പഴയ പ്രൗഡി തിരിച്ചുകിട്ടാന്‍ ദൃശ്യം പോലെ മൂന്നോ നാലോ സിനിമകള്‍ കൂടി വിജയിക്കേണ്ടി വരും. ഇതൊരു തുടക്കമാകുമെന്നാണ് കരുതുന്നതെന്ന് അജയ് ദേവ്ഗണ്‍. എന്റര്‍ടെയിനര്‍ സിനിമ ഒരുക്കുക ഒട്ടും എളുപ്പമല്ലെന്നും അജയ് ദേവ്ഗണ്‍. ലോകേഷ് കനകരാജിന്റെ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം കൈതി റീമേക്ക് ആയ ഭോല ആണ് അജയ് ദേവ്ഗണിന്റെ അടുത്ത റിലീസ്. ചിത്രം സംവിധാനം ചെയ്യുന്നതും അജയ് ദേവ്ഗണ്‍ ആണ്.

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ 100 കോടി ക്ലബിലും, 200 കോടി ക്ലബിലും തുടര്‍ച്ചയായി അപ്രതീക്ഷിത വിജയം ആവര്‍ത്തിക്കുമ്പോള്‍ പകച്ചുനിന്ന ബോളിവുഡിന് മടക്കമൊരുക്കി ദൃശ്യം സെക്കന്‍ഡ്. ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ദൃശ്യം സെക്കന്‍ഡിന്റെ ബോളിവുഡ് റീമേക്ക് നാല് ദിവസം പിന്നിടുമ്പോള്‍ 100 കോടി ക്ലബിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പില്‍.

മോഹന്‍ലാലിന്റെ മലയാളം ബോക്‌സ് ഓഫിസിലേക്കുള്ള വന്‍ തിരിച്ചുവരവായിരുന്നു ദൃശ്യം ആദ്യഭാഗം. കൊവിഡ് കാലത്ത് മലയാളം സിനിമക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വീകാര്യത സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ദൃശ്യം രണ്ടാം ഭാഗം ആമസോണിലൂടെ എത്തിയത്. രണ്ട് ഭാഗങ്ങളും മോഹന്‍ലാലിന്റെ താരമൂല്യത്തിലും വന്‍ കുതിപ്പ് രേഖപ്പെടുത്തി. മലയാളത്തിന്റെ ഇന്‍ഡസ്ട്രിയില്‍ ഹിറ്റുകളിലൊന്നുമാണ് ദൃശ്യം.

3 ദിവസം കൊണ്ട് 60 കോടിക്ക് മുകളിലാണ് കളക്ഷന്‍. ഇന്ത്യന്‍ തിയറ്ററുകളിലെ മാത്രം നേട്ടമാണിത്. മലയാളത്തില്‍ ദൃശ്യം, ദൃശ്യം സെക്കന്‍ഡ് എന്നീ സിനിമകളിലായി മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി ബോളിവുഡിലെത്തുമ്പോള്‍ വിജയ് സാല്‍ഗോക്കറാണ്.

ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്തിയവാഡി, ഭൂല്‍ ഭൂലയ്യ എന്നീ സിനിമകള്‍ക്ക് ശേഷം ബോളിവുഡില്‍ ചലനം സൃഷ്ടിച്ച ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം സെക്കന്‍ഡ്. നവംബര്‍ പതിനെട്ടിന് റിലീസ് ചെയ്ത ചിത്രം തിങ്കളാഴ്ചയും സറ്റഡി കളക്ഷനാണ് നേടിയത്. 11 കോടി 87 ലക്ഷം. നാല് ദിവസം കൊണ്ട് 75 കോടി. റിലീസ് ദിവസം 15.38 കോടിയും, രണ്ടാം ദിവസം 21.59 കോടിയും ഞായറാഴ്ച 27.17 കോടിയുമായിരുന്നു അജയ് ദേവ്ഗണ്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

Related Stories

No stories found.
logo
The Cue
www.thecue.in