34ാം ദിവസം 200 കോടി ക്ലബിൽ, മലയാളത്തിൽ ആദ്യ നേട്ടം; 2018 സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ വെളിപ്പെടുത്തി നിർമ്മാതാവ്

2018 movie box office collection
2018 movie box office collection

2018 എന്ന സിനിമ തിയറ്ററിൽ പ്രദർശനം തുടരവേ ഒടിടി റിലീസ് ചെയ്തതിൽ തിയറ്ററുടമകൾ സമരം തുടരുമ്പോൾ ചിത്രം 200 കോടി ക്ലബിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. വേൾഡ് വൈഡ് കളക്ഷനും സിനിമയുടെ ഒടിടി, ഓവർസീസ്, സാറ്റലൈറ്റ് ഉൾപ്പെടെ ടോട്ടൽ ബിസിനസും ചേർത്താണ് സിനിമ 200 കോടി കടന്നത്. മലയാളത്തിൽ 200 കോടി നേടുന്ന ആദ്യ ചിത്രവുമായി 2018. തിയറ്ററിൽ നിന്ന് മാത്രമായി 170 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തിരുന്നു. 34 ദിവസം കൊണ്ടാണ് ചിത്രം 200 കോടി നേടിയിരിക്കുന്നത്. മെയ് 5 ന് പുറത്തിറങ്ങിയ ചിത്രം ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമാവുകയും പുലിമുരുകന്‍ ഏഴ് വര്‍ഷം മുന്‍പ് ബോക്‌സ് ഓഫീസില്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സോണി ലിവ് ജൂൺ 7മുതൽ 2018 സ്ട്രീം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

2018 തിയറ്ററുകളില്‍ വിജയകരമായി പ്രവര്‍ത്തനം തുടരുമ്പോള്‍ തന്നെ ഒടിടിയിലേക്ക് നല്‍കിയതിനെ സംബന്ധിച്ച് തിയറ്റര്‍ സംഘടനയായ ഫിയോകിന് കീഴിലുള്ള തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് 100 കോടി നേടിയത്. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. ടൊവിനോ തോമസ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമാണ്.

വേണു കുന്നപ്പിള്ളി പറഞ്ഞത്

വളരെ വലിയ രീതിയില്‍ ചെയ്ത സിനിമയാണ് 2018. പക്ഷെ അമേരിക്കയില്‍ ആ സിനിമ വിറ്റത് 7 ലക്ഷം രൂപയ്ക്കാണ്. ഇവിടെ തമിഴ്‌നാട്ടിലുള്ള പല സിനിമകളും കൊടുക്കുന്നത് അഞ്ചു കോടി രൂപയ്ക്കും പത്തു കോടി രൂപയ്ക്കുമെല്ലാമാണ്. അതും വളരെ ഹാപ്പി ആയി ആണ് അമേരിക്കയിലെ വിതരണക്കാര്‍ എടുക്കുന്നത്. പക്ഷെ പ്രൊഡ്യൂസഴ്‌സ് അപ്പോഴും ഹാപ്പി അല്ല. നമ്മുടെ സിനിമകളില്‍ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഏഴു ലക്ഷത്തിന് കൊടുക്കാന്‍ കാരണം വിതരണത്തിനെടുക്കാന്‍ ആള്‍ക്കാരില്ല എന്നതാണ്. അപ്പോള്‍ ഇത്രയും ചെറിയ ബിസിനെസ്സ് ചെയ്യുന്ന സ്റ്റേറ്റില്‍ നമുക്ക് ഒരുപാട് രൂപ ഓഫര്‍ ചെയ്യാന്‍ കഴിയില്ല. 2018 തന്നെ റിസ്‌ക് എടുത്ത് സിനിമ ആള്‍ക്കാര്‍ക്ക് ഇഷ്ടപെടും എന്ന് വിചാരിച്ചു, ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇഷ്ടപെട്ടു ഇല്ലെങ്കില്‍ വലിയ നഷ്‌ടം വന്നേനെ.

മലയാളത്തില്‍ ആദ്യ നാല് മാസം റിലീസ് ചെയ്ത 75 ചിത്രങ്ങളില്‍ ഒരു ചിത്രം മാത്രമാണ് തിയറ്ററുകളില്‍ വിജയമുണ്ടാക്കിയത് എന്നും തിയറ്ററുകള്‍ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്താണ് 2018 റിലീസ് ചെയ്തത്. ചിത്രത്തിന്റെ വിജയം തിയറ്റര്‍ മേഖലയ്ക്ക് ഉണര്‍വായി.

Related Stories

No stories found.
logo
The Cue
www.thecue.in