തിയറ്റർ കളക്ഷനിൽ 150 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രം, കളക്ഷനിൽ ഇനി ഒന്നാമത്; തകർത്തത് 7 കൊല്ലം മുമ്പത്തെ പുലിമുരുകൻ റെക്കോർഡ്

തമിഴ്നാട്ടിൽ തിയറ്റർ വിസിറ്റിനെത്തിയ ജൂഡ് ആന്തണിയും ടൊവിനോയും
തമിഴ്നാട്ടിൽ തിയറ്റർ വിസിറ്റിനെത്തിയ ജൂഡ് ആന്തണിയും ടൊവിനോയും

മലയാളത്തിലെ ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും പിന്നിലാക്കി ജൂഡ് ആന്തണി ജോസഫ് ചിത്രം 2018. ടൊവിനോ തോമസ്, ആസിഫലി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന റോളിലെത്തിയ ചിത്രം 22 ദിവസം കൊണ്ട് ആ​ഗോള കളക്ഷനിൽ 150 കോടി പിന്നിട്ടു.

തിയറ്റർ കളക്ഷനിലൂടെ മാത്രം 150 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമായി 2018. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന സിനിമ തീർത്ത 7 വർഷം മുമ്പത്തെ റെക്കോർഡാണ് 2018 തകർത്തത്. ​ഗ്ലോബൽ കളക്ഷനിൽ പുലിമുരുകൻ പ്രദർശനം അവസാനിപ്പിക്കുമ്പോൾ 146 കോടി നേടിയെന്നാണ് അവകാശ വാദം.

ഏറ്റവും വേ​ഗത്തിൽ ​ഗ്രോസ് കളക്ഷൻ നൂറ് കോടി പിന്നിട്ട മലയാള ചിത്രമെന്ന റെക്കോർഡിന് പിന്നാലെ 17 ​ദിവസം കൊണ്ട് മലയാളത്തിലെ ഏറ്റവും ഉയർന്ന വേൾഡ് വൈഡ് കളക്ഷൻ നേടിയ ചിത്രവുമായി 2018 മാറിയിരുന്നു. 137.60 കോടി രൂപയാണ് 17 ദിവസം കൊണ്ട് സിനിമ ​ഗ്രോസ് കളക്ഷനായി നേടിയത്. 22ാം ദിനത്തിൽ 150 കോടിക്ക് മുകളിൽ കളക്ഷൻ പിന്നിട്ടു. 2018 എന്ന സിനിമ പത്ത് ദിവസം കൊണ്ട് 100 കോടി ​ക്ലബിലെത്തിയതായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആദ്യമായി വെളിപ്പെടുത്തിയ ക്യു സ്റ്റുഡിയോ അഭിമുഖത്തിലായിരുന്നു.

2018ൽ കേരളം അതിജീവിച്ച പ്രളയം പ്രമേയമാക്കി ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 2018. അഖിൽ പി ധർമ്മജനാണ് സഹ തിരക്കഥാകൃത്ത്.

തമിഴ്നാട്ടിൽ തിയറ്റർ വിസിറ്റിനെത്തിയ ജൂഡ് ആന്തണിയും ടൊവിനോയും അപർണ ബാലമുരളിയും
തമിഴ്നാട്ടിൽ തിയറ്റർ വിസിറ്റിനെത്തിയ ജൂഡ് ആന്തണിയും ടൊവിനോയും അപർണ ബാലമുരളിയും

വേണു കുന്നപ്പിള്ളിയുടെ പ്രതികരണം

150 കോടിക്കൊപ്പം നിൽക്കുമ്പോഴും, ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു. നിങ്ങൾ ,ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്. അതിരുകടന്ന ആഹ്ലാദമോ ,ഒരു തരി പോലും അഹങ്കാരമോ ഇല്ല...എല്ലാം ദൈവ നിശ്ചയം.

136 കോടി പിന്നിട്ടപ്പോഴും കേരള തിയറ്റർ കളക്ഷനിൽ പുലിമുരുകനെ വെല്ലാൻ 2018ന് കഴിഞ്ഞിരുന്നില്ല. 22 ദിവസം പിന്നിട്ടപ്പോൾ പുലിമുരുകന്റെ ഏഴ് വർഷത്തെ റെക്കോർഡും 2018 പഴങ്കഥയാക്കി. 2018ലെ നായക കഥാപാത്രമായ അനൂപിനെ അവതരിപ്പിച്ച ടൊവിനോ തോമസ് സംവിധായകൻ ജൂഡ് ആന്തണി ജോസഫിനും സഹനിർമ്മാതാവ് ആന്റോ ജോസഫിനുമൊപ്പം തമിഴ്നാട്ടിൽ തമിഴ് പതിപ്പിന്റെ പ്രമോഷനായി തിയറ്റർ വിസിറ്റ് തുടരുന്നതിനിടെയാണ് ചി2018 150 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമായി മാറിയത്. കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 75 കോടിക്ക് മുകളിൽ 2018 ​ഗ്രോസ് നേടിയെന്നാണ് റിപ്പോർട്ടുകൾ. 65 കോടിക്ക് മുകളിലാണ് ഇന്ത്യക്ക് പുറത്തുനിന്ന് 2018 സ്വന്തമാക്കിയത്.

തമിഴ്നാട്ടിൽ തിയറ്റർ വിസിറ്റിനെത്തിയ ജൂഡ് ആന്തണിയും ടൊവിനോയും അപർണ ബാലമുരളിയും സംഘവും
തമിഴ്നാട്ടിൽ തിയറ്റർ വിസിറ്റിനെത്തിയ ജൂഡ് ആന്തണിയും ടൊവിനോയും അപർണ ബാലമുരളിയും സംഘവും

തിയറ്റർ കളക്ഷനും ടോട്ടൽ ബിസിനസും ഉൾപ്പെടെ പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകൾ 150 കോടിക്ക് മുകളിൽ നേട്ടമുണ്ടാക്കിയതായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിൽ ആദ്യ നാല് മാസം റിലീസ് ചെയ്ത 75 ചിത്രങ്ങളിൽ ഒരു ചിത്രം മാത്രമാണ് തിയറ്ററുകളിൽ വിജയമുണ്ടാക്കിയത് എന്നും തിയറ്ററുകൾ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് 2018 റിലീസ് ചെയ്തത്.

അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമൻ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈൻ. പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്.

7 ലക്ഷം രൂപയ്ക്കാണ് 2018 അമേരിക്കയില്‍ കൊടുത്തത് : വേണു കുന്നപ്പിള്ളി

മലയാള സിനിമ തിയറ്ററുകളില്‍ തുടര്‍ച്ചയായി പരാജയം നേരിടുന്ന സാഹചര്യത്തിലാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന സിനിമ തിയറ്ററുകളിലെത്തുന്നത്. 2018 ല്‍ കേരളക്കര ഒന്നാകെ സാക്ഷിയായ പ്രളയ ദിനത്തിന്റെ നേര്‍ക്കാഴ്ച ആവിഷ്‌കരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. മലയാള സിനിമയുടെ ചെലവുകളെയും വരുമാനത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റ് ഭാഷകളെ വെച്ചു നോക്കുമ്പോള്‍ അവസരം കുറവാണെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു. ഇത്ര വലിയ കാന്‍വാസില്‍ തീര്‍ത്ത സിനിമ ആയിട്ടുകൂടി 7 ലക്ഷം രൂപയ്ക്കാണ് ചിത്രം അമേരിക്കയില്‍ കൊടുത്തതെന്നും വേണു കുന്നപ്പിള്ളി ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വേണു കുന്നപ്പിള്ളി പറഞ്ഞത്

വളരെ വലിയ രീതിയില്‍ ചെയ്ത സിനിമയാണ് 2018. പക്ഷെ അമേരിക്കയില്‍ ആ സിനിമ വിറ്റത് 7 ലക്ഷം രൂപയ്ക്കാണ്. ഇവിടെ തമിഴ്‌നാട്ടിലുള്ള പല സിനിമകളും കൊടുക്കുന്നത് അഞ്ചു കോടി രൂപയ്ക്കും പത്തു കോടി രൂപയ്ക്കുമെല്ലാമാണ്. അതും വളരെ ഹാപ്പി ആയി ആണ് അമേരിക്കയിലെ വിതരണക്കാര്‍ എടുക്കുന്നത്. പക്ഷെ പ്രൊഡ്യൂസഴ്‌സ് അപ്പോഴും ഹാപ്പി അല്ല. നമ്മുടെ സിനിമകളില്‍ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഏഴു ലക്ഷത്തിന് കൊടുക്കാന്‍ കാരണം വിതരണത്തിനെടുക്കാന്‍ ആള്‍ക്കാരില്ല എന്നതാണ്. അപ്പോള്‍ ഇത്രയും ചെറിയ ബിസിനെസ്സ് ചെയ്യുന്ന സ്റ്റേറ്റില്‍ നമുക്ക് ഒരുപാട് രൂപ ഓഫര്‍ ചെയ്യാന്‍ കഴിയില്ല. 2018 തന്നെ റിസ്‌ക് എടുത്ത് സിനിമ ആള്‍ക്കാര്‍ക്ക് ഇഷ്ടപെടും എന്ന് വിചാരിച്ചു, ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇഷ്ടപെട്ടു ഇല്ലെങ്കില്‍ വലിയ നഷ്‌ടം വന്നേനെ.

100 കോടി നേടിയിട്ടുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ക്ക്...

സിനിമയുടെ കളക്ഷന്‍സ് മെയിന്‍ ആയി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്ങ് അതില്‍ തന്നെ മള്‍ട്ടിപ്ലെക്‌സ് ആണെങ്കില്‍ ശതമാനം 50 -50 ആയി മാറും. ഒരാഴ്ച കഴിഞ്ഞു സാധാരണ തിയറ്ററുകളും 50 ആയി മാറും. ഓരോ ആഴ്ചയിലും ഇത് ഇങ്ങനെ കുറഞ്ഞു കുറഞ്ഞു വരുമെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. പിന്നെയത് 60 -40 ആവും അതായത് തീയേറ്ററുകള്‍ക്ക് 60 നിര്‍മാതാക്കള്‍ക്ക് 40ഉം. ശരാശരി നോക്കുമ്പോള്‍ പല ചെലവുകളും കഴിഞ്ഞു 100 കോടി നേടിയിട്ടുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ക്ക് കിട്ടാന്‍ പോകുന്നത് 35 കോടി വരെയായിരിക്കുമെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in