'ബോളിവുഡിന് ഒറിജിനല്‍ സിനിമ ചെയ്യാനുള്ള നട്ടെല്ലില്ല'; റീമേക്കുകളെ വിമര്‍ശിച്ച് കരണ്‍ ജോഹര്‍

'ബോളിവുഡിന് ഒറിജിനല്‍ സിനിമ ചെയ്യാനുള്ള നട്ടെല്ലില്ല'; റീമേക്കുകളെ വിമര്‍ശിച്ച് കരണ്‍ ജോഹര്‍

മറ്റു ഭാഷകളിലെ സിനിമകള്‍ റീമേക്ക് ചെയ്ത് ട്രെന്‍ഡുകള്‍ പിന്തുടരുന്നതില്‍ ബോളിവുഡിനെ വിമര്‍ശിച്ച് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. സ്വന്തമായ കണ്ടെന്റുപയോഗിച്ച് സിനിമ നിര്‍മിക്കാന്‍ വേണ്ട നട്ടെല്ലും അതിനുള്ള ദൃഢനിശ്ചയവുമാണ് ബോളിവുഡിന് വേണ്ടത്. മറ്റുള്ള ഇന്‍ഡസ്ട്രികള്‍ പോലെ ആ ദൃഢനിശ്ചയം ബോളിവുഡില്‍ ഇല്ലെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. ഗലാട്ട പ്ലസ് സംഘടിപ്പിച്ച ഒരു റൗണ്ട് ടേബിളിലായിരുന്നു കരണ്‍ ജോഹര്‍ ബോളിവുഡിനെ വിമര്‍ശിച്ച് സംസാരിച്ചത്.

'ഞങ്ങളെല്ലാവരും ഹിന്ദി സിനിമയിലെ മെയിന്‍സ്ട്രീം ഇന്‍ഡസ്ട്രിയില്‍ നിന്നും വരുന്നവരാണ്, മറ്റ് ഭാഷകളിലെ സിനിമകളിലുള്ള ഒരു സ്‌ട്രോങ്ങ് ക്വാളിറ്റി ഞങ്ങളുടെ സിനിമകളിലില്ല, അത് ദൃഢനിശ്ചയമാണ്. അത് തന്നെയാണ് ബോളിവുഡിന്റെ പ്രശ്‌നവും', കരണ്‍ ജോഹര്‍ പറഞ്ഞു

എഴുപതുകളിലെ സലിം-ജാവേദ് സിനിമകളുടെ കാലഘട്ടത്തില്‍ ഞങ്ങള്‍ക്ക് ശക്തമായ കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്നു. പിന്നീടവ മറ്റു ഭാഷകള്‍ക്ക് പ്രചോദനമായിട്ടുമുണ്ട്. എണ്‍പതുകളോടെ ഹിന്ദി സിനിമയുടെ ദിശ മാറി, റീമേക്ക് സിനിമകള്‍ ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ ഒട്ടുമിക്ക സിനിമകളും ബോളിവുഡില്‍ റീമേക്ക് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഇതുമൂലമാണ് ഒറിജിനല്‍ കണ്ടന്റ് നിര്‍മ്മിക്കുന്നതിനുള്ള ദൃഢനിശ്ചയം ബോളിവുഡിന് നഷ്ടമായത്. ഇന്ന് മറ്റെല്ലാ ഇന്‍ഡസ്ട്രികളുടെയും പാത പിന്തുടര്‍ന്നുള്ള ഒഴുക്കിലാണ് ഹിന്ദി സിനിമയുടെ നിലനില്‍പ്പ് തന്നെയെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

'ഹം ആപ്‌കേ ഹേ കോന്‍' എന്ന ചിത്രത്തിന് ശേഷം താനുള്‍പ്പെടെ എല്ലാ നിര്‍മ്മാതാക്കളും അന്ധമായി ലവ് ട്രെന്‍ഡിന്റെ പിന്നാലെ പോയി, ഷാറൂഖ് എന്ന നടനുണ്ടാവുകയും ചെയ്തു. പിന്നീട് 2001 ഇത് പുറത്തിറങ്ങിയ 'ലഗാന്‍' എന്ന ചിത്രം അക്കാദമി അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍ ആളുകള്‍ അത്തരത്തിലുള്ള സിനിമകളുണ്ടാകാന്‍ തുടങ്ങി. തുടര്‍ന്ന് 'മൈ നെയിം ഈസ് ഖാന്‍', 'ദബാംഗ്' എന്നീ ചിത്രങ്ങളുടെ വിജയം മറ്റൊരു ട്രെന്‍ഡ് സെറ്റു ചെയ്യുകയും നിര്‍മ്മാതാക്കള്‍ അത് പിന്തുടരുകയും ചെയ്തു. ഇതുതന്നെയാണ് ബോളിവുഡ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു.

വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍, പൂജ ഹെഗ്ഡെ, അനുരാഗ് കശ്യപ്, കാര്‍ത്തിക് ശിവകുമാര്‍, ശ്രീനിധി ഷെട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി അഭിനേതാക്കളും സംവിധായകരും അഭിമുഖത്തില്‍ കരണ്‍ ജോഹറിനൊപ്പമുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in