രണ്‍ജി പണിക്കര്‍ മികച്ച നടന്‍, ഭയാനകത്തിലൂടെ ജയരാജിന് രാജ്യാന്തര പുരസ്‌കാരം

രണ്‍ജി പണിക്കര്‍ മികച്ച നടന്‍, ഭയാനകത്തിലൂടെ ജയരാജിന് രാജ്യാന്തര പുരസ്‌കാരം

Summary

രണ്‍ജി പണിക്കരാണ് മാഡ്രിഡ് ഫിലിം ഫെസ്റ്റിവലിലെ മികച്ച നടന്‍. അവലംബിത തിരക്കഥയ്ക്കാണ് ജയരാജിന് പുരസ്‌കാരം.

ജയരാജിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഭയാനകം രാജ്യാന്തര ചലച്ചിത്രമേളകളിലും തിളങ്ങുന്നു. മാഡ്രിഡ് ഇമാജിന്‍ ഇന്ത്യാ ഫിലിം ഫെസ്റ്റിവലില്‍ ഭയാനകം രണ്ട് പുരസ്‌കാരങ്ങള്‍ നേടി. ഭയാനകത്തില്‍ നായകകഥാപാത്രമായ രണ്‍ജി പണിക്കരാണ് മാഡ്രിഡ് ഫിലിം ഫെസ്റ്റിവലിലെ മികച്ച നടന്‍. അവലംബിത തിരക്കഥയ്ക്കാണ് ജയരാജിന് പുരസ്‌കാരം.

തകഴിയുടെ കയര്‍ എന്ന കൃതിയിലെ രണ്ട് ചാപ്റ്ററുകളില്‍ നിന്നാണ് ഈ സിനിമ. അതൊരിക്കലും ഫിക്ഷന്‍ അല്ല, ചരിത്രം തന്നെയാണ്. അതിലെ പോസ്റ്റ് മാനും ഗൗരിക്കുഞ്ഞമ്മയും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ്. കയറിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും ചരിത്രവുമായി കൂട്ടിയിണക്കിയിട്ടുണ്ട്. ഈ 650 പട്ടാളക്കാരെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട് എന്നത് ഒരു നിയോഗം പോലെ എന്നില്‍ വന്നെത്തിയതാണ്.

ജയരാജ്

തകഴിയുടെ കയര്‍ എന്ന കൃതിയില്‍ രണ്ടാം ലോകമഹായുദ്ധം കുട്ടനാടിനെ ബാധിച്ചത് പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് ജയരാജ് ഭയാനകം എന്ന ചിത്രമാക്കിയത്. യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടയാള്‍ പോസ്റ്റ്മാന്‍ ആയി കുട്ടനാട്ടിലെത്തുന്നതാണ് പ്രമേയം. സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ച നിഖില്‍ എസ് പ്രവീണിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ ഒറ്റാല്‍ എന്ന ചിത്രത്തിന് ശേഷം ജയരാജ് വീണ്ടും രാജ്യാന്തര ചലച്ചിത്രമേളയില്‍ അംഗീകരിക്കപ്പെടുകയാണ്. നവരസങ്ങളെ ആധാരമാക്കി ജയരാജ് ഒരുക്കുന്ന സിനിമകളില്‍ ആറാമത്തെ ചിത്രമാണ് ഭയാനകം.

ഭയാനകത്തെ കുറിച്ച് ജയരാജ് പറയുന്നത്

തകഴിയുടെ കയര്‍ എന്ന കൃതിയിലെ രണ്ട് ചാപ്റ്ററുകളില്‍ നിന്നാണ് ഈ സിനിമ. അതൊരിക്കലും ഫിക്ഷന്‍ അല്ല, ചരിത്രം തന്നെയാണ്. അതിലെ പോസ്റ്റ് മാനും ഗൗരിക്കുഞ്ഞമ്മയും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ്. കയറിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും ചരിത്രവുമായി കൂട്ടിയിണക്കിയിട്ടുണ്ട്. ഈ 650 പട്ടാളക്കാരെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട് എന്നത് ഒരു നിയോഗം പോലെ എന്നില്‍ വന്നെത്തിയതാണ്. 35 കൊല്ലം മുമ്പ് ഭരതേട്ടന്റെ അസിസ്റ്റന്റായിരിക്കേ ജോണ്‍പോളാണ് കയറിലെ ഈ ഭാഗം എന്നോട് പറയുന്നത്. തകഴിയുടെ കയറില്‍ രണ്ട് ചാപ്റ്ററിലൊരു പോസ്റ്റ്മാന്‍ വരുന്നുണ്ട്. അതൊരു സിനിമയാണ് ജയാ, എന്ന് ജോണ്‍പോള്‍ പറഞ്ഞു. അതങ്ങ് വിട്ടു. പിന്നീടൊരിക്കല്‍ ഞാനും ഭരതേട്ടനും, ജോണ്‍പോളും തകഴിച്ചേട്ടനെ കാണാന്‍ പോയിരുന്നു. ഭരതേട്ടന് രണ്ടിടങ്ങഴി വീണ്ടും സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു അന്നത്തെ പോക്ക്. വീട്ടിലെത്തിയപ്പോള്‍ കാത്തച്ചേച്ചി പറയുന്നു, ഇപ്പോ പോയാല്‍ പഞ്ചായത്താപ്പീസില്‍ കാണുമെന്ന്. പോന്ന വഴി ചായക്കടയില്‍ കയറുന്നു, അവിടെ നിന്ന് അറിയുന്നു, ഇപ്പോ ചായകുടിച്ച് ഇറങ്ങിയതേയുള്ളു എന്ന്. വരമ്പിലൂടെ, ചേറിലൂടെ ഞങ്ങള്‍ തകഴിച്ചേട്ടനെ തേടി നടക്കുകയാണ്. പഞ്ചായത്താപ്പീസിലെത്തി. അവിടെ മേശയുടെ മോളില്‍ തോളത്തൊരു തോര്‍ത്ത് മാത്രമിട്ട് കര്‍ഷകരോട് സംസാരിച്ചിരിക്കുകയാണ് തകഴിച്ചേട്ടന്‍. കാലില്‍ ചേറൊക്കെ പുരണ്ടാണ് ഇരിപ്പ്. അതാണ് ആ മനുഷ്യന്‍.

ലോകത്ത് നമ്മള്‍ മറ്റ് എഴുത്തുകാരെ നോക്കിയാല്‍ ഗുഡ് എര്‍ത്ത് എഴുതിയ പേള്‍ എസ് ബക്ക് ഉണ്ട്. ഒരു പാട് എഴുത്തുകാരുണ്ട്. പക്ഷേ തകഴിയെ പോലെ തകഴി മാത്രമേ ഉള്ളൂ. ഡൗണ്‍ ടു എര്‍ത്ത് എന്നല്ല മണ്ണിന്റെ, ചേറിന്റെ മണമുള്ള മനുഷ്യനെന്ന് തന്നെ പറയേണ്ടി വരും. കാലം ചുറ്റും പുരോഗമിക്കുമ്പോഴും കുട്ടനാട് ഇങ്ങനെയങ്ങ് നില്‍ക്കും. ആ ഭൂപ്രകൃതിയും മനുഷ്യരുമാണ് അദ്ദേഹത്തിന്റെ കൃതികള്‍ ഏറെയും. രണ്ടിടങ്ങഴിയൊക്കെ എത്ര ഗഹനമായ രചനയാണ്. അതുപോലെ ഞാന്‍ നോണ്‍ ഫീച്ചറായി ചെയ്ത വെള്ളപ്പൊക്കത്തില്‍, അതിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. പുരപ്പുറത്തൊരു നായ കയറിയിരുന്നു എന്ന ചിത്രത്തിലൂടെയാണ് വെള്ളപ്പൊക്കത്തിന്റെ ഭീതിയെ വരച്ചിടുന്നത്. നമ്മള്‍ കേട്ടിട്ടുപോലുമില്ലാത്ത വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള സൂക്ഷ്മ വിവരണമാണ്.

ചരിത്രത്തില്‍ പോലും പേരില്ലാത്ത 350 കൂലിപ്പട്ടാളക്കാര്‍ക്കാണ് ജയരാജ് ഭയാനകം സമര്‍പ്പിച്ചത്. ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഭയാനകം മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നു. ആശാ ശരത് ആണ് ചിത്രത്തിലെ നായിക.

Related Stories

No stories found.
logo
The Cue
www.thecue.in