കണ്ണും മനസ്സും നിറച്ച് എൻഡ്‌ഗെയിം, കയ്യടിച്ച് പ്രേക്ഷകർ

കണ്ണും മനസ്സും നിറച്ച് എൻഡ്‌ഗെയിം, കയ്യടിച്ച് പ്രേക്ഷകർ

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ 22ാം ചിത്രമായ അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം, പത്തുവര്‍ഷമായി തുടര്‍ന്നുവന്ന അവരുടേതായ യുഗത്തിന്റെ അന്ത്യം കൂടിയാണ്.
Published on

ഒരുപക്ഷേ ലോകമൊട്ടാകെയുള്ള പ്രേക്ഷകരെ ഒരു വര്‍ഷത്തോളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ 22ാം ചിത്രമായ അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം പത്തുവര്‍ഷമായി തുടര്‍ന്നുവന്ന അവരുടേതായ ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ്. മറ്റേത് കോമിക് യൂണിവേഴ്‌സിനെയും ഒരു വള്ളപ്പാട് അകലെ നിര്‍ത്തിയാണ് മാര്‍വല്‍ ഈ അഭൂതപൂര്‍വമായ നേട്ടം കൊയ്‌തെടുത്തത്.

കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെപ്പോലും ആകര്‍ഷിച്ച ഈ യൂണിവേഴ്‌സിന്റെ തൃപ്തികരമായ അന്ത്യം കൂടിയാണ് അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം. ആഗോളതലത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങില്‍ റെക്കോഡുകള്‍ തകര്‍ത്ത ഈ ചിത്രം കേരളത്തിലും വന്‍ തരംഗമാണ് സൃഷ്ടിച്ചത്.ബുക്കിംഗ് തുടങ്ങി മിനിട്ടുകള്‍ക്കകം ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് ഇതിനു ചെറിയൊരുദാഹരണം മാത്രം.

സൂപ്പര്‍ഹീറോ ജോണറിനു അപ്പുറത്തേക്ക് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന കഥപറച്ചില്‍ രീതിയാണ് മാര്‍വല്‍ പിന്തുടര്‍ന്നിരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ 21 ചിത്രങ്ങളും ഒരു കോമിക്ബുക്കിലെ ഓരോ അദ്ധ്യായങ്ങള്‍ക്ക് തുല്യമായിരുന്നു. ഇതുവരെയുള്ള ആ അദ്ധ്യായങ്ങളുടെ പരിസമാപ്തിയാണ് അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ തീരുന്നയിടത്ത് നിന്നാണ് എന്‍ഡ്‌ഗെയിം തുടങ്ങുന്നത്. ഇന്‍ഫിനിറ്റി സ്റ്റോണ്‍സ് ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ പാതി നശിപ്പിച്ച അവസ്ഥയില്‍ ബാക്കി എല്ലാവരെയും പോലെ അവഞ്ചേഴ്‌സിനും അവര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പിന്നീട് അവര്‍ക്ക് കിട്ടുന്ന ഒരു ചാന്‍സ് പാഴായി പോകുന്നതില്‍ നിരാശരായി എല്ലാവരും പലയിടങ്ങളിലേക്ക് തിരികെപോകുന്നു. പിന്നീട് ആന്റ്മാന്റെ വരവോടെയാണ് കഥ മാറുന്നത്.

പ്രപഞ്ചം നേരെയാക്കാന്‍ അവര്‍ വീണ്ടും ഒന്നിക്കുന്നിടത്ത് ഉദ്വേഗജനകമായ യാത്ര തുടങ്ങുന്നു.മിക്ക അവഞ്ചേഴ്‌സിനെയും പുത്തന്‍ രൂപത്തിലും ഭാവത്തിലുമാണ് ചിത്രം അവതരിപ്പിക്കുന്നത്.പൂര്‍ണ്ണമായും ത്രില്ലര്‍-ആക്ഷന്‍ ആഖ്യാന രീതി ഉപേക്ഷിച്ച് കോമഡിയിലൂന്നിയ ഡ്രാമയിലൂടെയാണ് കഥയുടെ സഞ്ചാരം.ചിതറിപ്പോയ അവഞ്ചേഴ്‌സിനെ ഒന്നിപ്പിക്കാനും ലോകം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിലെ ഓരോ നിമിഷങ്ങളും മാര്‍വലിന്റെ തന്നെ ഈസ്റ്റര്‍ എഗ്ഗുകളാല്‍ സമ്പന്നമാണ്. മുന്‍ സിനിമകളിലൂടെയുള്ള ചെറിയ സഞ്ചാരം മാര്‍വലിന്റെ തന്നെ ഗൃഹാതുരത്വത്തെ പലയിടത്തും ഓര്‍മിപ്പിക്കുന്നുണ്ട്.ചില നഷ്ടങ്ങള്‍ നൊമ്പരപ്പെടുത്തുന്നുണ്ടെങ്കിലും കഥയുടെ അവസാനം അരമണിക്കൂര്‍ നീളമുള്ള ക്ലൈമാക്‌സില്‍ മാര്‍വല്‍ അവരുടെ യഥാര്‍ത്ഥശക്തി തുറന്നു കാട്ടുന്നുണ്ട്.

ഒരുപക്ഷെ ഹോളിവുഡിലെ ചിലവേറിയ ആക്ഷന്‍ സീനുകള്‍ കാണികളെ ത്രസിപ്പിക്കും വിധമാണ് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ള എല്ലാ കഥാപാത്രങ്ങളും അണിനിരക്കുന്ന ക്ലൈമാക്‌സിനൊടുവില്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കായുള്ള തൃപ്തിപ്പെടുത്തുന്ന അന്ത്യത്തിലേക്ക് അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം എത്തുന്നു.

സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് തന്നെയാണ് കയ്യടിക്കപ്പെടേണ്ട വ്യക്തികള്‍. പത്തുവര്‍ഷം നീണ്ട ഒരു യാത്രയ്ക്ക് ഇത്രയും നല്ലൊരു പര്യവസാനം നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചത് ശ്രദ്ധേയമാണ്. സാങ്കേതിക വശങ്ങള്‍ എല്ലാം മികച്ച രീതിയില്‍ ഒരുമിച്ച ചിത്രത്തില്‍ വിഎഫ്എക്‌സ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പതിവ് മാര്‍വല്‍ ചിത്രങ്ങളില്‍ എന്ന പോലെ സീനുകള്‍ക്ക് ഔന്നത്യം നല്‍കുന്ന പശ്ചാത്തലസംഗീതം സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.

റോബര്‍ട്ട് ഡൗണി ജൂനിയര്‍,ക്രിസ് ഇവാന്‍സ്,ക്രിസ് ഹെംസ്വര്‍ത്ത് ,സ്‌കാര്‍ല്റ്റ് ജോഹാന്‍സണ്‍,മാര്‍ക്ക് റൂഫല്ലോ, ജെറമി റണ്ണര്‍,ജോഷ് ബ്രോലിന്‍ എന്നിവരടങ്ങുന്ന വന്‍ താരനിര അവരവരുടെ റോളുകള്‍ ഗംഭീരമാക്കി മാറ്റി.ആദ്യമായി പ്രേക്ഷകനില്‍ ഇനിയെന്ത് എന്നൊരു ചോദ്യവും ബാക്കിയാക്കിയാണ് അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം അവസാനിക്കുന്നത്.


മൊത്തത്തില്‍ ഏതൊരു പ്രേക്ഷകനും രസിച്ച് ഒരിറ്റ് കണ്ണീരണിഞ്ഞ് കണ്ടിറങ്ങാവുന്ന ഒരു കിടിലന്‍ മാസ്സ് എന്റര്‍ടൈനര്‍ തന്നെയാണ് അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം.

logo
The Cue
www.thecue.in