Exclusive: അറേക്കാപ്പിലെ അഭയാര്‍ത്ഥിജീവിതം, നവകേരളത്തിന് പുറത്താണ് ഈ ആദിവാസികൾ

അതിരപ്പള്ളി പഞ്ചായത്തിലെ അറേക്കാപ്പ് ആദിവാസി ഊരില്‍ നിന്ന് ഇടമലയാര്‍ ആദിവാസി ഹോസ്റ്റലിലേക്ക് എത്തിയ മന്നാന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കയറികിടക്കാന്‍ വാസയോഗ്യമായ വീടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.

ഉരുള്‍പൊട്ടല്‍ നിര്‍ത്താതെയുണ്ടാകുന്ന പ്രദേശത്ത് നിന്ന് മൂന്ന് ദിവസം ചങ്ങാടത്തില്‍ തുഴഞ്ഞാണ് 11ഓളം കുടുംബങ്ങള്‍ ഇടമലയാറിലെ ട്രൈബല്‍ ഹോസ്റ്റലില്‍ എത്തിയത്.

പ്രദേശത്ത് ആശുപത്രിയോ, റോഡോ ഒന്നും തന്നെയില്ല. സര്‍ക്കാരുകളും തങ്ങളെ അവഗണിക്കുകയാണെന്ന് അറേക്കാപ്പില്‍ നിന്ന് ഇടമലയാറിലേക്ക് കുടിയേറിയ ആദിവാസി ജനവിഭാഗം പറയുന്നു.

അര നൂറ്റാണ്ടിലേറെയായി ഒരു വികസനവും എത്തിപ്പെടാത്ത മേഖലയാണ് അറേക്കാപ്പ് ആദിവാസി കോളനി. ഉരുള്‍പ്പൊട്ടല്‍ ഭീഷണികൊണ്ടാണ് അറേക്കാപ്പില്‍ നിന്ന് പോന്നതെന്നും ഇവര്‍ പറയുന്നു.

അറേക്കാപ്പിൽ എപ്പോഴും ഉരുൾപൊട്ടലാണ്. റോഡുകളോ ആശുപത്രികളോ ഇല്ല. ജീവനെ പേടിച്ചാണ് ഞങ്ങൾ അവിടെ നിന്നും പോന്നത്. വർഷങ്ങളായി സർക്കാരുകൾ ഞങ്ങളെ അവഗണിക്കുന്നു. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണം. അതിരപ്പിള്ളി അറേക്കാപ്പ് ആദിവാസി കോളനിയിൽ നിന്നും ചങ്ങാടമാർഗം ഇടമലയാറിലേക്ക് കുടിയേറിയ 12 കുടുംബങ്ങൾക്ക് പറയാനുള്ളത്;

അറേക്കാപ്പില്‍ നിന്ന് ഇടമലയാറിലെത്തിയവര്‍

ആശുപത്രി സൗകര്യം ഇല്ലാത്തതിനാല്‍ പലരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഗര്‍ഭിണിയായ സ്ത്രീയെ സമയത്തിന് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റാതിരുന്നതിനാല്‍ കുഞ്ഞു മരിച്ചു പോയ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്ത് അസുഖം വന്നാലും തോളിലേറ്റിയാണ് കൊണ്ടു പോകുന്നതെന്ന്. വഴിയില്‍ വെച്ച് കുറേപേര്‍ മരിച്ചു പോയിട്ടുണ്ടെന്നും കോളനിയിലെ അന്തേവാസികള്‍ പറയുന്നു.

മലക്കപ്പാറ സ്റ്റോപ്പില്‍ നിന്ന് പഞ്ചായത്ത് ഓഫീസിലേക്കുള്ള ദൂരം 60 കിലോമീറ്റര്‍ ആണെന്ന് റാണിയെന്ന ആദിവാസി സ്ത്രീ പറയുന്നു. ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് എത്തണമെങ്കില്‍ നാല് കിലോമീറ്ററോളം നടക്കണം. ചെറിയ അസുഖങ്ങള്‍ക്കുള്ള ചികിത്സ മാത്രമേ അവിടുന്ന് ലഭിക്കുകയുള്ളു. അല്ലാതുള്ള ചികിത്സയ്ക്ക് 88 കിലോമീറ്റര്‍ അപ്പുറമുള്ള ചാലക്കുടി എത്തണമെന്നാണ് കോളനിയിലെ കണ്ണന്‍ എന്നയാള്‍ പറയുന്നത്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണമെങ്കിലും ഇതേ സ്ഥിതിയാണെന്നും അദ്ദേഹം പറയുന്നു.

വനം വകുപ്പ്, കളക്ടര്‍, മുഖ്യമന്ത്രി തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും ആരും അപേക്ഷ നടപ്പായില്ലെന്നും, സര്‍ക്കാര്‍ നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയൊന്നും തങ്ങള്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും ഇവര്‍ ചോദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in