കടമെടുക്കല്‍ മാത്രമോ കടക്കെണിയില്‍ ആക്കിയത്; ശ്രീലങ്ക പാപ്പരായ വഴികള്‍

Summary

കുത്തഴിഞ്ഞ ഭരണവും കടമെടുപ്പും പെരുവഴിയില്‍ ആക്കിയവരാണ് ശ്രീലങ്കന്‍ ജനത. മൂക്കത്ത് വിരല്‍ വെക്കുന്ന വിധത്തിലുള്ള നയനിര്‍മ്മാണങ്ങള്‍ കൊണ്ട് പെരുവഴിയിലാക്കിയ കുടുംബവാഴ്ചയുടെ കഥകൂടിയാണ് ശ്രീലങ്കയിലേത്.

ശ്രീലങ്ക പാപ്പരായ വഴികള്‍

ആള്‍ക്കുട്ടത്തെ നിയന്ത്രിക്കാന്‍ പട്ടാളക്കാവലിലായ പെട്രോള്‍ പമ്പുകള്‍, വിശപ്പിനാല്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട് ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍. എങ്ങനെയാണ് ഒരു ഭരണത്തിന് ഒരു രാജ്യത്തെയും ജനതയേയും ഇത്തരമൊരു അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കാനാകുക.

ശ്രീലങ്കയില്‍ എന്താണ് സംഭവിക്കുന്നത്?

1983 മുതല്‍ 2009 വരെ ആഭ്യന്തര യുദ്ധത്തിന്റെ വാര്‍ത്തകളിലൂടെയാണ് ശ്രീലങ്ക അന്താരാഷ്ട്ര ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇന്ന് വികലമായ സാമ്പത്തിക നയങ്ങളിലൂടെയും കുത്തഴിഞ്ഞ ഭരണത്തിലൂടെയും സ്വന്തം രാജ്യത്തെ ജനങ്ങളെ അഭയാര്‍ത്ഥികളാക്കുകയാണ് ഈ രാജ്യം. 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്.

ഗത്യന്തരമില്ലാതെ ജനം പാലായനം തുടങ്ങുമ്പോള്‍ ഗോതബായ രാജപക്സയാണ് ശ്രീലങ്കന്‍ പ്രസിഡന്റ്. 2005 മുതല്‍ പത്ത് വര്‍ഷ കാലം പ്രസിഡന്റയായിരുന്ന എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന മഹീന്ദ രാജപക്സെയാണ് പ്രധാനമന്ത്രി, ബേസില്‍ രാജപക്സ ധനകാര്യ മന്ത്രി, ചമല്‍ രാജപക്സയും മന്ത്രിയാണ്. ഇവര്‍ സഹോദരങ്ങളുമാണ്. രാജപക്‌സ കുടുംബത്തിന്റെ ആധിപത്യമാണ് ശ്രീലങ്കയില്‍ സര്‍വ മേഖലകളിലും പ്രതിഫലിക്കുന്നത്.

2005ലാണ് മഹീന്ദ രാജപക്സ ശ്രീലങ്കന്‍ പ്രസിഡന്റാകുന്നത്. അന്ന് സഹോദരനെ രാഷ്ട്രീയത്തില്‍ സഹായിക്കാനാണ് അമേരിക്കയില്‍ സിസ്റ്റം എഞ്ചിനിയറായി ജോലി നോക്കിയിരുന്ന ഗോതബായ രാജപക്സയെ ശ്രീലങ്കയില്‍ തിരികെ എത്തിക്കുന്നതും ഡിഫെന്‍സ് സെക്രട്ടറിയായി ചുമതല കൊടുക്കുന്നതും.

എല്‍.ടി.ടി.ഇയെ ഇല്ലാതാക്കിയ നേതാക്കളെന്ന വാര്‍ ഹീറോ ഇമേജാണ്

സിംഹള വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ ഗോതബായയ്ക്കും മഹീന്ദയ്ക്കും. പക്ഷേ ആഭ്യന്തര കലാപത്തിന്റെ സമയത്ത് അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ പോലും ഇവര്‍ ക്രൂരമായ അക്രമം അഴിച്ചുവിട്ടു, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളില്‍ നടത്തി. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിചാരണ നേരിട്ടു.

ഗോതബായ ഭരണത്തില്‍ ജനം പ്രതീക്ഷിച്ചതും ലഭിച്ചതും

ഗോതബായ തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ഭൂരിപക്ഷ വിഭാഗമായ സിംഹളര്‍ പറഞ്ഞത് തങ്ങള്‍ക്ക് ഇപ്പോള്‍ വളരെ സുരക്ഷിതത്വം തോന്നുന്നു എന്നായിരുന്നു. 1992 മുതല്‍ 2005 വരെ ഒരു ടെക്നോക്രാറ്റായി അമേരിക്കയില്‍ ജോലി നോക്കിയ ഗോതബായ ശ്രീലങ്കയില്‍ എത്തുമ്പോള്‍ മുന്‍ അനുഭവങ്ങള്‍ രാജ്യത്തിന് നേട്ടമായി പ്രതിഫലിക്കുമെന്ന് ഉട്ടോപ്യന്‍ വിശ്വസമാണ് സിംഹളരെ നയിച്ചത്.

പക്ഷേ 2019 നവംബര്‍ പതിനെട്ടിന് ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു ഗോതബായ എടുത്തത്. സാമ്പത്തിക ഞെരുക്കത്തില്‍ നില്‍ക്കുന്ന രാജ്യത്തിന് താങ്ങാനാകാത്ത നികുതി ഇളവ് പ്രഖ്യാപിച്ചു.

മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ജനപിന്തുണ ഉറപ്പാക്കാനായിരുന്നു ഈ നീക്കം. പക്ഷേ രാജ്യത്തെ സാമ്പത്തിക വിദഗ്ധരെ സംബന്ധിച്ചിടത്തോളം ഇത് ദീര്‍ഘവീക്ഷണമില്ലാത്ത ആലോചനകളില്ലാതെ നടപ്പിലാക്കിയ മഹാ അബദ്ധ നയമായിരുന്നു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയുടെ അന്നത്തെ സീനിയര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത് ഞെട്ടിപ്പിക്കുന്നത് എന്നായിരുന്നു. ഒരു കൂടിയാലോചന പോലും സര്‍ക്കാര്‍ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്തെ സ്പെന്‍ഡിങ്ങ് കൂട്ടി പിടിച്ചു നിര്‍ത്തുക എന്നതായിരുന്നു ഗോതബായ പ്രയോഗിച്ച യുക്തി. ദശാബ്ദങ്ങള്‍ നീണ്ടു നിന്ന ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം ശ്രീലങ്ക പിടിച്ചു നിന്നത് ഈ തന്ത്രത്തിലൂടെയാണെന്നും രാജപക്സ കുടുംബം വാദിച്ചു. കടുത്ത പ്രയാസങ്ങള്‍ നേരിടുന്ന ജനത്തിന് നികുതി ഇളവ് പ്രഖ്യാപനം താത്കാലിക ആശ്വാസമായിരുന്നു.

അതിനിടയില്‍ വന്ന കൊവിഡ് മഹാമാരി പ്രതീക്ഷകള്‍ പലതിനെയും അസ്ഥാനത്താക്കി. പക്ഷേ കൊവിഡ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയ അനേകം കാരണങ്ങളില്‍ ഒന്നുമാത്രമാണ്. 2005മുതല്‍ കുടുംബവാഴ്ചയിലും അഴിമതിയിലും കടക്കെണിയിലും മുങ്ങി നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് കടുത്ത പ്രഹരമായിരുന്നു കൊവിഡ് എന്ന് മാത്രമേ പറയാന്‍ കഴിയൂ. അതല്ലെങ്കില്‍ ഗോതബായയുടെ ആദ്യത്തെ കണക്ക് കൂട്ടല്‍ തന്നെ കൊവിഡ് തകര്‍ത്തെറിഞ്ഞുവെന്ന് പറയാം.

ആഭ്യന്തര കടവും അന്താരാഷ്ട്ര കടവും ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഒരു പ്രതിസന്ധി തന്നെയായിരുന്നു. ഗോതബായ രാജപക്സ പ്രസിഡന്റായി കുറച്ച് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ മഹീന്ദ ഇന്ത്യയില്‍ എത്തിയപ്പോള്‍ കടം റീഷെഡ്യൂള്‍ ചെയ്യണമെന്നാണ് പറഞ്ഞത്.

ജൈവ പരീക്ഷണം

സാമ്പത്തിക പ്രതിസന്ധിയില്‍ വട്ടം കറങ്ങുന്നതിനിടെയായിരുന്നു 2021 ഏപ്രിലില്‍ പുതിയ കാര്‍ഷിക നയത്തിന്റെ ഭാഗമായി ശ്രീലങ്ക രാസവളത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. 400 മില്ല്യണ്‍ യു.എസ് ഡോളര്‍ കരുതലായി സൂക്ഷിക്കാനായിരുന്നു നീക്കം.

ജൈവ ഉത്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നത് രാജ്യത്തിന് ഗുണമെന്ന് ജനത്തോട് പറഞ്ഞു. പക്ഷേ ഈ തീരുമാനം ഭക്ഷ്യോത്പാദനം ഗണ്യമായി കുറച്ചു, കര്‍ഷകരെ കടക്കെണിയിലാക്കി. നാണ്യപെരുപ്പം 8.3 ശതമാനത്തിലെത്തിച്ചു, ശ്രീലങ്കയുടെ ജൈവ പച്ചക്കറി ആശയം. തീര്‍ന്നില്ല ഫുഡ് ഇന്‍ഫ്ളേഷന്‍ 11.7 ശതമാനത്തിലുമെത്തി.

ഏകദേശം 20 ലക്ഷത്തിലധികം കര്‍ഷകര്‍ ശ്രീലങ്കയിലുണ്ട്. ശ്രീലങ്കയിലെ 22 മില്ല്യണ്‍ ജനങ്ങളില്‍ 70ശതമാനത്തോളം പേരും കാര്‍ഷിക മേഖലയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് കിടക്കുന്നവരുമാണ് എന്നത് ഈ തീരുമാനത്തിന്റെ ആഘാതം ആ രാജ്യത്ത് എത്തരത്തില്‍ പ്രതിഫലിച്ചു എന്നതിന്റെ തെളിവാണ്. കടുത്ത പ്രതിഷേധങ്ങള്‍ കാരണം ഭാഗികമായി രാസവളങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും കടുത്ത പ്രതിസന്ധി ശ്രീലങ്കയയേും ലങ്കന്‍ ജനതയേയും കഴുത്തറ്റം മുക്കിയിരുന്നു.

തകര്‍ന്നടിഞ്ഞ ടൂറിസം

ടൂറിസമാണ് ശ്രീലങ്കയുടെ പ്രധാന വരുമാന ശ്രോതസ്സുകളിലൊന്ന്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനവും ടൂറിസത്തില്‍ നിന്നാണ്. കൊവിഡ് കാലത്ത് ഗോതബായയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് മാത്രമല്ല, ടൂറിസം വരുമാനത്തിലെ ഇടിവ് ഫോറിന്‍ റിസര്‍വിനെയും കാര്യമായി ബാധിച്ചു. ശ്രീലങ്കയുടെ 7.5 മില്ല്യണ്‍ ഫോറിന്‍ റിസര്‍വ് 2021 ജൂലായ് ആയപ്പോഴേക്കും 2.8 മില്ല്യണായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 70% ശതമാനമാണ് ശ്രീലങ്കയുടെ കരുതല്‍ ധനശേഖരം ഇടിഞ്ഞത്.

ഫോറിന്‍ റിസര്‍വ് കാലിയാകാറായതോട് കൂടി ആവശ്യ വസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ശ്രീലങ്ക ഇപ്പോഴുള്ളത്. ഇന്ധന ക്ഷാമത്തിന്റെയും ഭക്ഷ്യ ക്ഷാമത്തിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇറക്കുമതി നടക്കുന്നില്ല എന്നതാണ്. പരീക്ഷാ പേപ്പര്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് എക്സാമുകളെല്ലാം റദ്ദാക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

രാജ്യത്തിന്റെ ജിഡിപിയുടെ 110 ശതമാനമാനത്തിലധികമാണ് ശ്രീലങ്കയുടെ പൊതു കടം.

2008മുതലുള്ളതില്‍ ഏറ്റവും വലിയ നാണ്യപ്പെരുപ്പമാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. അതായത് ഒരു ഡോളര്‍ 290.17 ശ്രീലങ്കന്‍ രൂപയാണ്. ഇന്ത്യയില്‍ ഇത് 76.27 രൂപ ആണ്. ഇറക്കുമതി ശ്രീലങ്കയ്ക്ക് ചെലവേറിയതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ബാലന്‍സ് ഓഫ് ട്രേഡ് പൂര്‍ണമായും നശിക്കും. എല്ലാ രാജ്യത്തിനും ഇംപോര്‍ട്ട്, എക്സ്പോര്‍ട്ടില്‍ ഒരു ബാലന്‍സ് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. ആ തകിടം മറച്ചിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ജനതയെ തെരുവില്‍ ഇറക്കിയിരിക്കുന്നത്.

വീണ്ടും കടമെടുക്കാനൊരുങ്ങുന്ന ശ്രീലങ്ക

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് ബെയില്‍ ഔട്ടിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ശ്രീലങ്ക ഇപ്പോള്‍. സാധാരണ രാജ്യങ്ങള്‍ ഐ.എം.എഫില്‍ നിന്ന് കടമെടുക്കാന്‍ മുതിരാറില്ല. കാരണം കര്‍ശന ഉപാധികളോടെയാണ് ഐ.എം.എഫ് ഒരു രാജ്യത്തിന് കടം നല്‍കുക. അതിലുപരി കടം നല്‍കുന്നതിനൊപ്പം അതെങ്ങനെ വിനിയോഗിക്കുന്നു, അത് വീട്ടാന്‍ എത്തരത്തിലുള്ള പദ്ധതികള്‍ രൂപീകരിക്കുന്നു തുടങ്ങി എല്ലാ കാര്യത്തിലും ഐ.എം.എഫ് മേല്‍നോട്ടം വഹിക്കും.

പരമാധികാരത്തെ തന്നെ ശിഥിലപ്പെടുത്തുന്ന ഈ രീതികൊണ്ട് തന്നെ ഐ.എഫം.ഫില്‍ നിന്നുള്ള കടമെടുപ്പ് രാജ്യങ്ങള്‍ പ്രിഫര്‍ ചെയ്യുന്ന ഓപ്ഷനല്ല. പക്ഷേ ശ്രീലങ്കയില്‍ നിക്കകള്ളിയില്ലാതെ കാര്യങ്ങള്‍ അവിടെ വരെ എത്തിയിരിക്കുന്നു. ഇതിനെല്ലാം പുറമെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും ശ്രീലങ്ക വലിയ തുക കടമെടുത്തിട്ടുണ്ട്.

ഇതിനോടകം ചൈന, ഇന്ത്യ, ജപ്പാന്‍, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശ്രീലങ്ക കടമെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് 2007 മുതലുള്ള സോവറിന്‍ ബോണ്ട് വഴിയുള്ള കടം മാത്രം എടുക്കുകയാണെങ്കില്‍ അത് 11.8 ബില്ല്യണ്‍ ഡോളറാണ്.

ആഭ്യന്തരയുദ്ധം ശ്രീലങ്കയെ കടത്തിലേക്ക് തള്ളിവിട്ടു എന്നത് ശരി തന്നെ. എന്നാല്‍ യുദ്ധവുമായി ബന്ധപ്പെട്ട അഴിമതി ഈ കടം വര്‍ധിക്കാന്‍ ഇടയാക്കി. വന്‍തുക ഇതിനോടകം തന്നെ ശ്രീലങ്ക ചൈനയ്ക്ക് നല്‍കാനുണ്ട്.

ശ്രീലങ്കയുടെ മൊത്തം കടത്തില്‍ പത്ത് ശതമാനവും ചൈനയ്ക്ക് നല്‍കാനുള്ളതാണ്. കടക്കെണി മൂലം തന്ത്രപ്രധാനമായ ഹംബന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ശ്രീലങ്ക ചൈനക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ചൈനയുടെ ധനസഹായത്തിലാണ് ഹംബന്‍ടോട്ട തുറമുഖം നിര്‍മ്മിച്ചിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ ഇന്ത്യയിലും തീര്‍ത്തിരുന്നു.

കുടുംബ വാഴ്ചയും അഴിമതിയും

ജനാധിപത്യം സ്ഥാപിക്കപ്പെട്ടെങ്കിലും വംശീയ കേന്ദ്രീകൃത നയങ്ങളില്‍ അധിഷ്ടിതമായാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. 2009ല്‍ ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും മഹീന്ദ രാജപക്‌സയുടെയും സഹോദരന്‍ ഗോതബായ രാജപക്‌സയുടെ കീഴില്‍ അഴിമതി പുതിയ തലത്തിലേക്ക് വളര്‍ന്നു.

സിംഹള ബുദ്ധമതക്കാര്‍ ഭരണകൂടവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷ, ബുദ്ധമത പുരോഹിതന്മാര്‍, അഴിമതിക്കാരായ സംരംഭകര്‍ തുടങ്ങി ശ്രീലങ്കയില്‍ അധികാര കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഇത് സഹായിച്ചു.

അധികാരം നിലനിര്‍ത്താനും സ്വയം വളരാനും തീവ്ര ദേശീയ സ്വഭാവം പുലര്‍ത്തുന്നവര്‍ക്ക് ശത്രുക്കളെ ആവശ്യമാണ്. ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് ബുദ്ധിസ്റ്റ് നാഷണലിസ്റ്റുകളെ ഊര്‍ജിതമാക്കിയത് തമിഴ് വിമതരെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച നരേറ്റീവുകളായിരുന്നു. യുദ്ധാനന്തരം ഇവര്‍ മുസ്ലിങ്ങളെയാണ് ലക്ഷ്യമിട്ടത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹങ്ങള്‍ കുഴിച്ചിടാമെന്ന് പറഞ്ഞെങ്കിലും ശ്രീലങ്ക ദഹിപ്പിക്കണമെന്ന് ശഠിച്ചത് വലിയ വിവാദങ്ങള്‍ തീര്‍ത്തിരുന്നു.

ശ്രീലങ്കയിലെ നിയമവാഴ്ചയെ തകര്‍ക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് വ്യാപകമായ അഴിമതി. രാജപക്സെയുടെ കുടുംബവും സുഹൃത്തുക്കളും സഖ്യകക്ഷികളും ഉയര്‍ന്ന ശമ്പളമുള്ള സര്‍ക്കാര്‍ ജോലികളിലെത്തി. ഇന്ന് ശ്രീലങ്കയുടെ ബജറ്റില്‍ വകയിരുത്തിയ 70 ശതമാനം വകുപ്പുകളുടെയും ഏജന്‍സികളുടെ മേല്‍ നോട്ടം വഹിക്കുന്നത് ഗോതബായയും മഹിന്ദയും അവരുടെ മറ്റ് രണ്ട് സഹോദരന്മാരും മഹിന്ദയുടെ മകനുമാണ്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന അന്വേഷങ്ങളൊക്കെ ഇക്കൂട്ടര്‍ അട്ടിമറിച്ചു. സ്വന്തം താത്പര്യത്തിന് അനുസൃതമായ നിയമ നിര്‍മ്മാണം നടത്തി.

പ്രതിസന്ധിയെ മറികടക്കാന്‍ വ്യക്തമായ പദ്ധതികളോ, നീക്കങ്ങളോ സര്‍ക്കാരിന് ഇല്ലെന്നതാണ് വാസ്തവം. ഐ.എം.എഫുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കടം പുനക്രമീകരിക്കുന്നതിനായി സാങ്കേതിക സഹായം നല്‍കാന്‍ ഒരു ആഗോള നിയമ സ്ഥാപനത്തെ ശ്രീലങ്ക നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനം തെരുവില്‍ ഇറങ്ങിയതോട് കൂടി 11 അംഗ സാമ്പത്തിക കൗണ്‍സിലിനെ സഹായിക്കാന്‍ വ്യവസായ പ്രമുഖരും അക്കാദമിക് വിദഗ്ധരും അടങ്ങുന്ന 14 അംഗ ഉപദേശക സമിതിയെ നിയമിക്കാനുള്ള നിര്‍ദേശം ശ്രീലങ്കന്‍ ക്യാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. ഇതിലും സ്വന്തക്കാരെ തിരുകി കയറ്റുവെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. മുന്നോട്ടുള്ള ശ്രീലങ്കയുടെ വഴി ദുര്‍ഘടമാണ്. അത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in