വിജയ് ബാബുവിന് കയ്യടിക്കമന്റിടുന്ന ഫാന്‍സിനോട്

രണ്ടായിരം പേരാവട്ടെ എന്നിട്ട് തുടങ്ങാം, ഇതായിരുന്നു താന്‍ ഇരയാണെന്ന് പ്രസ്താവിക്കാനും തനിക്കെതിരെ പരാതികൊടുത്ത പെണ്‍കുട്ടിക്ക് എതിരെ അധിക്ഷേപം നടത്താനും വേണ്ടി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിെലെ ആദ്യ വാചകങ്ങള്‍.

ലൈംഗികാതിക്രമ പരാതികളില്‍ പുരുഷന്മാര്‍ പ്രതിയാക്കപ്പെടുമ്പോഴെല്ലാം അവള്‍ അവനെ കുടുക്കിയതാണ്, സമ്മതപ്രകാരം എല്ലാം ചെയ്തിട്ട് പിന്നെ റേപ്പെന്നും പറഞ്ഞ് ഇറങ്ങുകയാണ്, അല്ലേലും പുരുഷന്മാര്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്നൊക്കെ മെഷീനെന്ന പോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തുല്യതാവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന രണ്ടായിരം പേരെയായിരുന്നു ആ ലൈവിന് മുന്‍പ് വിജയ് ബാബുവിന് ആവശ്യം. കേരളത്തിന് ലജ്ജിക്കാം കാരണം അയാള്‍ക്ക് ലഭിച്ചത് രണ്ടായിരമല്ല, അതിലും എത്രയോ അധികമാണ്.

താന്‍ ഇരയാണെന്ന് പറഞ്ഞ് രണ്ടായിരം പേരെ കാത്ത് നിന്ന് ഒരു സാമാന്തര കോടതിയുണ്ടാക്കുമ്പോള്‍ അയാള്‍ക്കറിയാം ഒന്നും സംഭവിക്കില്ലെന്ന്. പരാതിക്കാരിയെ പരസ്യമായി ഭീഷണിപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് നിശ്ചയമാണ് അവള്‍ ആയിരം വട്ടം വെര്‍ബല്‍ റേപ്പ് ചെയ്യപ്പെടുമെന്നും അയാളുടെ ഇരവാദം പരക്കെ ഷെയര്‍ ചെയ്യപ്പെടുമെന്നും.

ഇത്രയും കാലം പ്രശ്നമില്ലാത്ത ഇവള്മാര്‍ക്കൊക്കെ ഇപ്പോള്‍ എന്താണ് പ്രശ്നമെന്ന ചോദ്യം കൊണ്ട് പരാതിക്കാരിയെ ഈ സമാന്തര ലോകത്തെ പട്ടാളം പൊതിരെ ആക്രമിക്കുമെന്ന്. അത് തന്നെയായിരുന്നു അയാള്‍ക്കാവശ്യം.

നിലനില്‍ക്കുന്ന നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് അയാള്‍ തന്നെയുണ്ടാക്കിയ കോടതിയില്‍ അയാള്‍ തന്നെ വിധിയെഴുതുകയാണ്, ഇര ഞാനാണെന്ന്. മീടു എന്ന് പറയുന്നതിന് ഇതൊരു ബ്രേക്ക് ആകട്ടെ എന്നാണ് വിജയ് ബാബു പറയുന്നത്.

വിജയ് ബാബു ഒരു ഗംഭീര മാനിപുലേറ്ററാണ്. അതിന് അയാള്‍ അമ്മയേയും ഭാര്യയേയും മക്കളെയും തരാതരം ഉപയോഗിക്കും. അധികാരത്തിന്റെ ഹുങ്കാണ് അയാളുടെ ശബ്ദത്തില്‍ നിഴലിച്ച് നിന്നത്. എന്റെ പ്രതികാരം നീ കണ്ടോളൂ എന്ന ഭീഷണിയാണ് അയാള്‍ മുഴക്കിയത്. ഇവിടെ നീതി ന്യായ വ്യവസ്ഥ ഇക്കാലമത്രയും സ്ത്രീകളോട് കാണിച്ച അനീതിയുടെ ആകെ തുകയാണ് ഒരു സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന ആരോപണം നേരിടുമ്പോള്‍ നിയമത്തെ ഞാന്‍ നേരിടുമെന്ന അഹന്തയില്‍ ആളെക്കൂട്ടി ആഭാസം പറയാന്‍ അയാള്‍ക്കുണ്ടായ ധൈര്യം.

42 ദിവസം തടങ്കലിലിട്ട് പീഡിപ്പിച്ചിട്ട് ഒരു തവണ പോലും രക്ഷപ്പെടാന്‍ ശ്രമിച്ചില്ലേ എന്ന ചോദ്യം കോടതി മുറികളില്‍ പോലും ഉയര്‍ന്ന നാടാണിത്. ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് നിയമം എന്ത് നീതി നല്‍കുമെന്ന് പരസ്യമായി കണ്ടു കൊണ്ടിരിക്കുന്ന കാലമാണിത്. അക്കാലത്ത് വിജയ് ബാബുമാര്‍ക്ക് ധൈര്യം കൂടും. കൂടി വന്നാല്‍ എന്ത് എന്ന തോന്നലുണ്ടാകും. ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നാല്‍ ഈ ആണ്‍ ലോകത്ത് നഷ്ടങ്ങള്‍ പെണ്ണിന് മാത്രമാണെന്ന ഉറപ്പ് അവര്‍ക്കുണ്ട്. മാറ്റിനിര്‍ത്തപ്പെടുക അവള്‍ മാത്രമായിരിക്കുമെന്ന് അവര്‍ക്ക് അറിയാം.

അതുകൊണ്ടാണ് പെണ്ണിനോടുള്ള പ്രതികാരം ബലാത്സംഗമാകുന്നത്. അത് തിരുത്താന്‍ ഒരു സ്ത്രീപക്ഷ സര്‍ക്കാരുമുണ്ടാകില്ലെന്നും അയാള്‍ക്കറിയാം. കേസന്വേഷണം എങ്ങനെ അട്ടിമറിക്കാമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യത്തിന് സാവകാശം കിട്ടുമെന്നും അധികാരവും പണവും മാത്രം ഉണ്ടായാല്‍ മതിയെന്നും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ക്കറിയാമോ ഒരു സിനിമാ സെറ്റില്‍ ഐ.സി.സി ഉണ്ടാക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ഒരു രണ്ട് മണിക്കൂര്‍ ഇരുന്നാല്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയുന്നതാണത്. ഒരു സ്റ്റാമ്പ് പേപ്പറിന്റെ പോലുമാവശ്യം അതിനില്ല. എന്നിട്ടും അത് നടപ്പാക്കില്ലെന്ന് വര്‍ഷങ്ങളോളം ശഠിച്ചവരാണ് സിനിമാ മേഖലയിലുള്ളവര്‍. ഒരു വനിതാ സംഘടനയ്ക്ക് മൂന്ന് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു അതിനൊരു അനുയോജ്യമായ തീരുമാനം വരാന്‍. ലിംഗനീതിയെന്നത് എന്താണെന്ന് ഇതുവരെയും മനസിലാകാത്ത ആണ്‍കൂട്ടം സിനിമയില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്. അവര്‍ എന്താണ് മീടൂ എന്ന് ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിക്കും.