പി.സി ജോര്‍ജിന്റെ നാക്കിന്‍ തുമ്പില്‍ സുവര്‍ണാവസരം തപ്പുന്ന ബി.ജെ.പി

പി.സി ജോര്‍ജിന് ജാമ്യം കിട്ടി, തൊട്ടടുത്ത നിമിഷം വായില്‍ നിന്ന് വന്നത് അറസ്റ്റ് മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായി വിജയന്റെ റംസാന്‍ സമ്മാനമെന്നാണ്. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നവനാണ് താനെന്നും പി.സി പറഞ്ഞു. കേരളത്തിന്റെ കപില്‍ മിശ്രയും പ്രഖ്യാ സിംഗ് ഠാക്കൂറുമാകാന്‍ കച്ച കെട്ടി ഇറങ്ങിയതാണ് അയാള്‍. പക്ഷേ ചുവന്ന ഹസാര്‍ഡ് മാര്‍ക്ക് അവിടെയല്ല പി.സിയെ എ.ആര്‍ ക്യാമ്പ് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിന് ഇടയില്‍ കണ്ട കാവിപുതച്ച സുവര്‍ണാവസര മുതലെടുപ്പുകാരിലാണ്.

വിദ്വേഷ പ്രസംഗം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടു വരുന്നിടത്ത് കണ്ട സംഘര്‍ഷഭരിതമായ നാടകീയ രംഗങ്ങള്‍ ഒരു കാര്യം പറയുന്നുണ്ട്, ചെറിയൊരു അവസരം കിട്ടിയാല്‍ മുതലെടുക്കാന്‍ സര്‍വ്വ സന്നാഹവുമായി ഒരു കൂട്ടം ഇവിടെ തമ്പടിച്ചിട്ടുണ്ടെന്ന്. അതിന് പ്രതിരോധം തീര്‍ക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കേണ്ടതുണ്ടെന്ന്.

പിസി ജോര്‍ജിന്റെ നാക്കിന് ഇനിയും മൈക്ക് നീട്ടണോ എന്ന് മാധ്യമങ്ങള്‍ ആലോചിക്കണം. സ്ത്രീവിരുദ്ധത, വിദ്വേഷം, വര്‍ഗീയത തുടങ്ങിയവ, കേള്‍ക്കുന്നവര്‍ക്ക് അറപ്പുണ്ടാക്കുന്ന വിധത്തില്‍ അയാള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്. വീണ്ടും വീണ്ടും അയാളുടെ അഭിമുഖങ്ങളെടുത്തും ചാനല്‍ ചര്‍ച്ചയില്‍ വിളിച്ചിരുത്തി അഭിപ്രായം പറയിച്ചും കേരള സമൂഹത്തിലേക്ക് ഇനിയെന്ത് വിഷമാണ് അയാളെ കൊണ്ടി നിങ്ങള്‍ക്ക് തുപ്പിക്കേണ്ടത്?

ബി.ജെ.പിക്കെടുക്കേണ്ട അധ്വാനം കുറച്ച് കൊടുക്കുന്നയാളാണ് പി.സി ജോര്‍ജ്. അതുകൊണ്ട് തന്നെയാണ് ഇവിടെ ഇതാ ഒരു സുവര്‍ണാവസരം വീണ് കിടക്കുന്നു എന്ന് കണ്ടപ്പോള്‍ ഒരു നിമിഷം പോലും വൈകിക്കാതെ എ.ആര്‍ ക്യാമ്പിലേക്ക് കേന്ദ്ര മന്ത്രി പുറപ്പെട്ടത്. പുറത്ത് കാവിക്കൂട്ടം പി.സിക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നുണ്ട്. പുറപ്പെട്ടത് ഒരു കേന്ദ്ര മന്ത്രിയാണ്. പക്ഷേ വായില്‍ നിന്ന് വന്നത് പി.സിക്ക് തുടര്‍ച്ചയായുള്ള മുതലെടുപ്പ് രാഷ്ട്രീയമാണ്. പതിവ് ശൈലിയില്‍ രാജ്യദ്രോഹമെന്ന് മന്ത്രി ആവര്‍ത്തിച്ച് കൊണ്ടിരുന്നു. മന്ത്രിക്കൊപ്പം കെ.സുരേന്ദ്രനും കുമ്മനനവും കൂടി.

പിസി ജോര്‍ജ് വര്‍ഗീയ മുതലെടുപ്പ് നടത്തുകയല്ലേ? ജനാധിപത്യ മതേതര രാജ്യത്ത് ജീവിക്കുന്നവര്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് ശരിയാണോ തെറ്റാണോ? പി.സി ജോര്‍ജിനെ പിന്തുണയ്ക്കുന്നുണ്ടോ? പരസ്യമായി മുസ്ലിങ്ങള്‍ക്കെതിരായുള്ള നിലപാട് അല്ലേ എടുത്തത്? എന്ന ചോദ്യങ്ങള്‍ക്കൊന്നും കേന്ദ്ര മന്ത്രിക്ക് മറുപടിയില്ല.

രാജ്യദ്രോഹമെന്ന് ആവര്‍ത്തിച്ച് കൊണ്ടിരുന്നു, ഒടുവില്‍ നിലതെറ്റി രോഷാകുലനായി നിങ്ങളാരും കേരളത്തിന്റെ വക്താക്കളാകാന്‍ വരേണ്ട, കേരളത്തിന്റെ വക്താക്കള്‍ ആകാന്‍ ഞങ്ങള്‍ക്കൊക്കെ നിങ്ങളേക്കാള്‍ അവകാശമുണ്ടെന്ന് പറഞ്ഞ് മന്ത്രിയങ്ങ് ഫുള്‍സ്റ്റോപ്പിട്ടു. ഇത്തരം ചോദ്യങ്ങള്‍ പൊടിക്കെങ്കിലും കേരളത്തില്‍ കേള്‍ക്കുമായിരിക്കും. അങ്ങ് ഡല്‍ഹിയില്‍ ഉണ്ടാകില്ല.

പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ വിശേഷിപ്പിച്ചത്. സുരേന്ദ്രനും കുമ്മനവും കേസെടുത്തതിലെ രോഷം പ്രകടിപ്പിച്ചു. മുസ്ലിം വിഭാഗത്തിനെതിരെ എന്തും വിളിച്ച് പറയാമെന്നതായിരിക്കും സംഘപരിവാര്‍ അഭിപ്രായ സ്വാതന്ത്ര്യമായി കാണുന്നത്. പക്ഷേ ഇന്ത്യന്‍ ഭരണഘടന അല്ല.

വി.മുരളീധരന്‍ പറഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യ പിന്തുടരുന്ന ഭരണഘടന പ്രകാരം വിദ്വേഷ പ്രചരണമാണ്. അതിന് 153 എ വകുപ്പ് പ്രകാരം കേസെടുക്കും. വിദ്വേഷ പ്രചരണമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന് വി.മുരളീധരനും സുരേന്ദ്രനും അറിയാത്തതല്ല.

മുസ്ലിം ഹോട്ടലുകളില്‍ ചായയില്‍ ഫില്ലര്‍ ഉപയോഗിച്ച് മിശ്രിതം ചേര്‍ത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നും മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാനാണ് നോക്കുന്നതെന്നുമാണ് പി.സി പറയുന്നത് ബി.ജെ.പിക്ക് അത് സുവര്‍ണാവസരമാണ്. ആ അവസരം മുതലെടുക്കാന്‍ തന്നെയാണ് പി.സിയെ അറസ്റ്റ് ചെയ്യുന്നിടത്തേക്ക് സംഘപരിവാര്‍ പാഞ്ഞെത്തിയതും. പി.സിയെ പോലുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ പോരാടും. ഇതിന് മുമ്പ് അവര്‍ അര്‍ണബ് ഗോസ്വാമിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് മല്ലടിച്ചത്. എന്നിട്ട് മോദിയെ വിമര്‍ശിച്ച് ട്വീറ്റിട്ടാല്‍ അറസ്റ്റ് ചെയ്യും. പാഠം പഠിപ്പിക്കാനാണെന്ന് പറയും. ചോദ്യം ചെയ്താല്‍ യു.എ.പി.എ ചുമത്തും രാജ്യദ്രോഹമെന്ന് പറയും.

അത്തരം വിദ്വേഷം കഴിയാവുന്ന വിധത്തിലൊക്കെ പ്രചരിപ്പിക്കണം സംഘപരിവാറിന് പിടിച്ചു നില്‍ക്കാന്‍. അപ്പോള്‍ അത് പറഞ്ഞവനെതിരെ കേസെടുത്താല്‍ സംഘപരിവാറിന് പൊള്ളും. അത് അന്വേഷിക്കാന്‍ മന്ത്രി തന്നെ ഓടിയെത്തും. എന്നിട്ട് വിദ്വേഷം പറഞ്ഞവന്റെ തുടര്‍ച്ചയായി യൂത്ത് ലീഗിന്റെ പരാതിയില്‍ എന്തിന് ഇത്രപ്പെട്ടെന്ന് നടപടിയെടുക്കുന്നെന്ന് ചോദിക്കും? പക്ഷേ പരാതി യൂത്ത് ലീഗിന് മാത്രമല്ല മതേതര ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനുമുണ്ട്.

ഒന്നുകൂടി മാധ്യമങ്ങളോട് പറയുകയാണ്. അന്തിച്ചര്‍ച്ചയില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പി.സി എന്ന കൊടിയ വര്‍ഗീയ വിഷത്തെ ഒഴിവാക്കണം. അയാള്‍ എല്ലാ പരിധികളും ലംഘിച്ച് കഴിഞ്ഞു. ഇനി റേറ്റിംഗിന് വേണ്ടിയോ മത്സരബുദ്ധിയുടെ പേരിലോ വര്‍ഗീയ വിഷം ചീറ്റുന്ന ഓരോ സെക്കന്റിലും സ്ത്രീവിരുദ്ധത വിളുമ്പുന്ന അയാളെ വിളിച്ചിരുത്തരുത്. ഉപ്പുമുതല്‍ കര്‍പ്പുരം വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും അയാളുടെ അഭിപ്രായം അറിയണമെന്ന് കേരളത്തിന് നിര്‍ബന്ധമില്ല

Related Stories

No stories found.
logo
The Cue
www.thecue.in