ഉറച്ച് നില്‍ക്കേണ്ടത് അവളുടെ പോരാട്ടത്തിനൊപ്പം

കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിപ്പുറവും ലൈംഗിക അതിക്രമ കേസിലെ കുറ്റാരോപിതന്

പിന്തുണയും അനുതാപവും കയ്യടിയും കിട്ടുന്നിടത്ത് കൂടിയാണ് അതിജീവിച്ചവള്‍ക്ക് ഇത്തരമൊരു തുറന്നുപറച്ചില്‍ നടത്തേണ്ടിവരുന്നത്. ഒരിക്കല്‍ ലൈംഗിക അതിക്രമത്തിന് ഇരയായാല്‍ ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീകള്‍ക്ക് വെര്‍ബല്‍ റേപ്പും നേരിടേണ്ടി വരുന്ന സമൂഹമാണ് നമ്മുടേത്. കണക്കുകള്‍ നോക്കിയാല്‍ രാജ്യത്ത് 99 ശതമാനം ലൈംഗിക അതിക്രമ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

റിപ്പോര്‍ട്ട് ചെയ്യപ്പെടില്ല എന്ന ധൈര്യമാണ് പലപ്പോഴും പുതിയ കേസുകളിലേക്കും ഒരിക്കല്‍ കുറ്റം ചെയ്തവര്‍ തന്നെ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാനും ഇടയാക്കുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിലെ മുന്‍ നിര നായിക, കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ താന്‍ ലൈംഗികമായി അതിക്രമം നേരിട്ടു എന്ന് തുറന്ന് പറയുന്നത് വലിയൊരു സ്റ്റേറ്റ്‌മെന്റാണ്.

സ്‌കൂളില്‍ പോകുമ്പോള്‍ ബസില്‍ വെച്ച്, സ്വന്തം വീട്ടില്‍ വെച്ച്, സഹപ്രവര്‍ത്തകരില്‍ വെച്ച്, പൊതുസ്ഥലങ്ങളില്‍ വെച്ചെല്ലാം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടില്ല എന്ന ധൈര്യം ഇത്തരം അതിക്രമങ്ങളുണ്ടാകാന്‍ പ്രധാനമായൊരു ഘടകമാണ്. അക്രമം നേരിട്ടവള്‍ക്കാണ് അപമാനമെന്ന തെറ്റായ ധാരണകള്‍ അതിനൊരു കാരണമാണ്. അത്തരത്തില്‍ ആയിരം ആയിരമായിരും ധാരണകളെയാണ് അവള്‍ പൊളിച്ചെഴുതിയത്. വ്യക്തിപരമായും മാനസികമായുമെല്ലാം അവള്‍ നേരിട്ട സഹനങ്ങളും ഇരയില്‍ നിന്നും അതിജീവിച്ചവളാവാനുള്ള അവളുടെ പോരാട്ടവും സ്ത്രീ സമൂഹത്തിന് വളരെ പ്രാധാന്യമേറിയതാണ്.

ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായ ഒരാള്‍ക്ക് സാക്ഷരതയിലും രാഷ്ട്രീയ ബോധത്തിലും മുന്‍സീറ്റിലെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ വന്ന് ഇങ്ങനെ പറയേണ്ടി വന്ന ദുരവസ്ഥ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന വലിയ ചോദ്യം അവള്‍ നമുക്ക് മുന്നില്‍ വെക്കുന്നുണ്ട്.

പ്രതിപ്പട്ടികയില്‍ പ്രധാനിയായ ദീലിപിന് വേണ്ടി സംഘടിതമായി വെള്ളപൂശല്‍ ശ്രമങ്ങളാണ് നടക്കുന്നത്. ഒരു ബലാത്സംഗ കേസില്‍ പ്രതിയായ ഒരാള്‍ക്ക് പൊതു ഇടത്തില്‍ നിരന്തരം വാഴ്ത്തുപാട്ടുകളുണ്ടാകുമ്പോള്‍ പരിശോധിക്കപ്പെടേണ്ടത് ഒരു സമൂഹത്തിന്റെ മാനസിക ആരോഗ്യം കൂടിയാണ്. ഒരു ഘട്ടം മുതല്‍ കേസില്‍ മുഖ്യധാര മാധ്യമങ്ങള്‍ നടത്തുന്ന നിശബ്ദത എന്തുകൊണ്ടാണ് എന്ന ചോദ്യവുമുണ്ട്.

സമൂഹത്തിലെ ഉന്നതരും ചലചിത്ര മേഖലയിലെ പ്രമുഖരും നടത്തിയ ജയില്‍ തീര്‍ത്ഥാടനം ഈ സമൂഹത്തോട് എന്താണ് പറയുന്നത്? വിചാരണ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ കൂട്ടമായ് കൂറുമാറുന്ന സാക്ഷികള്‍ ഒറ്റുകൊടുക്കുന്നത് ആരെയാണ്.

നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും എന്ന അവരുടെ വാക്കുകള്‍ ശക്തമാണ്. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടാകുമ്പോള്‍ ഒപ്പം നില്‍ക്കേണ്ടതുണ്ട്. അക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് വേണ്ടിയായിരുന്നില്ല സിനിമാ മേഖലയില്‍ നിന്ന് ഉയര്‍ന്നു കേണ്ട ശബ്ദം അത് ചോദ്യം ചെയ്ത ഡബ്ല്യുസിസിയും അതിലെ അംഗങ്ങളും നേരിടേണ്ടി വന്നതും വലിയ ആക്രമണമായിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കേണ്ടത് ഡബ്ല്യുസിസിയുടെ മാത്രം ഉത്തരവാദിത്തമല്ല. ഹേമ കമ്മീഷന്‍ പോലുള്ള കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവയ്ക്കുന്നത് ഡബ്ല്യുസിസി അംഗങ്ങളുടെ മാത്രം പ്രശ്‌നവുമല്ല. അതിജീവിച്ചവള്‍ക്കൊപ്പം നിലയുറപ്പിക്കുക എന്നത് ഡബ്ല്യുസിസി പോലൊരു ജെന്‍ഡര്‍ മൂവ്‌മെന്റിന്റെ മാത്രം ഉത്തരവാദിത്തമല്ല.

''അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. എന്റെ ശ്ബദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് അറിയുന്നു,'' എന്നാണ് നടി പറഞ്ഞത്. അതെ നിരയായുള്ള മഞ്ഞ നിറത്തിലുള്ള സ്റ്റാറ്റസുകള്‍ പോലും പ്രതിഷേധമാണ്, പ്രതിരോധമാണ്. അവള്‍ക്കൊപ്പമെന്ന ഉറച്ച ശബ്ദങ്ങള്‍ ഇനിയുമുണ്ടാകുക തന്നെ വേണം.

Related Stories

No stories found.
logo
The Cue
www.thecue.in