

സ്ഥാനങ്ങളോ പദവികളോ നോക്കിയുള്ള രാഷ്ട്രീയ പ്രവർത്തനം തന്റെ ശൈലിയല്ല. കുട്ടികാലം മുതൽ ഇതുവരെ പാർട്ടിയിൽ അടിയുറച്ചാണ് പ്രവർത്തിച്ചത്. തന്റെ മത്സരം കൊണ്ട് കേരളത്തിൽ പ്രത്യേക മുന്നേറ്റം ഉണ്ടാക്കുമെന്ന് നേതൃത്വം പറയുമെന്ന് താൻ കരുതുന്നില്ലെന്നും ദ ക്യു എഡിറ്റര്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തിൽ കെ.സി.വേണുഗോപാൽ പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമുള്ളതായി കരുതുന്നില്ല. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയാനാകും. അവിടെ തന്റെ സ്ഥാനാർത്ഥിത്വം ചർച്ചയാകേണ്ട കാര്യമില്ല. പാർട്ടി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നും കെ.സി.വേണുഗോപാൽ എംപി പറഞ്ഞു
ജനങ്ങളെ ദുരിതത്തിലാക്കിയ ഇടത് ദുർഭരണം അവസാനിപ്പിക്കുക എന്നത് മാത്രമാണ് യുഡിഎഫ് ലക്ഷ്യം. അവിടെ ആര് മുഖ്യമന്ത്രി ആകണമെന്ന ഒരു ചർച്ച നിലവിലില്ല. ഒരു വ്യക്തിയെ മാത്രം പ്രൊജക്റ്റ് ചെയ്യുക എന്നത് കോൺഗ്രസ് ശൈലിയല്ല. ഏറ്റവും അനുയോജ്യനായ ആളെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.