പത്മരാജൻ സാർ ജീവിച്ചിരുന്ന കാലത്തെല്ലാം ചെയ്യുന്ന ഓരോ സിനിമയെക്കുറിച്ചും ഉപദേശം തേടിയിരുന്നു; ജയറാം അഭിമുഖം

Summary

പത്മരാജൻ സാർ ജീവിച്ചിരിക്കുന്ന കാലത്ത് ഞാൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. പോയ ശേഷം ഞാൻ ആരോട് ചോദിക്കാനാണ്? ഒരു ​ഗുരുനാഥനെ മാത്രമല്ല എനിക്ക് നഷ്ടപ്പെട്ടത്, അതിനൊക്കെ മുകളിലുള്ള ഒരാളെയാണ്. ഏത് പാതിരാത്രിയും എന്ത് കാര്യവും എനിക്ക് ചോദിക്കാവുന്ന ഒരു സ്ഥലം കൂടിയായിരുന്നു അദ്ദേഹം. എനിക്ക് അടുപ്പിച്ച് കുറേ സിനിമകൾ പരാജയമായ സമയത്ത്, തൃശ്ശൂർ രാമ നിലയത്തിൽ അദ്ദേഹം ​ഗന്ധർവ്വൻ സിനിമയുടെ പ്രമോഷനുമായിട്ട് ബന്ധപ്പെട്ട് നിതീഷ് ഭരദ്വാജുമായിട്ട് കാലിക്കട്ടിലേക്ക് പോകുന്ന സമയം. അന്ന് ഭരതേട്ടന്റെ കേളി എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടക്കുകയാണ്. അവിടുന്ന് ഞാൻ അദ്ദേഹത്തെ കാണാൻ പോയി. അവിടെ ചെന്ന് ഒരു ബെഡ്ഡിൽ ഇരുന്ന എന്നോട് അദ്ദേഹം എന്താടാ എന്ന് ചോദിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി. ഞാൻ പറഞ്ഞു, കുറേ പടങ്ങൾ എനിക്ക് പരാജയം വന്നു എന്ന്. അതൊക്കെ പോട്ടെടാ.. പോയി പണി നോക്കാൻ പറ, അടുത്തത് നമ്മൾ തകർക്കും, നിന്നെ വച്ചിട്ടാണ് ഞാൻ അടുത്ത പടം പ്ലാൻ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായിട്ടുള്ള ഒരു കഥയായിരുന്നു അത്. കേരളത്തിന്റെ ഒരു സ്പോർട്ട്സ് ടീമിനെയും കൊണ്ട് ഞാൻ ട്രെയ്നിൽ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുന്നു. മുഴുവൻ കഥയും പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടു. ഇത് നമ്മൾ സൂപ്പർ ഹിറ്റടിക്കുമെടാ എന്ന് പറഞ്ഞ് എനിക്ക് ധെെര്യം തരുകയാണ് അദ്ദേഹം. ഒരു അച്ഛനെപോലെയോ അല്ലെങ്കിൽ ഒരു​ ​ഗുരുനാഥനെപ്പോലെയോ അങ്ങനെ ഒരു ധെെര്യം തരാൻ എനിക്ക് പിൻകാലത്ത് ആരുമുണ്ടായിരുന്നില്ല.

logo
The Cue
www.thecue.in